ആരാണീ മന്യം വീരുഡു എന്നറിയാമോ? RRR സിനിമ കണ്ടിട്ടുണ്ടോ?

RRR സിനിമയിൽ രാംചരൺ അവതരിപ്പിച്ച കഥാപാത്രം യഥാർഥത്തിൽ ഒരു സ്വാതന്ത്ര്യസമരസേനാനിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടതാണ്. സിനിമയിൽ കാണിച്ചത് അദ്ദേഹത്തിന്റെ യഥാർഥ ജീവിതകഥയായിരുന്നില്ല. സിനിമയെപ്പോലും വെല്ലുന്ന പ്രക്ഷോഭങ്ങൾ നടത്തിയ ആ സ്വാതന്ത്ര്യസമരസേനാനി. ഈയടുത്ത് ആന്ധ്രാപ്രദേശിലെ ഭോഗാപുരത്ത് ഇദ്ദേഹത്തിന്റെ പേരിൽ ഒരു വിമാനത്താവളവും ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു.
പറഞ്ഞു വരുന്നത് അല്ലൂരി സീതാരാമ രാജുവിനെക്കുറിച്ചാണ്.
1897 ജൂലായ് 4-ന് ജനിച്ച അല്ലൂരി സീതാരാമ രാജു വിസാഗ് (വിശാഖപട്ടണം), ഗോദാവരി മേഖലകളിലെ ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടി.
1882-ലെ ബ്രിട്ടീഷ് മദ്രാസ് ഫോറസ്റ്റ് ആക്ട് വഴി ആദിവാസികളുടെ പരമ്പരാഗത 'പോഡു' കൃഷിരീതി തടയുകയും വനവിഭവങ്ങൾ കൈയേറുകയും ചെയ്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭം.
1922 ഓഗസ്റ്റിൽ ചിന്തപ്പള്ളി, കൃഷ്ണദേവിപേട്ട, രാജവൊമ്മങ്ങി എന്നീ പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ആയുധങ്ങൾ പിടിച്ചെടുത്തതോടെയാണ് ഗറില്ലാ യുദ്ധമുറയിലധിഷ്ഠിതമായ റമ്പ കലാപം ശക്തിപ്രാപിച്ചത്.
ആക്രമണത്തിന് മുൻപ് സ്റ്റേഷനുകളിൽ കത്തെഴുതിവെച്ച് വെല്ലുവിളിക്കുന്ന വേറിട്ട ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. 1924 മെയ് 7-ന്, 26-ാം വയസ്സിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിടികൂടി കോയാലൂരുവിൽവെച്ച് വെടിവെച്ചുകൊന്നു.
ആദിവാസികൾ സ്നേഹത്തോടെ അദ്ദേഹത്തെ 'മന്യം വീരുഡു' (കാടുകളുടെ വീരൻ) എന്ന് വിളിച്ചു.
തന്റെ ബാല്യകാല സുഹൃത്തായ സീത എന്നെ പെൺകുട്ടിയുടെ അകാലമരണത്തെ തുടർന്നാണ് അല്ലൂരി തന്റെ പേരിനൊപ്പം സീത എന്നുകൂട്ടി ചേർത്തതെന്ന് പറയപ്പെടുന്നു. 18-ാമത്തെ വയസ്സിൽ അദ്ദേഹം സന്യാസം സ്വീകരിച്ചു.
Content Highlights: Alluri Sitarama Raju was the real-life inspiration for Ram Charan's character in the movie RRR