റിയൽ വില്ലനാണീ റീലുകൾ. ഒപ്പം സീരീസുകളും ഗെയിമുകളും!

സ്മാർട്ഫോണുകളുടെയും ഗാഡ്ജറ്റുകളുടെയും അനിയന്ത്രിതമായ ഉപയോഗത്തിന്റെ കാലഘട്ടത്തിലാണ് നമ്മൾ ഇന്നുള്ളത്. ഇവ മാറ്റിനിർത്താൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. രക്ഷിതാക്കളുടെ നിരീക്ഷണത്തിലല്ലാതെയുള്ള സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളെ കൊണ്ടെത്തിക്കുന്നത് വലിയ ചതിക്കുഴികളിലേക്കാണ്. അവയിൽ ഇരകളാകുന്ന കുട്ടികളുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നുണ്ട്.
കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ
അനുകരണം: സ്‌ക്രീനിൽ കണ്ടതുപോലെ അഭിനയിക്കുക, ഇൻഫ്‌ളുവൻസർ, ഗെയിംസ് കഥാപാത്രങ്ങൾ, റീൽസ് ക്രിയേറ്റർ, ട്രെൻഡിങ് ഡാൻസ് ചലഞ്ച്, പ്രാങ്ക് തുടങ്ങിയവ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കും. വേഷം, ഭാഷാശൈലി, ജീവിതശൈലി തുടങ്ങിയവ ജീവിതത്തിൽ പകർത്തുന്നു. മറ്റുള്ളവരെ അനുകരിച്ച് ക്രമാതീതമായ ഭക്ഷണനിയന്ത്രണത്തിലൂടെ ശരീരഘടന മാറ്റം വരുത്താൻ ശ്രമിക്കുന്നതായും കണ്ട് വരുന്നു.
മാറ്റിവെക്കലുകൾ: കുട്ടികളുമായി സംസാരിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് 'പിന്നീട് നോക്കാം, പിന്നീട് ചെയ്യാം' എന്നിവ. എന്തുകാര്യം പറഞ്ഞാലും അത് ചെയ്യാനുള്ള താത്പര്യക്കുറവ്, മാറ്റിവെക്കലുകൾ എന്നിവയ്ക്കും സോഷ്യൽ മീഡിയ ഒരു പരിധിവരെ കാരണമാകുന്നു.
ടൈം മാനേജ്മന്റ്: സമയം കൃത്യമായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ, ദൈർഘ്യമേറിയ സ്‌ക്രീൻ ഉപയോഗം എന്നിവ ദിനചര്യകളെ ബാധിക്കുന്നു. അനാവശ്യമായ ചിന്തകളിൽ മുഴുകി സമയം നഷ്ടപ്പെടുത്തി ചെയ്യുന്ന പ്രവൃത്തി പൂർത്തീകരിക്കാൻ പറ്റാതിരിക്കുക. പ്രശ്നങ്ങളിൽപ്പെടുമ്പോൾ കൃത്യമായി തീരുമാനം എടുക്കാനും പരിഹരിക്കാനും പറ്റാത്ത അവസ്ഥ, ചെറിയ പ്രശ്നം പോലും നിസാരമായി പരിഹരിക്കാൻ പറ്റാതാവുക.
പഠനത്തിലെ താത്പര്യക്കുറവ്: ശ്രദ്ധ കേന്ദ്രീകരിച്ച് സമയമെടുത്ത് ആവർത്തിച്ചുള്ള പഠനം ഇന്ന് ബുദ്ധിമുട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. പക്ഷെ ഗെയിമിൽ തോൽവി നേരിടുമ്പോൾ വീണ്ടും തുടരാമെന്നും റീൽസാണെങ്കിൽ ഒന്നര സെക്കൻഡ്‌സ് കഴിഞ്ഞാൽ അടുത്തത് വരുമെന്നും ഉള്ള പ്രതീക്ഷയിൽ പഠനം ബോറിങ് ആയി മാറുന്നു. ക്ഷമ, കാത്തിരിപ്പ് എന്നിവ ഇന്ന് ബുദ്ധിമുട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. തങ്ങൾ ആഗ്രഹിച്ചതെല്ലാം പെട്ടന്ന് കിട്ടുമെന്ന പ്രതീക്ഷ ജീവിതവിജയത്തെ തന്നെ ബാധിക്കുന്നു.
