മിട്ടു ആനയുടെ പഴക്കുല തട്ടിയെടുക്കാൻ ഡൂഡുക്കരടിക്കാകുമോ?

ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരെയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്നുവലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. 'ഹയ്യട! ഉഗ്രൻ പഴക്കുല!', മിട്ടു ആന തുമ്പിക്കൈയിൽ പഴക്കുലയുമെടുത്ത് കാട്ടിലൂടെ നടന്നു. അപ്പോൾ മിന്നുക്കാക്ക അതുവഴി വന്നു. മിട്ടുവിന്റെ കൈയിലെ പഴക്കുല കണ്ടതും മിന്നുക്കാക്ക ചോദിച്ചു.
''മിട്ടുക്കുട്ടാ പുന്നാരേ
നല്ല വിശപ്പാണയ്യയ്യോ
തന്നീടാമോ നീ വേഗം
തിന്നാനായി നല്ല പഴം!''
''അതിനെന്താ?'', മിട്ടു കുലയിൽ നിന്നും ഒരുഗ്രൻ പഴം ഉരിഞ്ഞ് മിന്നുക്കാക്കയ്ക്ക് നൽകി.
അവളത് സന്തോഷത്തോടെ തിന്നാൻ തുടങ്ങി. ഈ സമയത്താണ് കൊതിയൻ ഡൂഡുക്കരടിയുടെ വരവ്. മോഷണവും പിടിച്ചുപറിയുമാണ് ഡൂഡുവിന്റെ തൊഴിൽ. മിട്ടു ആനയുടെ കൈയിലെ പഴക്കുല കണ്ട ഡൂഡുവിന്റെ വായിൽ വെള്ളമൂറി. 'ഹയ്യട, ഉഗ്രൻ പഴക്കുല. ഇത് തട്ടിയെടുക്കണം!', അവൻ ചിന്തിച്ചു.
ഡൂഡു പമ്മിപ്പതുങ്ങിച്ചെന്ന് മിട്ടു ആനയുടെ തുമ്പിക്കൈയിൽ ഒരുഗ്രൻ മാന്തുകൊടുത്തു.
''ഹമ്മേ!'', മിട്ടു നിലവിളിച്ചുകൊണ്ട് പഴക്കുല താഴെയിട്ടു. ഈ തക്കത്തിന് ഡൂഡു പഴക്കുല തട്ടിയെടുത്ത് ഓടാൻ തുടങ്ങി. ഇതുകണ്ട് മിന്നുക്കാക്ക എന്തുചെയ്‌തെന്നോ? പറന്നുചെന്ന് താൻ തിന്ന പഴത്തിന്റെ തൊലി ഡൂഡു ഓടുന്ന വഴിയിൽ ഇട്ടു.
പഴത്തൊലിയിൽ ചവിട്ടിയ ഡൂഡു കരടി 'പൊത്തോ'ന്ന് ഒറ്റവീഴ്ച! പിറകെ ഓടിവന്ന മിട്ടു ആന, ഡൂഡുവിന് കണക്കിന് കൊടുത്തു. തല്ലുകൊണ്ട് വേദനിച്ച ഡൂഡുക്കരടി ജീവനുംകൊണ്ട് ഓടി. തന്നെ സഹായിച്ച മിന്നുക്കാക്കയോട് മിട്ടു ആന നന്ദി പറഞ്ഞു. എന്നിട്ട് പഴക്കുലയുമായി യാത്ര തുടർന്നു.
Content Highlights: Engaging Malayalam children's story with a moral lesson, Characters include Mittu the helpful elephant, Minnukkakka, and Doodu the greedy bear, Teaches children about friendship, helping others.