ചൂടുകാലത്ത് കരിയിലകൾ കത്തിക്കാൻ പാടില്ലേ ? കഥ വായിച്ചാലോ

#പി.ആര്‍. ദേവി

രാവിലെ അപ്പൂപ്പന്റെ കാപ്പികുടിയും പതിവ് പത്രവായനയും കഴിഞ്ഞു. അതിനുശേഷം അദ്ദേഹം തൊടിയിലേക്കിറങ്ങി. കൂടെ അഞ്ജുവും. വേനലവധിക്കാലമായതുകൊണ്ട് അപ്പൂപ്പന്റെ നിഴലുപോലെ അവളെപ്പോഴുമുണ്ടാവും.

അപ്പൂപ്പൻ തന്റെ കൈയിലെ ചൂലുകൊണ്ട് തൊടിയിലെ കരിയിലകളെല്ലാം തൂത്തുവാരി കൂമ്പാരമാക്കിവെച്ചു. അത് കണ്ടതും അഞ്ജു പറഞ്ഞു:

''അപ്പൂപ്പാ, ഞാനോടിപ്പോയി തീപ്പെട്ടിയെടുത്തിട്ട് വരാം. നമ്മൾക്കിതെല്ലാം കത്തിക്കേണ്ടേ?''

അപ്പോൾ അപ്പൂപ്പൻ പറഞ്ഞു:

''അയ്യോ... വേണ്ട മോളേ, കരിയിലകൾ കത്തിക്കാൻ പാടില്ല. ഈ വെയിലിന്റെ ചൂടുതന്നെ നമ്മൾക്ക് സഹിക്കാനാകുന്നില്ല. അപ്പോൾപ്പിന്നെ, തീയുടെ ചൂടുകൂടിയായാലോ? തീ കത്തുമ്പോൾ പുറത്തുവരുന്ന പുക ആരോഗ്യത്തിനൊട്ടും നല്ലതുമല്ല. മാത്രമല്ല, എത്രയെത്ര ജീവികൾ അതിൽപ്പെട്ട് വെന്തുനൊന്ത് ചാവും? പാവങ്ങൾ!''

അഞ്ജു തലയാട്ടി: ''ശരിയാണല്ലോ അപ്പൂപ്പാ, ഞാനത്രയ്‌ക്കൊന്നും ഓർത്തില്ല.''

അപ്പൂപ്പൻ തുടർന്നു: ''ഈ കരിയിലകൾ ഭൂമിക്കൊരു പുതപ്പാണ്. അവ മണ്ണിനെ ചൂടിൽനിന്ന് സംരക്ഷിക്കുന്നു. പൊടിപടലങ്ങളെ തടുക്കുന്നു. നനയ്ക്കുമ്പോഴും മഴപെയ്താലും മണ്ണിലെ നനവ് അവ നിലനിർത്തുന്നു.''

അഞ്ജുവിന് കാര്യങ്ങൾ മനസ്സിലായി.

''മോളൂ, നമുക്കീ ഉണങ്ങിയ ഇലകൾ അമ്മൂമ്മയുടെ പച്ചക്കറിത്തോട്ടത്തിൽ കൊണ്ടുപോയിടാം. ആ ചെടികൾക്കിവ വളമാകട്ടെ. അതിലുണ്ടാകുന്ന പച്ചക്കറികൾ നമുക്ക് വേണ്ടത്ര കഴിക്കാലോ!''

അഞ്ജു ഉത്സാഹത്തോടെ പറഞ്ഞു: ''അത് മതി അപ്പൂപ്പാ... അങ്ങനെയാണെങ്കിൽ, അമ്മൂമ്മയ്ക്കും സന്തോഷമാകുമല്ലോ!''

Content Highlights: Burning leaves releases harmful smoke and air pollutants., Fire poses a risk to local wildlife and small creatures