കുട്ടികൾ അവധിദിവസം മുഴുവൻ അയൽപക്കത്താണോ? അറിയേണം ഇക്കാര്യങ്ങൾ

ഞായറാഴ്ച രാവിലെ ഭക്ഷണം കഴിച്ചതും മീനുക്കുട്ടി അടുത്ത വീട്ടിലേക്ക് ഓടി. ''ഇനി ഉച്ചവരെ നോക്കണ്ട'' അമ്മ പറഞ്ഞു! പല കുട്ടികളും അവധിദിവസങ്ങൾ മുഴുവൻ ചെലവഴിക്കുന്നത് അയൽപക്കങ്ങളിലാണ്. ഇക്കാര്യത്തിൽ ചിലത് ശ്രദ്ധിക്കാം. കുട്ടികൾ അയൽപക്കത്തുകളിക്കാൻ പോകുമ്പോൾ വീട്ടിലെ ശല്യം ഒഴിവാകുമെന്നു കരുതുന്നവരാണ് ചില മാതാപിതാക്കളെങ്കിലും. ആ ചിന്ത മാറ്റണം. നിങ്ങളുമായുള്ള സൗഹൃദത്തിന്റെ പേരിൽ ചിലപ്പോൾ അയൽക്കാർ അവരുടെ നീരസം പ്രകടിപ്പിക്കാത്തതാകാം. മോൻ/മോൾ എപ്പോഴും അവിടെ ചെല്ലുന്നത് ആന്റിക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞുകൊടുക്കാം.

ഇടയ്ക്കിടെ ചങ്ങാതിമാരെ കൂട്ടി നിങ്ങളുടെ വീട്ടിൽ വന്ന് കളിക്കാൻ അനുവദിക്കാം. മറ്റുവീടുകളിൽ ചെല്ലുമ്പോൾ അവർക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ ഒച്ചവയ്ക്കുകയോ അവിടുള്ള സാധനങ്ങൾ എടുക്കുകയോ ചെയ്യരുതെന്ന് പറയണം. ചില ദിവസങ്ങളിൽ അടുക്കളപണിക്ക് സഹായിയായി അവരെ കൂട്ടുകയോ അവരോടൊപ്പം കളിക്കുകയോ ചെയ്യാം. അയൽവീടുകളിൽ ആരൊക്കെ ഉണ്ടെന്നും അതിഥികളാരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. കളിക്കിടയിൽ എന്തൊക്കെ ഉണ്ടായെന്ന് കുട്ടികളോട് കുശലാന്വേഷണങ്ങളും നടത്തണം.

Content Highlights: Teach children to respect the privacy and boundaries of neighbours