പെരുമാറ്റ പ്രശ്നങ്ങൾ: സ്‌ക്രീൻ മാറ്റിവെക്കാൻ ആവശ്യപ്പെട്ടാൽ ദേഷ്യപ്പെടുക, അക്രമപരമായ പെരുമാറ്റം, കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായി ആഴമുള്ള ബന്ധം നിലനിർത്താതെ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് മാറി നിൽക്കുക. സ്‌ക്രീൻ ഉപയോഗം അതിരുകടക്കുമ്പോൾ മറ്റുള്ളവരുമായുള്ള സ്നേഹം, കരുണ, സഹാനുഭൂതി ഇവയിലെല്ലാം മാറ്റങ്ങൾ കാണപ്പെടുന്നു.
അമിതമായ പേടി: ഹൊറർ ഗെയിമുകളിൽ കുട്ടികളെ ആകർഷിക്കുന്നത് അജ്ഞാതഭയം, ത്രിൽ, വ്യത്യസ്ത അനുഭവങ്ങൾ തുടങ്ങിയവയാണ്. ഈ ഗെയിമുകൾ ആസ്വദിക്കുന്നതിൽ അതിരുകടക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. ഹൊറർ ഗെയിമുകൾ കളിക്കുന്ന കുട്ടികളിൽ രാത്രിയിലെ പേടികളും, പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും സ്ഥിരം സംഭവങ്ങളായി മാറുന്നു. ഗെയിമുകളിൽ കാണുന്ന ക്രൂരതയും അകാരണമായ ഭീതിയും, ഉത്കണ്ഠ ഉയർത്തുന്നു. അക്രമപരമായ സന്ദേശങ്ങളും, ദൃശ്യങ്ങളും അക്രമ സ്വഭാവം അനുകരിക്കാനുള്ള സാധ്യത ഉണ്ടാകുന്നു.
ആത്മവിശ്വാസമില്ലായ്മ: തങ്ങളുടെ കഴിവിനെക്കുറിച്ച് ബോധവാന്മാരാവാതിരിക്കുക, സ്‌ക്രീൻ ടൈം കൂടുന്നത് കാര്യങ്ങൾ കൃത്യമായി ചെയ്യാനുള്ള ആത്മധൈര്യം ഇല്ലാതാക്കുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ: തലവേദന, ഉറക്കമില്ലായ്മ, ശാരീരിക വേദനകൾ, ഭക്ഷണത്തിനോട് താത്പര്യമില്ലായ്മ, ഓവർ സ്റ്റിമുലേഷൻ
പരിഹാരമാർഗങ്ങൾ
- സമയം നിയന്ത്രിക്കുക: സ്‌ക്രീൻ ഉപയോഗത്തിന് ഒരു പരിധി നിശ്ചയിക്കുക, സ്‌ക്രീൻ ഉപയോഗം പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും നിയന്ത്രണം കൊണ്ടുവരാം. ഭക്ഷണസമയം, പഠന സമയം എന്നിവ കൃത്യമായി പാലിക്കുക. ഉറക്കത്തിനുമുൻപ് സ്‌ക്രീൻ ഉപയോഗം ഒഴിവാക്കണം.
- ഹോബികൾക്ക് മുൻഗണന നൽകുക: വായന, ചിത്രരചന, സംഗീതം, നൃത്തം, കായികപ്രവർത്തനം തുടങ്ങിയ ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക., കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ അടുക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുക. പാർക്കുകൾ, ക്ലബ്, ഗ്രൂപ്പ് ആക്ടിവിറ്റികൾക് അവസരം നൽകുക.
- മാതാപിതാക്കൾ മാതൃകയാവുക: സ്‌ക്രീൻ സമയത്തിന്റെ കാര്യത്തിൽ മാതാപിതാക്കളും സ്വയം നിയന്ത്രണം പാലിക്കണം. കുട്ടികളുടെ മുമ്പിൽ വെച്ചുള്ള അമിതമായ മൊബൈൽ ഉപയോഗം അവർക്കും അതിനുള്ള താത്പര്യം വർധിപ്പിക്കും. നിർബന്ധമായും കുട്ടികളുടെ കൂടെ ദിവസവും സമയം ചിലവഴിക്കുന്നുണ്ട് എന്ന ഉറപ്പുവരുത്തുക. ഇത് കുട്ടികൾക്ക് മാതാപിതാക്കളുമായുള്ള അടുപ്പം കൂട്ടാൻ സഹായിക്കും.
ഇത്തരം മാർഗങ്ങൾ ശ്രമിച്ചിട്ടും സ്‌ക്രീൻ ഉപയോഗം നിയന്ത്രണാതീതമായ സാഹചര്യമാണെങ്കിൽ വിദഗ്ദരുടെ സഹായം തേടേണ്ടതാണ്.
Content Highlights: Excessive screen time leads to behavioral changes, procrastination, and lack of focus in studies.