അസ്ഥികൂടം കൈയിൽ പിടിച്ച് അവൾ ആളുകളെ നോക്കി അലറി:''ഇതിന് ഞാൻ പ്രതികാരം ചെയ്തിരിക്കും”

അങ്ങാടിയിലെ സംഘട്ടനത്തിനു ശേഷം വനതി എന്ന ദുർമന്ത്രവാദിനിയെക്കുറിച്ച് കൂടുതലറിയണമെന്ന് നിളയ്ക്ക് തോന്നി. ആളുകൾ പറയുന്നതിലപ്പുറം മറ്റെന്തോ നിഗൂഢത അവൾക്കു ചുറ്റുമുണ്ടെന്ന് നിളയ്ക്ക് തോന്നി. വനതിയെ പറ്റി കാര്യമായൊന്ന് പഠിക്കണമെന്ന് അവൾ തീരുമാനിച്ചു. കണ്ണാടിയിലെ ആദ്യത്തെ അവധിക്കാലം ഇത്തിരി സാഹസികത കൊണ്ട് അവിസ്മരണീയമാക്കാമെന്ന് അവൾ മനസിൽ പദ്ധതിയിട്ടു.
അതിന്റെ തുടക്കമെന്നോണം കിട്ടാവുന്ന വിവരങ്ങളെല്ലാം അവൾ ശേഖരിച്ചു. ആളുകളോട് സൂത്രത്തിൽ ഓരോന്ന് ചോദിച്ച് മനസിലാക്കി. ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തവും കെട്ടുകഥകളേക്കാൾ വിചിത്രവും വിസ്മയകരവുമായിരുന്നു. പക്ഷേ, എല്ലാവരും ഒരു കാര്യത്തിൽ മാത്രം ഒരേ അഭിപ്രായക്കാരായിരുന്നു. വനതി കണ്ണാടിക്കാട്ടിൽ ദുർമന്ത്രവാദം നടത്തുകയാണ്. നാടിനെ ദുഷിപ്പിക്കുകയാണ്.
പലയിടത്തുനിന്നായി കിട്ടിയ വിവരങ്ങൾ ചേർത്തുവെച്ച് വനതിയെ പറ്റി നിള ഒരു ഏകദേശചിത്രം തയ്യാറാക്കി. അതുപ്രകാരം ഇരുപത് വയസ് വരെ വനതി സാധാരണ പെൺകുട്ടി തന്നെയായിരുന്നു. ആരോടും അധികം കൂട്ടില്ലാത്ത, പഠിക്കാൻ മിടുക്കിയായ കുട്ടി. സ്‌കൂളിലെ അധ്യാപകർക്കെല്ലാം പ്രിയപ്പെട്ട വിദ്യാർത്ഥിനി. ഒഴിവുസമയങ്ങളെല്ലാം അവൾ കണ്ണാടിക്കാട്ടിലാണ് ചെലവഴിച്ചിരുന്നത്.
കണ്ണാടിക്കാട് എന്ന് പറയുന്നത് പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു കാടാണ്. അതിനെ പറ്റി പലകഥകളും പ്രചരിക്കുന്നുണ്ട്. ബുദ്ധൻ കുറേ കാലം അവിടെ പാർത്തിരുന്നത്രേ. ബുദ്ധന്റെ ഉപദേശങ്ങൾ കേൾക്കാൻ ആളുകൾ ആ ഉപവനത്തിലേക്ക് ഒഴുകിയിരുന്നു എന്നാണ് കേട്ടുകേൾവി. അന്നത് അത്യാവശ്യം വലിപ്പമുള്ള കാടായിരുന്നു. ഇന്നത് ചുരുങ്ങി ഏതാനും ഏക്കറുകൾ മാത്രമുള്ള ഒരു കാവ് പോലെയായി മാറിക്കഴിഞ്ഞു.
കണ്ണാടിക്കാടിന് വേണ്ടി പലരും പലപ്പോഴായി അവകാശമുന്നയിച്ച് വന്നിരുന്നു. ചിലർ അനധികൃതമായി കൈവശം വെക്കുകയും മരങ്ങൾ വെട്ടുകയും ചെയ്തു. വനതി എന്ന ദുർമന്ത്രവാദിനി ജനിക്കുന്നത് അക്കാലത്താണ്. അതുവരെ അവളെ ആരും കാര്യമായങ്ങനെ കണക്കിലെടുത്തിരുന്നില്ല. അവളാ കാട്ടിൽ എന്തുചെയ്യുകയാണെന്ന് ആരും അന്വേഷിച്ചിരുന്നില്ല.
