കളിയിൽ തോറ്റാൽ കരയുന്നവരാണോ നിങ്ങളുടെ കുട്ടികൾ? അവരെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തൂ...

ഏണിയും പാമ്പും കളിക്കുകയായിരുന്നു അമലും ചേച്ചി അലമേലുവും. കളിയിൽ ചേച്ചിയാണ് ജയിച്ചത്. ഉടനെ അമൽ ഡൈസും കരുക്കളും ബോർഡുമെല്ലാം തട്ടിത്തെറിപ്പിച്ചു. കൂടാതെ അലമേലുവിനെ

മാന്തുകയും പിച്ചുകയുമൊക്കെ ചെയ്തു. ചില കുട്ടികൾ ഇങ്ങനെയാണ്. എപ്പോഴും അവർക്കു തന്നെ ജയിക്കണം. കളിക്കിടയിലെ ചെറിയ തോൽവികൾ പോലും അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. ഇക്കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കൂ.

     കളിയിലും മത്സരപ്പരീക്ഷകളിലും മറ്റും തോൽക്കുമ്പോൾ കുട്ടികളെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. അത് തോൽക്കുന്നത് മോശമാണെന്നും വലിയ കുറ്റമാണെന്നുമുള്ള തോന്നൽ അവരിൽ ഉണ്ടാക്കും. ചെറിയ ചെറിയ തോൽവികൾ സ്വാഭാവികമാണെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊടുക്കുക. ചെറിയ തോൽവികളെ ഉൾക്കൊള്ളാൻ അവരെ പരിശീലിപ്പിച്ചില്ലെങ്കിൽ മുതിരുമ്പോൾ പല പ്രശ്‌നങ്ങളെയും അവർക്ക് നേരിടാൻ കഴിയാതെ വരും. പല മാനസികപ്രശ്‌നങ്ങൾക്കും അത് ഇടയാക്കും.

    മറ്റുള്ളവരുടെ വിജയത്തിൽകൂടി സന്തോഷിക്കാൻ അവരെ പഠിപ്പിക്കണം. തോൽക്കുമ്പോൾ കരയുകയും വഴക്കിടുകയും ചെയ്യുന്നതാണ് തോറ്റതിനെക്കാൾ നാണക്കേടെന്ന് അവർ തിരിച്ചറിയണം. തോൽവി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അപ്പോഴാണെന്ന് അവർ മനസ്സിലാക്കട്ടെ. ജയിച്ചവരെ അഭിനന്ദിക്കുമ്പോഴാണ് നമ്മൾ വലിയവരാകുന്നതെന്ന് അവർക്ക് പറഞ്ഞുകൊടുക്കണം. തോൽക്കാൻ ഉണ്ടായ കാരണങ്ങൾ കണ്ടെത്തി അടുത്ത തവണ പരിഹരിക്കാൻ അവർ ശ്രമിക്കട്ടെ.

   കുട്ടികൾക്ക് പരീക്ഷയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന് ആദ്യം അച്ഛനമ്മമാർ തിരിച്ചറിയണം. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് പഠിക്കാൻ അവരെ സഹായിക്കുക. അവരുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കണം.

Content Highlights: Avoid mocking or scolding children for losing games., Normalize failure as a natural part of growth., Teach children to celebrate others' victories., Encourage analyzing the cause of failure for future improvement., Shift parental focus from grades to individual effort and progress.