വേലിപ്പടർപ്പിനപ്പുറത്ത് പൂക്കളെപ്പോലെ ഭംഗിയുള്ള രണ്ട് മുഖങ്ങൾ | കണ്ണാടിയിലെ മന്ത്രവാദിനി | ഭാഗം 5

അച്ഛന്റെ വീടിന്റെ പൂമുഖം കിഴക്കോട്ടായിരുന്നു. ഓടിട്ട ഒരു കുഞ്ഞുവീട്. ഓടിനു മുകളിൽ നിറയെ പായൽ പിടിച്ചതു കാരണം മേൽക്കൂരയ്ക്ക് പച്ചനിറമായിരുന്നു. മുറ്റം നിറയെ പൂച്ചെടികൾ. പൂമ്പാറ്റകൾ, തുമ്പികൾ, തേൻകിളികൾ. നിള അത്ഭുതത്തോടെ വീടിനെ നോക്കി. ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടിട്ടാകണം വീടിനകത്തു നിന്ന് അച്ഛച്ചനും അച്ഛമ്മയും ഇറങ്ങി വന്നു. നിള ആദ്യമായിട്ടാണവരെ നേരിൽ കാണുന്നത്. അവൾക്കെന്തോ ഒരു നാണം തോന്നി. പക്ഷേ, അച്ഛച്ചനും അച്ഛമ്മയും അവളെ കണ്ട മാത്രയിൽ ഓടി വന്നു. അച്ഛമ്മ അവളെ വാരിയെടുത്ത് ഉമ്മ വെച്ചു.
''നാലു വയസിൽ കണ്ടതാ ന്റെ കുട്ടിയെ.'' - അച്ഛമ്മപറഞ്ഞു.
''ഇനി ഞങ്ങൾ ഇവിടെ തന്നെയല്ലേ അമ്മേ.'' - അച്ഛൻ ചിരിച്ചു.
''അവര് യാത്ര ചെയ്ത് ക്ഷീണിച്ചിട്ടുണ്ടാവും. ആദ്യം കഴിക്കാനെന്തെങ്കിലും കൊടുക്ക്.''- അച്ഛച്ഛൻ അച്ഛമ്മയെ ഓർമിപ്പിച്ചു.
''ഞാനതു മറന്നു. അച്ഛമ്മ പലഹാരങ്ങളുണ്ടാക്കി വെച്ചിട്ടുണ്ട്.''- അതു പറഞ്ഞ് അച്ഛമ്മ അകത്തേക്ക് കയറി.
നിള അച്ഛച്ഛന്റെ കൈ പിടിച്ച് കോലായിലേക്ക് കയറി. കോലായുടെ ചുമരിൽ കുറേ ഫോട്ടോസ് ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ടായിരുന്നു. അച്ഛന്റേയും അമ്മയുടേയും കല്യാണ ഫോട്ടോ, അച്ഛന്റെ സ്കൂൾ ഫോട്ടോ, പിന്നെ അവൾ കുഞ്ഞായിരിക്കുമ്പോളുള്ള ഫോട്ടോ.
''അച്ഛച്ഛന്റെയും അച്ഛമ്മയുടേയും ഫോട്ടോ കാണാനില്ലല്ലോ.'' - നിള ചോദിച്ചു.
അതുകേട്ട് അച്ഛച്ഛൻ ചിരിച്ചു.
''നിന്റെ അച്ഛമ്മയ്ക്ക് ഫോട്ടോ എടുക്കാൻ നാണമാ.'' - അച്ഛച്ഛൻ പറഞ്ഞു.
''ഫോട്ടോ എടുക്കാൻ നാണമോ?'' - അവൾക്കത്ഭുതമായി.
''ഇത് നാട്ടിൻപുറമാണ് മോളേ. ബാംഗ്ലൂർ സിറ്റി പോലെയല്ല ഇവിടം. കൂടുതലും പഴയ തലമുറയിലുള്ളവരാ. അവർക്ക് പഴയ രീതികളോടാണിഷ്ടം.'' - അച്ഛൻ പറഞ്ഞു.