കണ്ണാടിക്കാട് കൈയ്യേറിയവരെയെല്ലാം പോലീസ് ഒഴിപ്പിച്ചപ്പോഴാണ് ആളുകളുടെ ശ്രദ്ധ വനതിയിലേക്ക് തിരിയുന്നത്. പരാതി കൊടുത്തത് ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് വനതിയുടെ പേര് ഉയർന്നു കേട്ടത്. ആളുകൾ അത്ഭുതപ്പെട്ടു. മിണ്ടാപ്പൂച്ച പോലെ നടന്ന പെണ്ണിന് ഇത്ര ധൈര്യമോ?
അതിനു ശേഷം അവർ വനതിയെ നിരീക്ഷിക്കാൻ തുടങ്ങി. കണ്ണാടിക്കാട്ടിൽ അവളെന്താണ് ചെയ്യുന്നതെന്ന് ആർക്കും പിടികിട്ടിയില്ല. പക്ഷേ, ഒളിഞ്ഞുനോട്ടക്കാർക്ക് ചില അസാധാരണ സംഗതികൾ കാണാൻ കഴിഞ്ഞു. വനതി മൃഗങ്ങളോടും പക്ഷികളോടും സംസാരിക്കുന്നു. മരക്കൊമ്പുകളിൽ തല കീഴായി തൂങ്ങി കിടക്കുന്നു. ഇലകൾക്കു മേലേ കൂടെ നടക്കുന്നു. അങ്ങനെ പലതും.
അവൾ സാധാരണക്കാരിയല്ലെന്ന് ആളുകൾക്ക് മനസിലായി. കണ്ണാടിക്കാട്ടിലേക്ക് ആരും കടക്കുന്നത് അവൾക്ക് ഇഷ്ടമല്ല. നാടിനെ ദുഷിപ്പിക്കാനുള്ള ഗൂഢപ്രവർത്തികൾ അവൾ അവിടെ ചെയ്യുന്നുണ്ട്. വിറകൊടിക്കാൻ പോയ പെണ്ണുങ്ങൾ പലരും അവളെ കണ്ട് പേടിച്ചു. ഒരിക്കൽ നാട്ടുകാരെല്ലാം ചേർന്ന് വനതിയെ കണ്ണാടിക്കാട്ടിൽ നിന്നും പുറത്തു ചാടിക്കാൻ പദ്ധതിയിട്ടു. അവർ കാടിന് തീ കൊളുത്തി. മരങ്ങളും പുൽപ്പടർപ്പുകളും നിന്നു കത്തി. വനതി ഭ്രാന്തു പിടിച്ച പോലെ അലറിക്കരഞ്ഞു. ആളുകൾ കൈ കൊട്ടി ചിരിച്ചു. വനതി ആകാശത്തേക്ക് നോക്കി എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അപ്പോൾ അത്ഭുതം പോലെ മഴ വന്നു. തീ കെട്ടു. കത്തിക്കരിഞ്ഞ പുൽപ്പടർപ്പുകളിലൂടെ ഉറക്കെ വിലപിച്ചു കൊണ്ട് വനതി നടന്നു. ആ ചാരക്കൂമ്പാരത്തിൽ കുറേ അസ്ഥിക്കൂടങ്ങൾ കിടന്നിരുന്നു. തീയിൽ ചാമ്പലായ ജീവികളുടേതായിരുന്നു അത്. അതിലൊന്ന് അവൾ കൈയ്യിലെടുത്തു. വനതിയുടെ വിലാപം ഉച്ചത്തിലായി. അവൾ നിഗൂഢമായ ഭാഷയിൽ മന്ത്രിച്ചു: ''വൾപ്പസ് ബംഗാളെൻസിസ്.''
അന്നു മുതലാണ് വനതിയുടെ കണ്ണിൽ തീയാളാൻ തുടങ്ങിയത്.
അസ്ഥികൂടം കൈയിൽ പിടിച്ച് അവൾ ആളുകളെ നോക്കി അലറി: ''ഇതിന് ഞാൻ പ്രതികാരം ചെയ്തിരിക്കും.''
പറഞ്ഞതു പോലെ തന്നെ അവൾ പ്രവർത്തിക്കുകയും ചെയ്തു. പുറമ്പോക്കിലെ കാടിന് തീ കൊളുത്തിയതിന് പലരേയും പൊലീസ് പൊക്കി. അവർക്ക് ഭീമമായ തുക പിഴയടക്കേണ്ടി വന്നു. നേതൃത്വം കൊടുത്തവർ ജയിലിലായി. പലർക്കും മാരകമായ അസുഖം പിടിപ്പെട്ടു.
