ബലൂൺ ചാർജിങ്; ബലൂൺ കടലാസിനെ ഡാൻസ് ചെയ്യിപ്പിക്കുമോ?

'ഗൗതമേട്ടാ, ഏട്ടന്റെ തലയൊന്ന് കാണിച്ചേ...'', കൈയിൽ വീർപ്പിച്ച ഒരു ബലൂണുമായി പാറു ഓടിയെത്തി.
''എന്തിനാ?'', ഗൗതം ചോദിച്ചു.
''എനിക്ക്, ഈ ബലൂണിനെ ഒന്ന് ചാർജ് ചെയ്യാനാ.''
''ബലൂണിനെ ചാർജ് ചെയ്യാനോ? അത് അടിപൊളി ആയല്ലോ. എങ്ങനെയാ, ബലൂണിനെ ചാർജ് ചെയ്യുക?'', അവൻ ചോദിച്ചു.
''ഏട്ടൻ തലയൊന്ന് താഴ്ത്തിയേ. ഞാൻ കാണിച്ചുതരാം,'' പാറു പറഞ്ഞു.
അവൾ ഗൗതമിന്റെ ഉണങ്ങിയ മുടിയിൽ ബലൂൺ നന്നായി ഉരസി.
''ഇപ്പോൾ വേണ്ടത്ര ചാർജായിക്കാണും,'' വലതുകൈയിൽ ബലൂൺ ഉയർത്തിപ്പിടിച്ച് പാറു പറഞ്ഞു.
''ഇനിയെന്താ പരിപാടി?'', ഗൗതമിന് ആകാംക്ഷയായി.
പാറു അവളുടെ ഇടതുകൈ തുറന്നു. വളരെ ചെറുതായി മുറിച്ചിട്ട കുറെ കടലാസുകഷണങ്ങളായിരുന്നു കൈയിൽ.
''ഇതാ, നോക്കിക്കൊള്ളൂ.''
പാറു ഇടതുകൈയിലെ കടലാസുകഷണങ്ങൾക്ക് മുകളിലേക്ക് ബലൂണിന്റെ ഉരസിയ ഭാഗം കൊണ്ടുവന്നു.
കൈയിലെ കടലാസുകഷണങ്ങൾ പറന്നുയർന്നു. അത് ബലൂണിൽ ചാടിപ്പിടിച്ചു. ചില കഷണങ്ങൾ കൈയിലിരുന്ന് ഡാൻസ് കളിക്കാൻ തുടങ്ങി.
പാറുവും ഗൗതമും അദ്ഭുതത്തോടെ, അത് നോക്കിനിന്നു.
''ഏട്ടാ, ഇതിന് പിന്നിലുള്ള സയൻസെന്താ?'', പാറു ചോദിച്ചു.
''പാറൂ, ഇതിന് കാരണം മുടിയിലുരസിയപ്പോൾ ബലൂണിന് ലഭിച്ച ചാർജാണ്. ബലൂൺ മുടിയിലുരസുമ്പോൾ, മുടിയിൽനിന്ന് ഇലക്ട്രോണുകൾ ബലൂണിലേക്കെത്തും. ബലൂൺ അപ്പോൾ നെഗറ്റീവായി ചാർജ് ചെയ്യപ്പെടും. ഇതാണ് കടലാസുകഷണങ്ങൾ ആകർഷിക്കപ്പെടാൻ കാരണം.
ഇവിടെ ബലൂണിന് കിട്ടിയ നെഗറ്റീവ് ചാർജ്, അതേ സ്ഥാനത്തുതന്നെ സ്ഥിതിചെയ്യും. ഇത്തരം വൈദ്യുതചാർജിനെ സ്ഥിതവൈദ്യുതി എന്നാണ് വിളിക്കുക.
സ്‌കെയിലും കടലാസുകഷണങ്ങളും ഉപയോഗിച്ചും ഇതേ പരീക്ഷണം ചെയ്യാം. പാറു ചെയ്തുനോക്കൂ.''
''അത് ചെയ്യാം. ഞാൻ ഒന്നുകൂടി ഈ ബലൂൺ ചാർജ് ചെയ്യട്ടെ. മിസ്റ്റർ ചാർജർ, തലയൊന്ന് കാട്ടൂ,'' പാറു വീണ്ടും ബലൂൺ ഗൗതമന്റെ തലയിൽ ഉരസാൻ തുടങ്ങി.
''താങ്ക്യൂ, ചാർജർ,'' കൈയിൽ വാരിയിട്ട കടലാസുകഷണങ്ങളെ ഡാൻസ് ചെയ്യിപ്പിച്ചുകൊണ്ട്, പാറു പറഞ്ഞു.
Content Highlights: Demonstrates the concept of static electricity using household items