പ്രതിമയുടെ ഉള്ളിൽ നിന്നും കറുത്ത പുക പോലെ എന്തോ ഒന്ന് പുറത്തേക്ക് വരുന്നത് അവൻ കണ്ടു

കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് കരിപ്പൂർ.
എയർപോർട്ടിലെ അറൈവൽ എന്ന ബോർഡിന് മുന്നിലുള്ള കസേരകളിൽ ഇരിക്കുകയായിരുന്നു രവിശങ്കറും മകൻ കിരണും.
രവിശങ്കർ തൊട്ടുമുന്നിലുള്ള ടി.വി സ്‌ക്രീനിൽ വരുന്നതും പോകുന്നതുമായുള്ള വിമാനങ്ങളുടെ നമ്പറും പേരും സ്‌ക്രോൾചെയ്ത്‌പോകുന്നതുനോക്കി.
' അച്ഛാ ... ചെറിയച്ഛന്റെ വിമാനം വന്നിട്ട് ഒരുമണിക്കൂർ ആയല്ലോ? ചെറിയച്ഛൻ എന്താ പുറത്തേക്ക് വരാത്തത്?'
അക്ഷമയോടെ കിരൺ രവിശങ്കറെ നോക്കി.
'മോനെ... കസ്റ്റംസ് ക്ലിയറൻസ്‌കഴിയണ്ടേ... ഇപ്പോൾ വരും ... ' രവിശങ്കർ മകനെ ആശ്വസിപ്പിച്ചു.
അവർ എയർപോർട്ടിൽ എത്തിയിട്ട് ഏതാണ്ട് രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു. അതാണ് കിരൺ അസ്വസ്ഥനാകാൻ കാരണം.
വീണ്ടും പത്ത് മിനിറ്റ് കൂടി കടന്നുപോയി. പെട്ടെന്ന് കിരൺവിളിച്ചുകൂവി.
'അച്ഛാ...അതാ ചെറിയച്ഛൻ.' രവിശങ്കർ ഗ്ലാസ് ഭിത്തികൾക്കിടയിലൂടെ നടന്നുവരുന്ന അനുജനെ കണ്ടു. കിരൺ അപ്പോഴേക്കും പുറത്തേക്കുള്ള ഗെയ്റ്റിനരികിലേക്ക് ഓടിക്കഴിഞ്ഞിരുന്നു. രവിശങ്കറും പിന്നാലെ ചെന്നു.
'ചെറിയച്ഛാ '....കിരൺ ഉറക്കെ വിളിച്ചു.
ട്രോളി ബാഗും തള്ളിക്കൊണ്ടുവരുന്ന ഹരിശങ്കർ പെട്ടെന്ന് കിരണിനെകണ്ട് കൈ ഉയർത്തി വീശി.
ഹരിശങ്കർ അവരുടെ അടുത്തേക്ക് വന്നു.
'രവിയേട്ടാ.... ' ചേട്ടനും അനിയനും കെട്ടിപ്പുണർന്നു. പിന്നെ കിരണിനെ മാറോട് ചേർത്ത് അമർത്തി നെറുകയിൽ ഉമ്മ വെച്ചു.
'കുറെ നേരമായല്ലേ നിങ്ങൾ വന്നിട്ട്. ' കിരണിനോടായി ഹരി തിരക്കി.
അതെ ചെറിയച്ഛാ....വിശക്കാൻ തുടങ്ങി... '
ചെറിയൊരു ചിണുങ്ങലോടെ അവൻ പറഞ്ഞു.
'ഫ്‌ളൈറ്റ് ലേറ്റ് ആയിരുന്നല്ലേ...' ഹരിയുടെ കയ്യിൽ നിന്നും ട്രോളി ബാഗ് വാങ്ങിച്ചു കൊണ്ട് രവി ചോദിച്ചു.
'പതിനഞ്ച് മിനിറ്റ് ഡിലേ ആയിരുന്നു.'
'യാത്രയൊക്കെ സുഖമായിരുന്നോ?'
'അതേയേട്ടാ... അമ്മയും ഏട്ടത്തിമാരും എന്തെടുക്കുന്നു..... '
'എല്ലാവരും സുഖമായിരിക്കുന്നു. അവരൊക്കെ നീ വരുന്നതും കാത്ത് ഇരിപ്പാണ്. '
'രാമേട്ടൻ വന്നിട്ടില്ലേ.... ' അവൻ ചുറ്റും നോക്കി.
