ആരാണ് എലന്റെ പൂന്നാരപ്പൂച്ച ഗ്രിന്നിനെ ദേഷ്യം പിടിപ്പിച്ചത്?

വീട്ടിലെ വികൃതിക്കുട്ടിയാണ് എലൻ. അച്ഛനും അമ്മയും ഒന്ന് വിളിച്ചുനോക്കിയാൽ മിക്ക സമയത്തും കക്ഷിയുടെ പൊടിപോലും കാണാറില്ല. എവിടേക്കാണ് എലൻ ഇങ്ങനെ മുങ്ങുന്നതെന്നറിയാമോ?
എലന്റെ അരുമയായ പൂച്ചയാണ് ഗ്രിൻ. ഏത് നേരവും എലൻ ഗ്രിന്നിന്റെ കൂടെയാണ്. 'മെയ്ക്ക് മീ ആൻ എയ്ഞ്ചൽ...' എന്ന എലന്റെ ഇഷ്ടപ്പെട്ട പാട്ടിനൊപ്പം ഗ്രിന്നും ചുവടുവയ്ക്കും.
എന്തിന്, രാവിലെ എലൻ യോഗചെയ്യുമ്പോൾ ഗ്രിൻ അവളുടെ കൈക്കുള്ളിൽ ഒരു അലോസരവുമുണ്ടാക്കാതെ പതുങ്ങിയിരിക്കും. കിച്ചൺ സെറ്റിൽ കളിക്കുമ്പോൾ എലനുണ്ടാക്കുന്ന പച്ചില ജ്യൂസും മൾബെറി സോസുമെല്ലാം ഗ്രിന്നിലാണവൾ പരീക്ഷിക്കുന്നത്. ഗ്രിൻ ഒരു മടിയും കൂടാതെ ഇതെല്ലാം രുചിച്ചുനോക്കും. ഒരുമിച്ചവർ ബീച്ചിൽ പോകും; വീഡിയോ കാണും; ഊഞ്ഞാലാടും. അവസാനം രാത്രി ഒരുമിച്ചൊരു ബെഡ്ഡിൽ തളർന്നുവീണുറങ്ങും.
'ഇങ്ങനെ ഒരു കൂട്ട്!'', അച്ഛനും അമ്മയും അവളെ ഒന്ന് കാണാൻ കിട്ടാത്ത വിഷമത്തിൽ മുറുമുറുക്കും.
അങ്ങനെ, സ്‌കൂളില്ലാത്ത ഒരുദിവസം രാവിലെ എലൻ ഗ്രിന്നിനെയും കൂട്ടി കൂട്ടുകാരി മിഷേലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. എലന്റെ വീട്ടിൽനിന്ന് കുറച്ച് ദൂരം നടന്നാൽ മിഷേലിന്റെ വീട്ടിലെത്താം.
പോകുന്ന വഴിയെ കാട്ടുപൂക്കൾ പറിച്ചും മധുരക്കായകൾ രുചിച്ചും അവർ നടന്നുനീങ്ങി. വൈകാതെ, അവർ മിഷേലിന്റെ വീട്ടിലെത്തി. അവിടെനിന്ന് പല തരത്തിലുള്ള കളികൾ കളിച്ചു. എല്ലാറ്റിലും മുന്നിൽ ഗ്രിന്നുമുണ്ടായിരുന്നു. ഏറെ നേരം കളിച്ച് രസിച്ച് അവർ ക്ഷീണിച്ചുപോയി.
മിഷേലിന്റെ അമ്മ എല്ലാവർക്കും തോട്ടത്തിൽ വിളഞ്ഞ തണ്ണിമത്തൻ കഴിക്കാൻ കൊടുത്തു. അവർ വയറ് നിറയെ തണ്ണിമത്തൻ കപ്പം കുപ്പമെന്ന് കഴിച്ചുതീർത്തു.
ക്ഷീണത്താൽ തളർന്നുപോയ എലനും മിഷേലും ഗ്രിന്നും ഒന്ന് മയങ്ങിപ്പോയി. എന്നാൽ ഇതൊന്നും രസിക്കാത്ത ഒരാൾ ഉണ്ടക്കണ്ണുകളുമുരുട്ടി അവരെ ഏറെ നേരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പുറത്തെ വീട്ടിലെ ഭീകരനായ, കൈസർ എന്ന പട്ടിയായിരുന്നു അത്.
വീട്ടിലെത്തിയ ഉടൻ അച്ഛൻ ചോദിച്ചു:
''രണ്ടുപേരും കൂടെ അവിടെ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ലല്ലോ അല്ലേ?''
''ഹേയ് ഇല്ല...'', ഹെലൻ അതും പറഞ്ഞ് ഗ്രിന്നിനെ നോക്കി കണ്ണിറുക്കി.
ഗ്രിൻ അവളുടെ ദേഹത്തേക്ക് ഒന്നു കൂടെ ചേർന്നിരുന്നു.
കൈസർ ജനാലയ്ക്കരികിൽനിന്ന് മുരളുന്നത് കേട്ട് ഗ്രിൻ കണ്ണ് തുറന്നു. കൈസറിന്റെ നിൽപ്പും നോട്ടവും ഗ്രിന്നിനൊട്ടും രസിച്ചില്ല. ഗ്രിൻ മുറിയിൽനിന്നെണീറ്റ് പതുക്കെ വെളിയിലേക്ക് ചെന്നു. കൈസറിനെ നോക്കി ഒന്ന് മുരണ്ടു.
ഇത് കേട്ടതും കൈസർ പാഞ്ഞുവന്ന് ഗ്രിന്നിനെ നോക്കി കുരയോട് കുര. ഗ്രിന്നും വിട്ടുകൊടുത്തില്ല. വില്ലുപോലെ വളഞ്ഞുനിന്ന് ശരീരം വിറപ്പിച്ച് അവനും കരഞ്ഞു. തന്റെ കൈ മടക്കി കൈസറിന്റെ മുഖത്തൊന്ന് കൊടുക്കാനായിരുന്നു ഗ്രിന്നിന്റെ പ്ലാൻ.
എന്നാൽ, ബഹളം കേട്ട മിഷേലും എലനും ഞെട്ടിയുണർന്ന് അപകടം മനസ്സിലാക്കി, പാഞ്ഞുവന്നു. എലൻ ഒറ്റക്കുതിപ്പിന് ഗ്രിന്നിനെ കൈയിലെടുത്തു. മിഷേലാകട്ടെ, കൈസറിനെ ഓടിച്ചുവിട്ടു.
''പോട്ടെ ഗ്രിൻ... അവനുള്ളത് നമുക്ക് പിന്നെക്കൊടുക്കാം,'' മിഷേൽ അവനെ ആശ്വസിപ്പിച്ചു.
എലനും അത് ശരിവയ്ക്കുന്ന മട്ടിൽ തലയാട്ടി ഗ്രിന്നിന്റെ പുറത്ത് തലോടി. അപ്പോഴേക്കും അവന്റെ ദേഷ്യമെല്ലാം എങ്ങോ പോയിരുന്നു. എലൻ ഗ്രിന്നിനെയുമെടുത്ത് വീട്ടിലേക്ക് മടങ്ങി.
Content Highlights: story of a girl who love her pet very much and their relation with each other