പുരാണ കഥ: ഭൂമിയിൽ ലോഹങ്ങൾ പിറന്നതെങ്ങിനെ?

പണ്ടുപണ്ട് ലോഹാസുരൻ എന്നൊരു ദുഷ്ടനായ രാക്ഷസൻ ഉണ്ടായിരുന്നു. മഹാശക്തിശാലിയായിരുന്നു അവൻ.
ഒരിക്കൽ ബ്രഹ്‌മാവ് ഒരു യാഗം നടത്താനൊരുങ്ങി. ആ വിവരം അറിഞ്ഞ ലോഹാസുരൻ വേഗം അങ്ങോട്ട് വച്ച് പിടിച്ചു. കാരണം യാഗങ്ങൾ മുടക്കൽ ആ ദുഷ്ടന്റെ വിനോദമായിരുന്നു.
അങ്ങനെ ലോഹാസുരൻ യാഗവേദിക്കരികിലെത്തി. അവൻ അവിടെയുള്ള ദേവന്മാരെയൊക്കെ തന്റെ ഗദ കൊണ്ട് തല്ലിയോടിക്കാൻ തുടങ്ങി. ലോഹാസുരന്റെ ധിക്കാരം കണ്ട് മഹാവിഷ്ണു കുപിതനായി. അദ്ദേഹം അതിശക്തമായ ഒരു വാളെടുത്തു ലോഹാസുരനെ നേരിട്ടു. ആകാശത്തു വച്ച് അവർ ഇരുവരും ഘോരമായി പോരാടി.
വിഷ്ണുവിന്റെ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ലോഹാസുരൻ പതറി. ഈ നേരത്തു വിഷ്ണു ഭഗവാൻ ലോഹാസുരന്റെ അവയവങ്ങളൊക്കെ ഒന്നൊന്നായി അരിഞ്ഞു ഭൂമിയിലേക്ക് ഇട്ടു.
ഭൂമിയിൽ വീണ ഓരോ അവയവവും ഓരോ ലോഹങ്ങളായി മാറിക്കൊണ്ടിരുന്നു. അവ ഇരുമ്പ്, ചെമ്പ്, സ്വർണം, വെള്ളി എന്നിങ്ങനെ രൂപമെടുത്ത് ഭൂമിക്കടിയിലേക്ക് പോയി മറഞ്ഞു. അങ്ങനെ ദുഷ്ടനായ ലോഹാസുരൻ മരിക്കുകയും ഭൂമിയിലുള്ളവർക്ക് ഉപകാരപ്രദമായ അനവധി ലോഹങ്ങൾ ലഭിക്കുകയും ചെയ്തു.
Content Highlights: Explains the mythological origin of metallic elements on Earth