'ഉവ്വ്.... രാമേട്ടൻ വണ്ടിയുമായി കാർപാർക്കിംഗിൽ കാത്തു കിടപ്പുണ്ട്. ഞാൻ വിളിക്കാം... '
രവി ഫോണെടുത്ത് രാമേട്ടനെ വിളിച്ചു. പത്തു മിനിറ്റിനുള്ളിൽ രാമേട്ടൻ കാറുമായി എത്തി.
'രാമേട്ടാ... സുഖമാണോ...'
'സുഖമാണ് കുഞ്ഞേ....പുഞ്ചിരിയോടെ രാമേട്ടൻ പെട്ടികളും ബാഗും എടുത്ത് കാറിന്റെ ഡിക്കിയിൽ കൊണ്ടുപോയി വെച്ചു.
'രാമേട്ടാ പോകാം... വഴിക്ക് എവിടെയെങ്കിലും നിർത്തി ഊണ് കഴിക്കാം. കിരണിന് വല്ലാതെ വിശക്കുന്നുവെന്ന്...' അല്പം തമാശയോടെ ഹരി പറഞ്ഞു.
കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ രാമേട്ടൻ തലയിളക്കി. പിന്നെ വണ്ടി മുന്നോട്ട് എടുത്തു.
എയർപോർട്ടിൽ നിന്നുള്ള മൊട്ടക്കുന്നിറങ്ങി കാർ നിമിഷനേരം കൊണ്ട് മെയിൻ റോഡിൽ പ്രവേശിച്ചു.
'ഏട്ടന്റെ ജോലിയൊക്കെ എങ്ങനെയുണ്ട്... '
'കുഴപ്പമില്ലാതെ പോകുന്നു... '
കിരൺ ഹരിയോട് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു. അവൻ അതിനൊക്കെ മറുപടി നൽകി.
ചെറിയച്ഛൻ പോയ രാജ്യങ്ങളെക്കുറിച്ചും അവിടുത്തെ കാഴ്ചകളെക്കുറിച്ചുമായിരുന്നു അവനറിയേണ്ടത്.
പെട്ടെന്ന് കാർ നിന്നു.
ഹരി പുറത്തേക്ക് നോക്കി. ഹോട്ടൽ വൈറ്റ് ഹൗസ് എന്നൊരു ബോർഡാണ് ആദ്യം കണ്ടത്.
'നമ്മൾ എവിടെ എത്തി ഏട്ടാ...'
'അടിവാരം.... ഇറങ്ങ് ...ഇനി ഊണ് കഴിച്ചിട്ട് പോകാം.. '
അവർ ഹോട്ടലിലേക്ക് നടന്നു.
അരമണിക്കൂറിനു ശേഷം അവർ കാറിൽ കയറി യാത്ര തുടർന്നു.
കാർ ചുരം കയറാൻ തുടങ്ങി.
റോഡ് സൈഡിലെ മതിലിൽ ഇരിക്കുന്ന കുരങ്ങന്മാർക്ക് കിരൺ കയ്യിലിരുന്ന കടല പാക്കറ്റ് വലിച്ചെറിഞ്ഞു കൊടുത്തു. കുരങ്ങന്മാർ അതിനു വേണ്ടി പിടിവലി കൂടുന്ന രംഗം അവൻ മൊബൈലിൽ വീഡിയോ എടുത്തു.
കാറിനുള്ളിലേക്ക് നേരിയ തണുപ്പ് അടിച്ചു കയറി.
ഹരി വിൻഡോ ഗ്ലാസ് ഉയർത്തിവച്ചു.
കാർ ചുരം കയറി മുകളിലെത്തി.
'അച്ഛാ... വണ്ടി നിർത്താൻ പറയൂ...' കിരൺ പറഞ്ഞു.
'എന്തിനാ മോനെ... ' ഹരി തിരക്കി.
'എനിക്ക് വീഡിയോ ഷൂട്ട് ചെയ്യണം.... ഇൻസ്റ്റയിൽ ഇടാനാ...'
'രാമേട്ടാ വണ്ടി സൈഡാക്കൂ...' ഹരി നിർദേശിച്ചു.
വ്യൂ പോയിന്റിനു സമീപം കാർ ഒതുക്കി നിർത്തി.
'പെട്ടെന്ന് വേണം... നല്ല മഴക്കാറുണ്ട്. കോട ഇറങ്ങാൻ തുടങ്ങി.' രവി വിളിച്ചുപറഞ്ഞു.
കിരണും ഹരിയും പുറത്തിറങ്ങി.
താഴ്വരയ്ക്കു മുകളിലൂടെ ആരോ പറത്തിവിട്ട പഞ്ഞി തുണ്ടുകൾ പോലെ കോടമഞ്ഞ് പരക്കുന്ന ദൃശ്യങ്ങൾ കിരൺ മൊബൈലിൽ പകർത്തി കൊണ്ടിരുന്നു.