അത് ശരിയാണെന്ന് നിളയ്ക്കും തോന്നി. ബാംഗ്ലൂരിൽ അവർ താമസിക്കുന്ന ഫ്ളാറ്റിലെ പകുതിയിലധികം പേരെ അവൾക്ക് പരിചയം കൂടിയില്ല. ആൾത്തിരക്കുള്ള സ്ഥലങ്ങളിലെ മനുഷ്യരെല്ലാം പരസ്പരം അപരിചിതർ. പക്ഷേ, പരിയാപുരത്ത് ട്രെയിൻ ഇറങ്ങിയ ഉടനേ അവൾക്ക് പരിചയക്കാരായി. ഓരോരുത്തരും അവളോട് വിശേഷങ്ങൾ ചോദിച്ചു. ഓരോരുത്തരേയും അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ടെക്സ്റ്റൈൽ ഷോപ്പുകാരന്റെ, ഓട്ടോ ഡ്രൈവറുടെ, പശുവുമായി വന്ന മുത്തച്ഛന്റെ... ആരുടേയും പേര് അവൾ ചോദിച്ചിരുന്നില്ല. കഷ്ടം തോന്നി നിളയ്ക്ക്.
അച്ഛമ്മ ചായയും പലഹാരവുമായി വരുന്നത് വരെ അവളങ്ങനെ നഗരവും നാട്ടിൻപുറവും തമ്മിലുള്ള വ്യത്യാസങ്ങൾ ആലോചിച്ചിരുന്നു. പരിപ്പുവടയും ആട്ടിൻപാലൊഴിച്ച ചായയുമായിരുന്നു അച്ഛമ്മ കൊണ്ടു വന്നത്. നിള ചായ ഊതിയൂതി കുടിച്ചു. പരിപ്പുവടയ്ക്ക് നല്ല രുചിയായിരുന്നു. അതങ്ങനെ ആസ്വദിച്ചു കഴിക്കുമ്പോഴാണ് വേലിക്കപ്പുറത്ത് രണ്ട് തലകൾ പ്രത്യക്ഷപ്പെട്ടത്. വേലിപ്പടർപ്പിലെ പൂക്കൾക്കും വള്ളികൾക്കുമിടയിൽ പൂക്കളെ പോലെ ഭംഗിയുള്ള രണ്ട് മുഖങ്ങൾ. രണ്ടു പെൺകുട്ടികളുടെ മുഖങ്ങൾ. നിള കൗതുകത്തോടെ അവരെ നോക്കി. ആ നിമിഷം രണ്ടു മുഖങ്ങളും താഴേക്ക് അപ്രത്യക്ഷമായി. നിള വീണ്ടും പരിപ്പുവടയിലേക്ക് ശ്രദ്ധിച്ചു. ഇടംകണ്ണിട്ട് നോക്കിയപ്പോൾ ആ തലകൾ പതിയെ ഉയർന്നു വന്നു. നിള പെട്ടൊന്ന് തല ചെരിച്ച് അവരെ നോക്കി. അതേ നിമിഷം അവ രണ്ടും നേരത്തേത് പോലെ അപ്രത്യക്ഷമായി. നിളയ്ക്ക് കൗതുകമായി.
''ആരാണച്ഛമ്മേ അത്?'' - അവൾ ചോദിച്ചു.
''ഏത്?''
''ആ വേലിക്കപ്പുറം?''
അച്ഛമ്മ അങ്ങോട്ട് നോക്കി. എല്ലാവരും അങ്ങോട്ട് നോക്കി. ആരെയും കണ്ടില്ല.
''ആരാണത്?'' - അമ്മ ചോദിച്ചു.
''രണ്ട് പെൺകുട്ടികൾ. ഒളിച്ചു കളിക്കുന്ന പോലെ.''- നിള പറഞ്ഞു.
''ഓ... അത് ജാനകിയും ദേവതയുമായിരിക്കും. അപ്രത്തെ വീട്ടിലെ കുട്ട്യോളാ.'' - അച്ഛമ്മപറഞ്ഞു.
ജാനകി. ദേവത. രസമുള്ള പേരുകൾ. നിളയ്ക്ക് അവരെ കാണമെന്ന് തോന്നി.
''ജാനീ, ദേവൂ...ഇങ്ങോട്ട് വാ. നിങ്ങക്കൊരു കൂട്ടുകാരി വന്നിട്ടുണ്ട്.'' - അച്ഛച്ഛൻ വിളിച്ചു പറഞ്ഞു.
