വികൃതിക്കാരൻ കുഞ്ഞനുറുമ്പിന്റെ വികൃതി മാറിയത് എങ്ങനെയാണെന്നറിയാമോ?

കുഞ്ഞനുറുമ്പ് മഹാവികൃതിയാണ്. അമ്മയുറുമ്പ് പറയുന്നത് അനുസരിക്കില്ല എന്നു മാത്രമല്ല, മറ്റുള്ളവരെ തരം കിട്ടുമ്പോൾ വെറുതെ ഉപദ്രവിക്കുകയും ചെയ്യും. വികൃതി കാട്ടരുതെന്ന് അമ്മയുറുമ്പ് ഇടയ്ക്കിടയ്ക്ക് പറയും. എന്നാലതൊന്നും കുഞ്ഞനുറുമ്പ് ചെവിക്കൊള്ളില്ല. ഒരു ദിവസം വീടിന്റെ മുറ്റത്ത് ഉറങ്ങുകയായിരുന്ന പട്ടിക്കുട്ടിയുടെ ചെവിയിൽ കയറി കുഞ്ഞനുറുമ്പ് കുസൃതി കാട്ടി. പട്ടിക്കുട്ടി മോങ്ങിക്കൊണ്ട് പറഞ്ഞു:
“കുഞ്ഞനുറുമ്പേ ചെയ്യരുതേ
ചെവിയിൽ കയറിക്കൂടരുതേ
വയ്യാതിങ്ങു കിടക്കുമ്പോൾ
അയ്യോ! കുഞ്ഞാ ചെയ്യരുതേ!”
പട്ടിക്കുട്ടിയുടെ മോങ്ങലുകേട്ട് കുഞ്ഞനുറുമ്പിന് ചിരിവന്നു. മറ്റൊരിക്കൽ കുഞ്ഞനുറുമ്പിന്റെ കുസൃതി കുറിഞ്ഞിപ്പൂച്ചയോടായിരുന്നു. കുറിഞ്ഞിയുടെ വാലിൽ കയറി കടിക്കാൻ തുടങ്ങി.
“പാലു കുടിച്ചിട്ടിത്തിരി നേരം
മൂലയിലൊന്നു കിടക്കുമ്പോൾ
വാലിലിറുക്കി നോവിക്കല്ലേ
കുഞ്ഞനുറുമ്പേ പോയാട്ടെ!”
അമ്മയുറുമ്പ് ഇത് കണ്ട് കുഞ്ഞനുറുമ്പിനെ എങ്ങനെയൊക്കെയോ വിളിച്ച് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു:
“വികൃതികളധികം കാട്ടീടിൽ
അപകടമാകും സൂക്ഷിച്ചോ!”
എന്നാൽ കുഞ്ഞനുറുമ്പുണ്ടോ അതു വല്ലതും കേൾക്കുന്നു! ഒരു ദിവസം വീർപ്പിച്ചുവച്ച വലിയ ബലൂൺ കണ്ടപ്പോൾ കുഞ്ഞനുറുമ്പ് അതിനടുത്ത് ചെന്നുനോക്കി. കാണാൻ നല്ല ചന്തമുണ്ട്. കുഞ്ഞനുറുമ്പ് ചാടി ബലൂണിൽ കയറി. ബലൂൺ ചെറുതായിട്ട് ഒന്ന് ആടി “ഹയ്യടാ! നല്ല രസം!”, കുഞ്ഞനുറുമ്പ് പറഞ്ഞു. കുറച്ചുനേരം ബലൂണിൽ ആടിയ ശേഷം കുഞ്ഞനുറുമ്പിന് ഒരു കുസൃതി തോന്നി. അവൻ ബലൂണിനെ ഒന്ന് കടിച്ചുനോക്കി. പെട്ടെന്ന് ഠോ! എന്ന് ബലൂൺ പൊട്ടി. കുഞ്ഞനുറുമ്പ് ദൂരെ തെറിച്ചു വീണു. അവൻ പേടിച്ച് കരയാൻ തുടങ്ങി. ശബ്ദം കേട്ട് അമ്മയുറുമ്പ് ഓടി വന്നു. കാര്യങ്ങൾ മനസ്സിലായ അമ്മയുറുമ്പ് പറഞ്ഞു.
“കുറുമ്പുകാട്ടും ഉറുമ്പുകുഞ്ഞേ
കുറുമ്പുകളിനിമേൽ കാട്ടല്ലേ
കുറുമ്പുകളേറിപ്പോയിടീൽ
അപകടമിനിയും വന്നീടും!”
അമ്മയുറുമ്പ് പറയുന്നതിൽ കാര്യമുണ്ടെന്ന് അപ്പോഴേക്കും കുഞ്ഞനുറുമ്പിന് മനസ്സിലായി. പിന്നീട് കുഞ്ഞനുറുമ്പ് വികൃതി കാട്ടിയിട്ടേയില്ല. നല്ല അനുസരണയോടെ ജീവിച്ചു.
Content Highlights: Engaging moral story about a naughty baby ant in Malayalam, Teaches children the importance of listening to parents, Highlights the consequences of mischievous behavior.