ഇടയ്ക്ക് ചെറിയച്ഛന്റെ ഒപ്പം ഒരു സെൽഫി എടുക്കാനും മറന്നില്ല.
'മതി ... വണ്ടിയിൽ കയറ്...'
രവി പറഞ്ഞതും രണ്ടാളും കാറിൽ കയറി.
തേയിലച്ചെടികൾ വളർന്നുനിൽക്കുന്ന മൊട്ടക്കുന്നുകളുടെ പള്ളപ്പുറത്തുകൂടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ കാർ ഓടിക്കൊണ്ടിരുന്നു.
താൻ പോയതിനുശേഷം നാടും നഗരവും ഒരുപാട് മാറിപ്പോയെന്ന് ഹരിക്കു തോന്നി.
ചെറിയ ചാറ്റൽ മഴയിലൂടെ കാർ ഗേറ്റ് കടന്ന് ഇരുനില വീടിന്റെ പോർച്ചിൽ ചെന്നുനിന്നു.
ഹരി ഡോർ തുറന്ന് പുറത്തിറങ്ങി. രവിയേട്ടൻ പുതിയതായി പണികഴിപ്പിച്ച വീട് അവൻ ആദ്യം കാണുകയായിരുന്നു.
അതിനു തൊട്ടപ്പുറത്ത് താൻ ജനിച്ചു വളർന്ന പഴയ തറവാട് വീടും അവൻ കണ്ടു.
കാറിന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന് ആദ്യം പുറത്തുവന്നത് ജലജയാണ്. പിന്നാലെ ശോഭയും ശാരദാമ്മയും അനിതയും ഇറങ്ങിവന്നു.
ഹരി ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പുണർന്നു.
'മോനെ... ശാരദാമ്മ നിറഞ്ഞ കണ്ണുകളോടെ മകന്റെ മൂർദ്ധാവിൽ തഴുകി.
'ചെറിയച്ഛാ.... 'അനിത ഓടിവന്ന് ഹരിയെ കെട്ടിപ്പിടിച്ചു.
'നീ വലിയ പെണ്ണായി പോയല്ലോടി... ' ഹരി അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
രാമേട്ടനും രവിയും ചേർന്ന് ഹരിയുടെ പെട്ടികളും ബാഗുമെല്ലാം കാറിൽ നിന്ന് പുറത്തെടുത്തു വച്ചു.
രാത്രി ഭക്ഷണത്തിനുശേഷം എല്ലാവരും മുറിയിൽ ഒത്തുകൂടി.
ഹരി പെട്ടികൾ തുറന്ന് ഓരോരുത്തർക്കായി കൊണ്ടുവന്ന സാധനങ്ങൾ പുറത്തെടുത്തു.
'ചെറിയച്ഛാ.... എനിക്കെന്താണ് കൊണ്ടുവന്നത്?'
'ലാപ്‌ടോപ്പ് കൊണ്ടുവരണമെന്ന് നീ എനിക്ക് മെസ്സേജ് ചെയ്തിരുന്നില്ലേ...'
ഹരി കിരണിന്റെ മുഖത്തേക്ക് നോക്കി.
'ഇവൻ ലാപ്‌ടോപ്പ് വേണമെന്ന് പറഞ്ഞോ ഹരീ... ' ജലജ ചോദിച്ചു.
''ഉവ്വ് ഏടത്തീ.. '
'നിന്നോട് ലാപ്‌ടോപ്പ് വേണമെന്ന് പറഞ്ഞ കാര്യം ഇവൻ ഞങ്ങളോടാരോടും പറഞ്ഞില്ല...' രവി പറഞ്ഞു.
'അച്ഛനും അമ്മയും അറിഞ്ഞാൽ കൊണ്ടുവരേണ്ടന്നല്ലേ പറയൂ ....അതാ മിണ്ടാതിരുന്നത്....'
ഹരി ബാഗിൽ നിന്നും രണ്ടു ലാപ്‌ടോപ്പ് എടുത്തു.
ഒന്ന് കിരണിന് കൊടുത്തു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
മറ്റേത് അനിതയ്ക്കും കൊടുത്തു.
'നീ പ്ലസ്ടുവിന് അല്ലേ മോളെ.... ഇത് നിനക്ക് ആവശ്യമായി വരും... ജയേട്ടനെ പോയിട്ടുള്ളൂ. ചെറിയച്ഛൻ കൂടെയുണ്ട്... '
പറഞ്ഞപ്പോൾ ഹരിയുടെ തൊണ്ടയിടറി.