വേലിക്കപ്പുറത്ത് നിന്ന് പാദസരങ്ങളുടെ കിലുക്കം കേട്ടു. നിള ആകാംക്ഷയോടെ കണ്ണുകൾ പടിക്കലേക്ക് നീട്ടി. ഇരുവശത്തേക്കും മെടഞ്ഞിട്ട മുടിക്കെട്ടുമായി രണ്ട് സുന്ദരിക്കുട്ടികൾ പ്രത്യക്ഷപ്പെട്ടു.
''വാ.'' - അമ്മ അവരെ വിളിച്ചു.
അവർ നാണത്തോടെ വന്നു.
''ഇതിലാരാ ജാനകി?'' - അമ്മ ചോദിച്ചു.
''ഞാൻ.'' -മുഖത്ത് നിറയെ കാക്കപ്പുള്ളികളുള്ള കുട്ടി പറഞ്ഞു.
''ഇയാൾടെ പേര് ദേവത അല്ലേ?''
''ഉം.'' - നുണക്കുഴിയുള്ള പെൺകുട്ടി തലകുലുക്കി.
''രണ്ടാളും എത്രാം ക്ലാസിലാ പഠിക്കുന്നത്?''
'''ഇക്കൊല്ലം അഞ്ചിലേക്കാ.''- രണ്ടു പേരും ഒരുമിച്ച് മറുപടി പറഞ്ഞു.
''കൊള്ളാലോ. എങ്കിൽ നിങ്ങളുടെ കൂടെ ഇക്കൊല്ലം ഒരാൾ കൂടിയുണ്ട്.''
അമ്മ അവർക്ക് നിളയെ ചൂണ്ടി കാണിച്ചു കൊടുത്തു.
നിള അവരോട് ഹായ് പറഞ്ഞു. അവർ നാണത്തോടെ തല കുനിച്ചു.
''ഞാൻ നിള.'' - നിള സ്വയം പരിചയപ്പെടുത്തി.
അച്ഛമ്മ അവർക്ക് ചായയും പരിപ്പുവടയും കൊടുത്തു.
കുറച്ചു നേരം കൊണ്ട് അവർ തമ്മിൽ നല്ല കൂട്ടായി.
നിള ബാഗിൽ നിന്ന് രണ്ട് ചോക്കലേറ്റ് എടുത്ത് അവർക്ക് നീട്ടി. ജാനകിയും ദേവതയും പരസ്പരം നോക്കി.
''വാങ്ങിച്ചോ.'' - അമ്മ പറഞ്ഞു.
അവർ വാങ്ങിച്ചു.
അപ്പോൾ അപ്പുറത്തെ വീട്ടിൽ നിന്നും ഉറക്കെയുള്ള വിളി കേട്ടു:
''ദേവ്വോ...''
''അമ്മ വിളിക്കുന്നു.''
അവർ വേഗം വീട്ടിലേക്കോടി.
''ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ, നല്ല ക്ഷീണണ്ടാവും. അച്ഛമ്മയുടെ കുട്ടി ഒന്നു കുളിക്കൂ. കുളിമുറിയിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ട്.- അച്ഛമ്മ പറഞ്ഞു.
നിള കുളിമുറിയിലേക്ക് നടന്നു. കുളിമുറിയിൽ വലിയൊരു ചെരുവത്തിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ടായിരുന്നു. നിള ഒരു കപ്പ് വെള്ളമെടുത്ത് തലയിലൊഴിച്ചു. തണുത്ത വെള്ളം. അവൾക്ക് നല്ല സുഖം തോന്നി.
കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ജാനകിയും ദേവതയും മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. നിള പുഞ്ചിരിച്ചു. അവർ രണ്ടു പേരും പിന്നിൽ മറച്ചു പിടിച്ചിരുന്ന കൈകൾ അവൾക്കു മുന്നിലേക്ക് നീട്ടി. രണ്ടാളുടേയും കൈയ്യിൽ ഓരോ മാമ്പഴങ്ങൾ.
''മൂവാണ്ടനാ.'' - അവർ പറഞ്ഞു.
നിള മാമ്പഴമെടുത്ത് കടിച്ചു. നല്ല മധുരം.
''താങ്ക്സ്.'' - നിള പറഞ്ഞു.
വളകിലുക്കം പോലെ ചിരിച്ചു കൊണ്ട് അവർ തിരിഞ്ഞോടി.(തുടരും...)
Content Highlights: Nila reunites with her grandparents in the rural village of Pariyapuram