ലോകം നവംബർ 20-ന് ശിശുദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയിൽ എന്തുകൊണ്ട് നവംബർ 14, അറിയാം ആ ചരിത്രം

#ഷിബിന വാസുദേവൻ
ജവഹർലാൽ നെഹ്റു കുട്ടികൾക്കൊപ്പം
ജവഹർലാൽ നെഹ്റു കുട്ടികൾക്കൊപ്പം

കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ചാച്ചാ നെഹ്‌റുവിന്റെ ഓർമ്മകളുമായി രാജ്യം മറ്റൊരു ശിശുദിനംകൂടി ആഘോഷിക്കുകയാണ്. 2026-ലെ ലോക ശിശുദിനത്തിന്റെ പ്രമേയം എന്റെ ദിനം, എന്റെ അവകാശങ്ങൾ, എന്റെ ഭാവി എന്നതാണ്.

1889 നവംബർ 14-ന് ഉത്തർപ്രദേശിലെ അലഹബാദിൽ (ഇപ്പോൾ പ്രയാഗ്രാജ്) ജനിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകന്മാരിലൊരാളായി മാറിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി കൊണ്ടാടുന്നത്. 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1964 മേയ് 27-ന് തന്റെ മരണം വരെ ആ പദവിയിൽ തുടർന്നു.

എല്ലാ തിരക്കുകൾക്കിടയിലും കുട്ടികൾക്കായി സമയം കണ്ടെത്തിയ അവരോട് അളവറ്റ സ്‌നേഹം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി എന്നും നിലകൊണ്ടതുകൊണ്ടാണ് അദ്ദേഹത്തെ സ്‌നേഹത്തോടെ ചാച്ചാ നെഹ്‌റു എന്ന് വിളിച്ചത്. ഒരു രാജ്യത്തിന്റെ വികസനത്തിലും ഉയർച്ചയിലും കുട്ടികൾക്ക് നിർണായക പങ്കുണ്ടെന്ന് നെഹ്‌റു ഉറച്ചുവിശ്വസിച്ചിരുന്നു. ഒരു രാജ്യത്ത് കുട്ടികളെ വളർത്തുന്ന രീതിയാണ് ആ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് എന്ന് അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചിരുന്നതും അതുകൊണ്ടുതന്നെയാണ്.

എന്നാൽ, എന്നുമുതലാണ് നവംബർ 14 ഇന്ത്യയുടെ ശിശുദിനമായി മാറിയത്? അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും അവർക്കായി ഒരു പ്രത്യേക ദിനം ആചരിക്കാനും യുഎൻ പൊതുസഭ 1954-ൽ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ആ വർഷം മുതൽ നവംബർ 20 ന് ലോകശിശുദിനമായി ആഘോഷിച്ച് തുടങ്ങി.

1959 നവംബർ 20-നായിരുന്നു ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശ പ്രഖ്യാപനം; (Declaration of the Rights of the Child) അംഗീകരിച്ചത്. എന്നാൽ 1964 മേയ് മാസത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വിയോഗത്തെതുടർന്ന് കുട്ടികളോടുള്ള അദ്ദേഹം കാത്തുസൂക്ഷിച്ച സ്‌നേഹത്തിന് ആദരമർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിക്കാൻ ഇന്ത്യൻ പാർലമെന്റ് പ്രമേയം പാസാക്കി.

അന്നുമുതലാണ് നമ്മുടെ ആദ്യ പ്രധാനമന്ത്രിയുടെ സ്മരണാർത്ഥം നവംബർ 14 ശിശുദിനമായി ആചരിച്ചുതുടങ്ങിയത്.

Content Highlights: Focuses on the 2026 World Children's Day theme: My Day, My Rights, My Future.