സിലബസിന് പുറത്തുള്ള ലോകം കൂടി പരിചയപ്പെടുത്തി നമ്മുടെ കുട്ടികളെ എങ്ങനെ മിടുക്കരായി വളർത്താം

ഹോംവർക്കുകളെയും പരീക്ഷകളെയും കുഞ്ഞുങ്ങളുടെ അറിവിന്റെയും മിടുക്കിന്റെയും അളവുകോലായാണ് മിക്ക രക്ഷിതാക്കളും കരുതുന്നത്. എന്നാൽ പഠനം സിലബസിന്റെ പരിധിക്കുള്ളിൽ തളച്ചിടേണ്ടതല്ലെന്നകാര്യം അച്ഛനമ്മമാർ ഓർക്കുക. മിടുമിടുക്കരായി വളരാൻ പുസ്തകങ്ങൾക്കു പുറത്തുള്ള ലോകംകൂടി അവർക്ക് പരിചയപ്പെടുത്തണം.
കുട്ടിയുടെ അഭിരുചിക്കനുസരിച്ച് കലയിലും കായികയിനങ്ങളിലും താത്പര്യം വളർത്തിയെടുക്കുന്നത് അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് ഗുണം ചെയ്യും.
കുഞ്ഞുങ്ങളിൽ വായനാശീലം വളർത്തിയെടുക്കണം. കുരുന്നുഭാവനയിൽ വിരിയുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ, അത് ഒരു ചിത്രമോ കഥയോ കവിതയോ എന്തുമാകട്ടെ, കടലാസിലേക്ക് പകർത്താൻ പരിശീലിപ്പിക്കുകയുമാകാം. ഇത് അവരുടെ മാനസികവികാസത്തെ പോഷിപ്പിക്കും.
ദിവസേന നിശ്ചിതസമയം കൂട്ടുകാരോടൊപ്പം പുറത്ത് കളിക്കാനും അവർക്ക് അവസരം നൽകണം. ഒഴിവുസമയം വീട്ടിനുള്ളിൽതന്നെ ചെലവഴിക്കുന്ന കുട്ടികളെക്കാൾ കൂട്ടംകൂടിയുള്ള കളികളിൽ ഏർപ്പെടുന്ന കുട്ടികൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായി വളർന്നുവരാറുണ്ട്.
പൂന്തോട്ടപരിപാലനം, നുറുങ്ങു കൃഷിപ്പണികൾ എന്നിവയിലൊക്കെ മുതിർന്നവർക്ക് കുഞ്ഞുങ്ങളെ സഹായികളായി ഒപ്പം കൂട്ടാം. പ്രകൃതിയോടിണങ്ങി വളരാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും.
കളരിയും കരാട്ടെയും പോലുള്ള ആയോധനകലകളിലും കഴിയുമെങ്കിൽ അവർക്കു പരിശീലനം നൽകാം. മെയ്‌വഴക്കത്തിനും സ്വയംപ്രതിരോധത്തിനും ഇത് സഹായിക്കും.
എന്തുകാര്യവും നിർബന്ധപൂർവം കുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കുകയാണ് ഇവിടെ പ്രധാനം. അറിവിന്റെ മേടുകൾ വിശാലമാണ്. അവ കുഞ്ഞുങ്ങൾക്ക് അപ്രാപ്യമാക്കാതിരിക്കുക.
Content Highlights: Prioritize holistic development over academic grades alone., Encourage extracurricular activities like sports and arts for physical and mental well-being