ഹരി പെട്ടിയുടെ അടിയിൽ നിന്നും ഒരു കാർബോർഡ് ബോക്‌സ് എടുത്ത് പുറത്ത് വച്ചു. എല്ലാവരും ആകാംക്ഷയോടെ നോക്കി. ഹരി ബോക്‌സ് തുറന്നു അതിൽ നിന്നും ഒരു കറുത്ത പ്രതിമ പുറത്തെടുത്തു. അത് കാണാൻ ഒരു വിചിത്ര രൂപമായിരുന്നു. കറുത്ത ലോഹത്തിൽ തീർത്ത, മനുഷ്യന്റെയും മൃഗത്തിന്റെയും സങ്കരരൂപം. അതിന്റെ കണ്ണുകൾ ചുവന്ന കല്ലുകൾ കൊണ്ട് നിർമ്മിച്ചതായിരുന്നു, ഇരുട്ടിൽ അവ തിളങ്ങുന്നതുപോലെ ഹരിക്ക് തോന്നി.
'ഇതെന്താ അങ്കിൾ ഇത്ര ഭീകരമായിരിക്കുന്നത്?' കിരൺ കൗതുകത്തോടെ ചോദിച്ചു.
'ഇതൊരു ആഫ്രിക്കൻ ഗോത്രദൈവമാണ് കിരൺ. എറോക്ക് എന്നാണ് പേര്. സൂക്ഷിക്കണം, ഇതിന് നല്ല ഭാരമുണ്ട്,' ഹരി അത് കിരണിന്റെ കയ്യിലേക്ക് കൊടുത്തു.
കിരൺ പ്രതിമവാങ്ങി നോക്കി.
'ലുട്ടാപ്പിയെപ്പോലുണ്ട്... ' തിരിച്ചും മറിച്ചും നോക്കിയിട്ട് അവൻ പറഞ്ഞു.
'കുട്ടിച്ചാത്തനെപ്പോലെയുണ്ടെന്നാ എനിക്ക് തോന്നുന്നത്...' അനിതയാണ് പറഞ്ഞത്
'ഏതായാലും ഇത് നിനക്ക് ഇരിക്കട്ടെ... '
ഹരി പ്രതിമ കിരണിന് കൊടുത്തു. അവനതുമായി മുറിയിലേക്ക് പോയി.
പുറത്തു മഴ പെയ്യാൻ തുടങ്ങി. പിന്നാലെ ശക്തമായി ഇടിയും മിന്നലും.
'തുലാവർഷത്തിന്റെ ആരംഭമാണെന്ന് തോന്നുന്നു... ' ശാരദാമ്മ പറഞ്ഞു.
കിരൺ തന്റെ മുറിയിലെ സ്റ്റഡി ടേബിളിന് മുകളിൽ പ്രതിമ കൊണ്ട് പോയി വെച്ചു. പിന്നെ ലാപ്‌ടോപ്പ് എടുത്ത് ഓൺ ചെയ്തു.
പുറത്ത് ശക്തമായ ഒരു ഇടിവെട്ടി. പെട്ടെന്ന് കറന്റ് പോയി.
കിരൺ മേശപ്പുറത്തിരുന്ന എമർജൻസി ലൈറ്റ് എടുക്കാൻ കൈ നീട്ടിയതും ഹരി കൊണ്ടുവന്ന പ്രതിമ മറിഞ്ഞു താഴെ വീണ് രണ്ട് കഷണമായി. അതിന്റെ
തലയും ഉടലും വേർപെട്ടുപോയി. അവൻ വിഷമത്തോടെ പ്രതിമയെടുത്തു മേശപ്പുറത്ത് വച്ചു.
വിചിത്രമെന്നു പറയട്ടെ, ആ പ്രതിമയുടെ ഉള്ളിൽ നിന്നും കറുത്ത പുക പോലെ എന്തോ ഒന്ന് പുറത്തേക്ക് വരുന്നത് അവൻ കണ്ടു. പെട്ടെന്ന് വീടിനുള്ളിലെ താപനില ക്രമാതീതമായി കുറഞ്ഞു. ജനൽ ചില്ലകൾ വിറയ്ക്കാൻ തുടങ്ങി.
രാവിലെ തറവാട്ടിൽ നിന്നും ശാരദാമ്മയുടെ നിലവിളി കേട്ടാണ് എല്ലാവരും ഞെട്ടി എണീറ്റത്.
(തുടരും)
Content Highlights: Introduction to a supernatural horror narrative., Captivating storytelling by Jiji Chilambil.,