നിങ്ങൾ അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാറുണ്ടോ? ഈ സിംഹക്കുട്ടിയുടെ കഥ വായിച്ചോളൂ...

കാടിന്റെ നടുവിലുള്ള വലിയൊരു ഗുഹയിലായിരുന്നു ശീരു എന്ന സിംഹക്കുട്ടിയും അവന്റെ അച്ഛനും അമ്മയും താമസിച്ചിരുന്നത്. കാട്ടിലെ എല്ലാവർക്കും ശീരുവിനെ വലിയ കാര്യമായിരുന്നു. എന്നാൽ അവൻ ഒരു മഹാവികൃതിയായിരുന്നു! മരത്തിൽ തൂങ്ങിയാടുന്ന കുരങ്ങൻമാരുടെ വാലിൽ പിടിച്ച് വലിക്കുക, ഉറങ്ങിക്കിടക്കുന്ന ആനയുടെ തുമ്പിക്കൈയിൽ തട്ടിവിളിക്കുക എന്നതൊക്കെയായിരുന്നു അവന്റെ പ്രധാന വിനോദങ്ങൾ. ഒരു ദിവസം രാവിലെ, കാടിന്റെ പച്ചപ്പുല്ല് നിറഞ്ഞ ഭാഗത്ത് അച്ഛൻ സിംഹത്തോടൊപ്പം നടക്കാൻ പോയതായിരുന്നു ശീരു. പെട്ടെന്നാണ് ദൂരെ പുല്ലുമേഞ്ഞു നിൽക്കുന്ന ഒരു പുള്ളിമാൻകൂട്ടത്തെ അവർ കണ്ടത്. അച്ഛൻ സിംഹം ശീരുവിനോട് അടങ്ങിയിരിക്കാൻ ആംഗ്യം കാണിച്ചു. എന്നിട്ട്, പുല്ലുകൾക്കിടയിലൂടെ ഒട്ടും ശബ്ദമുണ്ടാക്കാതെ പതുങ്ങിപ്പതുങ്ങി ചെന്നു. മാൻകൂട്ടം അറിയും മുമ്പേ അച്ഛൻ സിംഹം ഒരൊറ്റ ചാട്ടം! നിമിഷനേരം കൊണ്ട് അച്ഛൻ ഒരു മാനിനെ വേട്ടയാടിപ്പിടിച്ചു. ഇതെല്ലാം കണ്ട് അദ്ഭുതത്തോടെ നോക്കിനിന്ന ശീരു തുള്ളിച്ചാടിപ്പറഞ്ഞു:

'എനിക്കും ഇതുപോലെ വേട്ടയാടണം!' അച്ഛൻ സിംഹം ചിരിച്ചുകൊണ്ട് ശീരുവിന്റെ തലയിൽ തഴുകി: 'ശീരുക്കുട്ടാ, വേട്ടയാടുന്നത് അത്ര എളുപ്പമുള്ള പണിയല്ല. അതിന് നല്ല ക്ഷമയും പരിശീലനവും വേണം. ഇപ്പോൾ നീ ഇതെല്ലാം കണ്ടു പഠിച്ചാൽ മതി. വലുതാകുമ്പോൾ മോനും ഇതുപോലെ വേട്ടയാടാമല്ലോ!'

പക്ഷേ, കുസൃതിക്കാരനായ ശീരു അച്ഛൻ പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല. 'എനിക്ക് ഇപ്പോഴേ വേട്ടയാടാൻ അറിയാം' എന്ന് അവൻ മനസിൽ കരുതി. അച്ഛൻ സിംഹം വേട്ടയാടിയ ഇരയുമായി ഗുഹയിലേക്ക് പോയ സമയം നോക്കി ശീരു പതുക്കെ മാൻകൂട്ടത്തിന്റെ അടുത്തേക്ക് നീങ്ങി. അച്ഛൻ ചെയ്തതുപോലെ പുല്ലുകൾക്കിടയിൽ പതുങ്ങിയിരുന്നു. അവന്റെ കുഞ്ഞു കണ്ണുകൾ വലിയൊരു മാനിന്റെ നേർക്ക് വട്ടത്തിൽ കറങ്ങി. 'ഇപ്പോൾ കാണിച്ചുതരാം!'' എന്ന് മനസ്സിൽ വിചാരിച്ച്, ശീരു ആ മാനിന്റെ നേർക്ക് ഒരൊറ്റ ചാട്ടം ചാടി! പക്ഷേ, കാര്യങ്ങൾ അവൻ വിചാരിച്ചതുപോലെ നടന്നില്ല. ശീരു വരുന്നതുകണ്ട മാൻ പെട്ടെന്ന് തിരിഞ്ഞുനിന്ന്, തന്റെ ശക്തമായ പുറങ്കാലുകൊണ്ട് ഒരൊറ്റത്തൊഴി! 'പ്ടക്!' മാനിന്റെ തൊഴിയേറ്റത് ശീരുവിന്റെ മൂക്കിലായിരുന്നു. 'അയ്യോ അമ്മേ...!' എന്ന് നിലവിളിച്ച് ശീരു നിലത്തു വീണുരുണ്ടു. മാൻകൂട്ടം കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. കരഞ്ഞുകൊണ്ട് ശീരു പതുക്കെ ഗുഹയിലേക്ക് മടങ്ങിയെത്തി. തന്റെ തെറ്റ് മനസ്സിലാക്കിയ ശീരു തലതാഴ്ത്തി പറഞ്ഞു: 'അച്ഛാ, ഞാൻ പറഞ്ഞത് കേൾക്കാതെ ചാടിപ്പുറപ്പെട്ടതാണ്. വലിയവർ പറയുന്നത് കേൾക്കണമെന്നും, കാര്യങ്ങൾ പഠിച്ചെടുക്കാൻ ക്ഷമ വേണമെന്നും എനിക്ക് മനസ്സിലായി.' അന്നു മുതൽ ശീരു വികൃതികളൊക്കെ അവസാനിപ്പിച്ച്, അച്ഛൻ പറയുന്നത് കൃത്യമായി അനുസരിക്കുന്ന നല്ലൊരു കുട്ടിയായി മാറി!

Content Highlights: Engaging moral story for children featuring a lion cub named Sheeru., Teaches the importance of listening to parents and elders.