ആഹാരം അലർജിയോ? കുട്ടികളിൽ കാണപ്പെടുന്ന പലതരം അലർജികൾ, കാരണങ്ങൾ

പലതരം അലർജികൾ ഉണ്ടാകുന്ന കുട്ടികൾ നമുക്കുചുറ്റുമുണ്ട്. കുട്ടികളിൽ അലർജി ഉണ്ടാക്കുന്ന ചില കാരണങ്ങൾ പരിശോധിക്കാം
1) ചർമത്തിലെ തിണർപ്പ് (Urticaria)
കുട്ടികളിൽ ഏറെ കാണുന്ന ഒരുതരം അലർജിയാണ് ഇത്. ചർമത്തിൽ അവിടവിടെയായി ചൊറിച്ചിലോടെ തിണർത്ത് പൊന്തിവരുന്നതാണ് ലക്ഷണം. (ചൊറിയണം തൊട്ടാലോ, ചൊറിയൻ പുഴു അരിച്ചാലോ ഉണ്ടാകുന്ന തിണർപ്പുപോലെ).
വിരശല്യം, ഇൻഫെക്ഷൻ (bacterial/ viral/ parasitic/ fungal) ചിലതരം മരുന്നുകൾ എന്നിവ കാരണം ഇതുണ്ടാകാം. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്.
2)ഭക്ഷണത്തിലെ അലർജി (Food allergy)
ചിലതരം ഭക്ഷണപദാർഥങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കുന്നു.
- പാൽ, മുട്ട, നിലക്കടല, ഷെൽഫിഷ്, സോയാബീൻ, കൈതച്ചക്ക എന്നിങ്ങനെ പലതിനും അലർജി കാണാറുണ്ട്.
- ഛർദി, വയറുവേദന, വയറിളക്കം, മലത്തിൽ ചോര തുടങ്ങിയ രോഗലക്ഷണങ്ങളും ഉണ്ടാകും. കൂടാതെ, തൊലിപ്പുറത്ത് തിണർപ്പും ചൊറിച്ചിലും അനുഭവപ്പെടാം.
- അലർജി ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കണ്ടെത്തി ഒഴിവാക്കുക.
- ഗർഭകാലത്ത് സമീകൃതാഹാരം കഴിക്കുന്ന അമ്മമാരുടെ കുട്ടികളിൽ ഇത്തരം അലർജി കുറവാണ്.
- മുലയൂട്ടൽ ഒരു പരിധിവരെ ഇത്തരം അലർജികൾ വരാതിരിക്കാൻ നല്ലതാണ്.
- അലർജി ഉണ്ടാക്കാനിടയുള്ള ഭക്ഷണങ്ങൾ ഒരുവയസ്സിന് മുൻപുതന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അലർജി വരാതിരിക്കാൻ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
3) പശുവിൻപാൽ അലർജി (Cow's Milk Protein Allergy):
ശിശുക്കളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫുഡ് അലർജിയാണ് പശുവിൻപാൽ അലർജി. മുലയൂട്ടുന്ന അമ്മമാർ പശുവിൻപാൽ കുടിച്ചാൽപോലും അവരുടെ കുഞ്ഞുങ്ങൾക്ക് ഈ അലർജിമൂലമുള്ള ബുദ്ധിമുട്ട് ഉണ്ടാകാം. മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ മലത്തിൽ ചോര പോകുന്നത് മാത്രമായി പശുവിൻപാൽ അലർജി കാണാറുണ്ട്. അതേസമയം, ആറുമാസംവരെ മുലപ്പാൽ മാത്രം കുടിച്ച കുട്ടികളിൽ പശുവിൻപാൽ അലർജി താരതമ്യേന കുറവാണ്.
ഈ അലർജിയുടെ പ്രധാന ലക്ഷണങ്ങൾ:
- ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ, ചുമ, ശ്വാസംമുട്ടൽ, മൂക്കൊലിപ്പ്, ഛർദി, വയറുവേദന.
- ഈ അലർജിയുള്ള കുട്ടികൾ പശുവിൻപാൽ പൂർണമായും ഒഴിവാക്കണം. എന്നാൽ, ഇത് കാലക്രമേണ മാറാനും സാധ്യതയുണ്ട്. പകുതിയിലധികം കുട്ടികളിലും ഒരു വയസ്സാകുമ്പോഴേക്കും ഈ അലർജി മാറിപ്പോകും. 90% കുട്ടികളും ആറുവയസ്സോടെ ഇതിൽനിന്ന് മുക്തരാകും.
4)അനാഫിലാക്‌സിസ് (Anaphylaxis) അലർജി:
പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ഇത് ജീവന് ഭീഷണിയാകാവുന്ന അലർജിയാണ്. ചില മരുന്നുകളുടെ കുത്തിവെപ്പുമൂലം രോഗിയുടെ മരണം സംഭവിക്കുന്നത് ഇത്തരം അലർജിമൂലമാണ്. ശ്വാസോച്ഛ്വാസം, രക്തചംക്രമണം, കിഡ്നി, കരൾ എന്നിവയുടെ പ്രവർത്തനത്തെ എല്ലാം ബാധിക്കുന്നതാണ് ഇത്. ഈ അവസ്ഥയിൽ പെട്ടെന്ന് രോഗിക്ക് CPR അടക്കമുള്ള അടിയന്തര ചികിത്സ ലഭ്യമാക്കണം. അടിയന്തര സഹായത്തിന് 112 ൽ വിളിക്കേണ്ടതും ഇത്തരം സന്ദർഭങ്ങളിലാണ്.
ഈ അലർജികൾ എല്ലാംതന്നെ അത് ഉണ്ടാകുന്ന കുട്ടികളുടെ ദേഹപ്രകൃതിമൂലമാണ് എന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങൾ (Allergen exposure) ഒഴിവാക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെല്ലാം മെച്ചപ്പെട്ട മരുന്നുകൾ ലഭ്യമാണ്. എന്നാൽ ചികിത്സ പലപ്പോഴും മരുന്നു
കൊണ്ട് മാത്രമല്ല, ജീവിതശൈലിമാറ്റങ്ങളും അനിവാര്യമാണെന്ന് നാം ഉൾക്കൊള്ളണം.
Content Highlights: Overview of common childhood allergies like Urticaria and food sensitivities