അതിഥികൾ വരുമ്പോൾ മിണ്ടാതെ മറഞ്ഞിരിക്കുന്നവരാണോ നിങ്ങളുടെ കുട്ടികൾ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ

വീട്ടിൽ അതിഥികൾ വരുമ്പോഴും ഏതെങ്കിലും സദസ്സിൽ എത്തപ്പെടുമ്പോഴും അച്ഛനമ്മമാരുടെ പിന്നിൽ മറഞ്ഞിരിക്കാറുള്ള കുഞ്ഞുങ്ങളുണ്ട്. വീട്ടിൽ മിടുമിടുക്കരായ ഇക്കൂട്ടർ പുറത്തിറങ്ങുന്നതോടെ ആളാകെ മാറും. ഇത് മാറ്റിയെടുക്കാൻ ചില വഴികളുണ്ട്...
- വീടിനുള്ളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നയത്ര എളുപ്പത്തിൽ പുറംലോകത്ത് ഇടപെഴകാൻ കഴിയാതെവരുന്നതാണ് കുട്ടികളുടെ പ്രധാന പ്രശ്നം. വീടിന് പുറത്തെ ലോകവുമായി പരിചയത്തിലാകാൻ അവരെ സഹായിക്കുകയാണ് ഇക്കാര്യത്തിൽ പ്രധാനം.
- വീട്ടിൽനിന്ന് വല്ലപ്പോഴും മാത്രം പുറത്തിറങ്ങുന്ന ഒരു കുട്ടിക്ക് പെട്ടെന്നൊരുദിവസം ആൾക്കൂട്ടത്തിനിടയിൽ സ്വതന്ത്രമായി ഇടപഴകാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ ആ അപരിചിതത്വം ഇല്ലാതാക്കാനാണ് അച്ഛനമ്മമാർ ആദ്യം ശ്രമിക്കേണ്ടത്.
- വീട്, സ്കൂൾ എന്നീ രണ്ട് ലക്ഷ്യങ്ങളിലാണ് പലപ്പോഴും കുഞ്ഞുങ്ങളുടെ യാത്രകൾ അവസാനിക്കാറുള്ളത്. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടിക്കൊപ്പം പുറത്തേക്ക് ചെറിയ യാത്രകൾ നടത്തുക. കല്യാണങ്ങൾ പോലുള്ള ആഘോഷങ്ങളിൽ അവരെ കൂടെക്കൂട്ടാം.
- ആളുകളുമായി സംസാരിക്കാനും ചങ്ങാത്തങ്ങൾ ഉണ്ടാക്കിയെടുക്കാനും അവർക്ക് അവസരം നൽകുകതന്നെവേണം.
- ഹലോ, ഗുഡ്മോണിങ്, ഗുഡ്ഈവനിങ് തുടങ്ങിയ ആശംസാവാക്കുകളും അവർക്ക് പരിചയപ്പെടുത്തണം. പെരുമാറ്റത്തിലും സംസാരത്തിലുമുള്ള മാന്യത ഒരു നല്ല സാമൂഹികശീലമായി കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുക. അതിന് അച്ഛനമ്മമാർതന്നെയാകണം മികച്ച മാതൃക.
- ആത്മവിശ്വാസത്തോടെയുള്ള ആശയവിനിമയശേഷി വ്യക്തിത്വത്തിന്റെ പ്രധാന ഘടകമാണ്. വീടിനുള്ളിലും പുറത്തും ഒരുപോലെ മിടുമിടുക്കരായി വളരാൻ അവർക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാം.
Content Highlights: Expose children to social gatherings gradually beyond home and school.