പാവത്താനായ കുഞ്ഞുണ്ണി പറഞ്ഞത് വല്ല്യുണ്ണി കേട്ടില്ല. എന്നിട്ടെന്തായെന്നറിയണ്ടേ?

#ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്‌

കുഞ്ഞുണ്ണിയും വല്ല്യുണ്ണിയും സഹോദരങ്ങളാണ്. കുഞ്ഞുണ്ണി മഹാപാവമാണ്, വല്ല്യുണ്ണി മഹാവില്ലനും.
ഒരുദിവസം രണ്ടുപേരുംകൂടി പാടത്ത് കളിക്കാൻ പോയി. അപ്പോൾ കുഞ്ഞുണ്ണി പറഞ്ഞു:
“വല്ല്യുണ്ണിചേട്ടാ വല്യചേട്ടാ
വില്ലത്തരങ്ങൾ കാട്ടിടല്ലേ
പാടത്തുകൂടി ഓടിടല്ലേ
പാടത്തെ കൂട്ടരെ ആട്ടിടല്ലേ!”

എന്നാൽ കുഞ്ഞുണ്ണി പറഞ്ഞത് വല്ല്യുണ്ണിയുണ്ടോ കേൾക്കുന്നു. അവൻ പറഞ്ഞു:
“ഒന്നു പോടാ കുഞ്ഞുണ്ണീ
തത്തക്കുഞ്ഞിനെ കല്ലെറിയും
കുഞ്ഞണ്ണാനെ ഓടിക്കും
മിണ്ടിപ്പോയാൽ തല്ലുതരും!”

എന്നിട്ട് അവൻ ഒരു കല്ലെടുത്ത് പാടത്തിരുന്ന അണ്ണാനെ ഒരൊറ്റയേറ്! ഭാഗ്യം, കല്ല് അണ്ണാന്റ ദേഹത്ത് കൊണ്ടുകൊണ്ടില്ല എന്ന മട്ടിൽ തെറിച്ചുവീണു.
വല്ല്യുണ്ണിക്ക് വാശിയായി.
ഒരു കല്ല് കൂടി എടുത്ത് അവൻ അണ്ണാനെ നോക്കി എറിഞ്ഞു.
കല്ല് ഒരു മരത്തിൽ തട്ടി നേരെ തിരിച്ചുവന്ന് വല്ല്യുണ്ണിയുടെ നെറ്റിയിൽക്കൊണ്ടു!
നെറ്റി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. പേടിച്ചുപോയ കുഞ്ഞുണ്ണി വിളിച്ചുകൂവി.
“അമ്മേയച്ഛാ ഓടിവായോ…
വല്ല്യുണ്ണിചേട്ടന്റെ നെറ്റിപൊട്ടി
വേഗം വരികയീ പാടത്തേക്ക്
നോക്കിനിന്നെന്റെ തല കറങ്ങീ!”

ഒച്ച കേട്ട് അച്ഛനും അമ്മയും ഓടിയെത്തി. അവർ വല്ല്യുണ്ണിയെ ആശുപത്രിയിലെത്തിച്ചു. മുറിവ് മരുന്നുവെച്ചുകെട്ടി.
അമ്മ വല്ല്യുണ്ണിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
''മോനേ നാം ആരേയും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താൽ നമുക്ക് ആപത്തേ വരൂ!''
വല്ല്യുണ്ണിക്ക് തന്റെ തെറ്റ് മനസ്സിലായി. അന്നുമുതൽ വല്ല്യുണ്ണി വികൃതിയൊക്കെ ഉപേക്ഷിച്ച് നല്ലുണ്ണിയായി.

Content Highlights: Teaches the importance of kindness towards animals and others., Highlights the consequences of impulsive and harmful behavior., Promotes positive behavioral change through moral reflection., Includes a clear lesson for children on empathy and safety.