കുറുക്കച്ചാരുടെയും കരടിക്കുട്ടന്റെയും കൊതി മാറിയ കഥ വായിക്കാം

പാലാഴിക്കാട്ടിൽ രണ്ട് കൂട്ടുകാരുണ്ടായിരുന്നു. വജ്രൻ കുറുക്കനും ഡിക്കുക്കരടിയും.
എന്നും രാവിലെ രണ്ടുപേരും ചേർന്ന് ചുറ്റാനിറങ്ങും. വജ്രൻ കുറുക്കൻ ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്കേ നോക്കൂ. വല്ല മുയലോ പൂവൻകോഴിയോ മറ്റോ തടഞ്ഞാൽപ്പിന്നെ കാര്യം കുശാൽ! ഡിക്കുക്കരടിയുടെ നോട്ടം നേരെ മുകളിൽ മരച്ചില്ലയിലേക്കും. ഉഗ്രനൊരു തേൻകൂട് കാണണമെന്നാ ഡിക്കുവിന്റെ മോഹം.
''തേൻകൂടു വേണം കോഴിയും വേണം
ചങ്ങാതിമാരവർ യാത്രയായി.
കറുമുറെ തിന്നിട്ട് ചായുറങ്ങേണം
കൊതികൂടി രണ്ടാളും ചുറ്റിടുന്നേ!''
ഒരു ദിവസം രണ്ടുകൂട്ടുകാരുംകൂടി കാട് ചുറ്റുകയായിരുന്നു. രണ്ടാളും വിശന്നുവലഞ്ഞായിരുന്നു നടപ്പ്. അപ്പോഴുണ്ട് കുറ്റിക്കാടിനടുത്ത് ഉഗ്രനൊരു പൂവൻകോഴി...! വജ്രൻകുറുക്കൻ പൂവൻകോഴിയുടെ നേരെ ഒറ്റച്ചാട്ടം! പേടിച്ചരണ്ട പൂവൻകോഴി അടുത്തുകണ്ട മാവിൻകൊമ്പിലേക്ക് പറന്നുകയറി!
മാവിൻകൊമ്പിൽക്കയറിയ പൂവൻകോഴിയെ ഡിക്കുക്കരടി ഒറ്റച്ചാട്ടത്തിന് മരത്തിൽക്കയറി കൈക്കലാക്കി. ''ഹായ്... വേഗം താ കോഴിച്ചാരെ... വായിൽ വെള്ളമൂറുന്നു...!'', കുറുക്കച്ചന് കൊതിയായി.
''ഹ...ഹ. അങ്ങനെയിപ്പോ വേണ്ട. മരത്തിനു മുകളിൽനിന്നും കിട്ടുന്നതൊക്കെ എനിക്കുള്ളതാ... ഈ കോഴിയെ എനിക്ക് വേണം...!'', ഡിക്കുക്കരടി പറഞ്ഞു. രണ്ടുകൂട്ടുകാരും തമ്മിൽ പൊരിഞ്ഞ അടിയായി.
ദേഷ്യം വന്ന വജ്രൻകുറുക്കൻ മരത്തിൽ കണ്ട തേൻകൂടുനോക്കി ഒരു കല്ല് വലിച്ചെറിഞ്ഞു. അതോടെ തേനീച്ചകൾ ഇളകി. ആദ്യത്തെ കുത്തുകിട്ടിയതും ഡിക്കുക്കരടി കൈവിട്ട് താഴേക്ക് ഒറ്റ വീഴ്ച. വീണത് വജ്രൻകുറുക്കന്റെ തലയിലും. പിന്നാലെ എത്തിയ തേനീച്ചകൾ രണ്ടുപേരെയും തലങ്ങും വിലങ്ങും കുത്തി. ഈ തക്കത്തിന് കോഴി ജീവനുംകൊണ്ടോടുകയും ചെയ്തു. വഴക്കിട്ടതാണ് ഇതിനെല്ലാം കാരണമെന്ന് രണ്ടുപേർക്കും തോന്നി. അതിനുശേഷം അവർ കിട്ടുന്നതിൽ പാതി പങ്കിട്ടുകഴിച്ച് ജീവിച്ചു.
''പങ്കിട്ടു തിന്നണം നമ്മളെന്നും
നല്ലവരാകണം എന്നുമെന്നും
ചങ്ങാതി നന്നായാൽ പേടിവേണ്ട
കൊതിയതു മാറ്റിയാൽ വഴക്കുവേണ്ട!''
Content Highlights: The importance of sharing resources between friends., The negative consequences of greed and selfishness.