വനതി കണ്ണാടിയിൽ ശാപമായി മാറിയത് അങ്ങനെയാണ്. അതിനുശേഷം കണ്ണാടിക്കാട്ടിലേക്ക് കടക്കാൻ അവൾ ഒരാളേയും അനുവദിച്ചില്ല. ഒളിച്ചുകടന്ന പലരേയും പക്ഷികൾ കൊത്തിയാട്ടി. കണ്ണാടിക്കാടിന് നേർക്ക് അറിയാതെയൊന്ന് നോക്കിപ്പോയാൽ അതാരായാലും ഏത് പ്രായത്തിലുള്ളവരായാലും വനതിയുടെ കൈച്ചൂടറിഞ്ഞു.
ഒരിക്കൽ നാട്ടിലെ ഒരു പ്രമാണി കുറച്ച് ഗുണ്ടകളേയും കൂട്ടി കണ്ണാടിക്കാട്ടിലെത്തി. അയാൾക്കു വേണ്ടി എന്തോ കുറ്റകൃത്യം ചെയ്തതിന് പോലീസ് തിരയുന്നവരായിരുന്നു ആ ഗുണ്ടകൾ. ഒളിവിൽ താമസിപ്പിക്കാനും വനതിയെ കാട്ടിൽ നിന്നും തുരത്താനും കൂടിയായിരുന്നു അയാൾ ഗൂണ്ടകളെ കൂട്ടിവന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി. നാട്ടുകാരെല്ലാം അതിനെ പിന്തുണച്ചു.
അവർ കാട്ടിൽ കയറിയ നിമിഷം പക്ഷികളെല്ലാം ഉറക്കെ ശബ്ദിച്ചു. എവിടെ നിന്നോ വനതി പൊട്ടി വീണു. ഗുണ്ടകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അപ്പോഴേക്കും തലങ്ങും വിലങ്ങും അടി വീണു. കരിമ്പുലി പോലൊരു പെണ്ണ് തങ്ങളെ ആക്രമിച്ചെന്ന് ചിലർ. അതല്ല, ശരിക്കും കരിമ്പുലി തന്നെയെന്ന് വേറെ ചിലർ.
എന്തായാലും പോലീസ് വരുന്നതു വരെ അവർക്ക് നിലത്ത് നിക്കാൻ സമയം കിട്ടിയില്ല. വായുവിൽ പറക്കുകയായിരുന്നു ഗുണ്ടകൾ. പോലീസ് ജീപ്പ് വന്നപ്പോൾ ഗുണ്ടകൾ അഭയത്തിനായി അങ്ങോട്ട് ഓടുന്ന കാഴ്ച കാണേണ്ടതായിരുന്നു എന്ന് പലരും പറഞ്ഞു.
അതിന് ശേഷം ആ പ്രമാണിക്ക് കഷ്ടകാലമായിരുന്നു. അയാളുടെ ബിസിനസെല്ലാം പൊളിഞ്ഞു. സർക്കാരിനെ പറ്റിച്ച് അയാളുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടു. കണക്കിൽപ്പെടുത്താതെ അയാൾ ഒളിപ്പിച്ചു വെച്ച കള്ളപ്പണമെല്ലാം ആരോ കൃത്യമായി കാട്ടി കൊടുത്ത പോലെ പോലീസ് കുഴി തോണ്ടിയെടുത്തു. അയാൾ ജയിലിലായി. പിന്നെ ഭ്രാന്താശുപത്രിയിലുമായി.
മറ്റൊരിക്കൽ ഒരു വേട്ടക്കാരൻ വന്നു. വനതിയെ പറ്റി കേട്ടിരുന്നെങ്കിലും അയാൾക്കൊരു കൂസലുമില്ലായിരുന്നു. വനതിയോട് പകയുള്ള ആരോ അയാളെ കൊണ്ടു വന്നതാണെന്ന് പറഞ്ഞു കേട്ടു. വേട്ടക്കാരൻ കണ്ണാടിക്കാട്ടിൽ കയറിയില്ല. ദൂരെയൊരു മരത്തിൽ കയറി കണ്ണാടിക്കാട്ടിലേക്ക് ഉന്നം പിടിച്ചു. അയാളുടെ തോക്കിന്റെ സ്‌കോപ്പിൽ വനതിയുടെ മുഖം തെളിഞ്ഞു. ഇലകൾക്കു മേലെ കൈ കെട്ടി പടിഞ്ഞാട്ട് നോക്കി നിൽക്കുകയായിരുന്നു അവൾ. പെട്ടൊന്ന് അവൾ മുഖം തിരിച്ച് അയാളെ നോക്കി ചിരിച്ചു. വേട്ടക്കാരൻ ഞെട്ടി. അയാൾ തോക്ക് താഴ്ത്തി. ഒത്തിരി ദൂരത്താണവൾ. എന്നിട്ടും അവൾ തന്നെ കണ്ടിരുന്നു. അയാൾ തോക്കെടുത്ത് ഒരിക്കൽ കൂടി ഉന്നം പിടിക്കാൻ ശ്രമിച്ചു. അപ്പോഴാണയാൾ കൂടുതൽ ഞെട്ടിയത്. തോക്ക് കാണാനില്ല. അയാൾ ബൈനോക്കുലറെടുത്ത് നോക്കി. ഇത്തവണ അയാൾ ശരിക്കും വിറച്ചു. അയാളുടെ തോക്ക് കൊണ്ട് അയാളെ തന്നെ ഉന്നം വെക്കുകയായിരുന്നു വനതി.
വെടി പൊട്ടി. ഭാഗ്യത്തിന് അയാളുടെ ശരീരത്തിൽ കൊണ്ടില്ല. പക്ഷേ, പിടി വിട്ട് അയാൾ മരത്തിൽ നിന്ന് വീണു. പിന്നീടൊരിക്കലും അയാൾക്ക് വേട്ടക്കിറങ്ങാൻ പറ്റിയില്ല. ആ തോക്ക് പിന്നെ കണ്ടെടുത്തത് വേറൊരാളുടെ വീട്ടിൽ നിന്നായിരുന്നു. ലൈസൻസില്ലാതെ ആയുധം കൈയിൽ വെച്ചതിന് അയാളെ പോലീസ് അറസ്റ്റ് ചെയ്തു. അയാളാണ് വേട്ടക്കാരനെ കൊണ്ടുവന്നതെന്ന് അപ്പോൾ മാത്രമാണ് ആളുകൾക്ക് മനസ്സിലായത്.
അമ്പരപ്പിക്കുന്ന കഥകൾ കേട്ടപ്പോൾ നിളയ്ക്ക് ഭയത്തേക്കാൾ കൂടുതൽ ആവേശമാണ് തോന്നിയത്. എന്തോ ഒരിഷ്ടം അവൾക്ക് മന്ത്രവാദിനിയോട് തോന്നി. ദൂരെ നിന്നെങ്കിലും കണ്ണാടിക്കാട് കാണാൻ അവൾ കൊതിച്ചു. മജീഷ്യന്മാരുടെ മന്ത്രമായ അബ്ര കടബ്ര പോലെ വനതിയുടെ മന്ത്രം അവളെ ആകർഷിച്ചു: ''വൾപ്പസ് ബംഗാളെൻസിസ്.''
അവൾ മുറ്റത്തിറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞു: ''വൾപ്പസ് ബംഗാളെൻസിസ്.''
അതുകേട്ട് അച്ഛമ്മ അവളെ വഴക്കു പറഞ്ഞു: ''നിനക്ക് എവിടുന്ന് കിട്ടീ ഈ വൃത്തികെട്ട വാക്ക്?''
നിള ചിരിച്ചു.
''അത് വൃത്തിക്കെട്ട വാക്കാണെന്ന് ആരാ പറഞ്ഞത്?''
''അതവളുടെ വാക്കാ. അവളാ വാക്കുച്ഛരിച്ചാൽ എന്തെങ്കിലും അനർത്ഥം നടക്കും.''
''എങ്കിൽ ഞാനൊന്നു കൂടി പറഞ്ഞു നോക്കട്ടെ?''
''ഈ കുട്ടിക്കെന്താണിത്ര വാശി . മിണ്ടാതിരിക്ക് പെണ്ണേ.''
നിള വീണ്ടും കുസൃതിയോടെ പറഞ്ഞു: ''വൾപ്പസ് ബംഗാളെൻസിസ്.''
പെട്ടൊന്ന് അവരുടെ മുന്നിൽ ഒരു വാഹനം വന്നു നിന്നു.
അച്ഛമ്മയും നിളയും ഞെട്ടി. അതാ കറുത്ത സ്‌കൂട്ടിയായിരുന്നു. സ്‌കൂട്ടിയിലെ കറുത്തരൂപം വനതിയും.
അച്ഛമ്മ വിറയ്ക്കാൻ തുടങ്ങി.
''ഗ്യാസ് ഓഫ് ചെയ്തിട്ടില്ല.''-വനതി പറഞ്ഞു.
അടുക്കളയിൽ നിന്ന് ഗ്യാസിന്റെ മണം പുറത്തേക്കൊഴുകുന്നത് നിള അപ്പോഴാണ് ശ്രദ്ധിച്ചത്. അച്ഛമ്മ വേഗം അടുക്കളയിലേക്ക് ഓടി.
നന്ദി പറയാനായി നിള മുഖമുയർത്തി. റോഡിൽ ആരുമില്ലായിരുന്നു.
Content Highlights: Kannadiyile Manthravadhini Novel Part 13