ഡിങ്കുക്കടുവയും ചിമ്പനാനയും ഓടിവരുന്നത് കിണ്ടനണ്ണാൻ കണ്ടു. എന്നിട്ടോ?

എന്തും പെരുപ്പിച്ചു പറയുന്ന വിരുതനാണ് കിണ്ടനണ്ണാൻ. ഒരു ദിവസം കിണ്ടൻ കാട്ടരുവിക്കരയിലിരുന്ന് കാറ്റുകൊള്ളുകയായിരുന്നു. അപ്പോൾ വാലിനു തീപിടിച്ചതുപോലെ ചിമ്പനാന ഓടിവരുന്നു. പിന്നാലെ ഡിങ്കുക്കടുവയും പാഞ്ഞുവരുന്നു. ഇതുകണ്ട് കിണ്ടൻ ഒറ്റയോട്ടം. "അറിഞ്ഞോ, ഡിങ്കുക്കടുവ ചിമ്പനാനയെ അടിക്കാനോടുന്നു. പൊരിഞ്ഞ അടിനടക്കും!", ഓട്ടത്തിനിടെ അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.
"കാട്ടിലൊരുഗ്രൻ പോരാട്ടം
അടിയോടടിയും കടിപിടിയും
അവരുടെ പോരു കടുക്കുമ്പോൾ
കാടുവിറയ്ക്കും കട്ടായം!
ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. "ചിമ്പൻ, ഡിങ്കുവിന്റെ കാലിൽ ചവിട്ടി. അതിനാ അടി! കിണ്ടൻ ഒരു നുണ തട്ടിവിട്ടു. " എന്നാലും ചിമ്പൻ ചെയ്തത് ശരിയായില്ല!", പുള്ളിപ്പുലിയും കാട്ടുപോത്തും പറഞ്ഞു. ഇത് മറ്റുചിലർക്ക് അത്ര പിടിച്ചില്ല. ''ഹും, ആ ഡിങ്കു വല്ല വികൃതിയും ഒപ്പിച്ചുകാണും!'' കുങ്കൻ ഹിപ്പോയും ഢിംഭൻ പെരുമ്പാമ്പും ചിമ്പൻ ചെയ്തത് ശരിയായണെന്ന് ഉറക്കെ പറഞ്ഞു. അതോടെ കാട്ടിലെ കൂട്ടുകാർ ചേരിതിരിഞ്ഞ് വഴക്ക് തുടങ്ങി.
"ഡിങ്കു ഞങ്ങടെ പുന്നാര
അവനെത്തൊട്ടു കളിക്കല്ലേ
ചിമ്പൻ ഞങ്ങടെ നേതാവ്
അവനെ വെല്ലാനാരുണ്ട്?"
കിണ്ടനണ്ണാന് സന്തോഷമായി. "ഹി! ഹി! അടിപിടിയും വഴക്കുമൊക്കെ കാാണാൻ എന്തുരസമാ!", അവൻ മരക്കൊമ്പിൽ ഞെളിഞ്ഞിരുന്നു. അപ്പോഴതാ ഡിങ്കുവും ചിമ്പനും കളിച്ചു ചിരിച്ചുകൊണ്ട് നടന്നുവരുന്നു.
എല്ലാവരും ഇതു കണ്ട് അമ്പരന്നു. ''നിങ്ങളു തമ്മിൽ വഴക്കല്ലേ?'' അവരിലാരോ ചോദിച്ചു. ''ങേ, വഴക്കോ?'' ഡിങ്കുവിനും ചിമ്പനും ഒന്നും മനസ്സിലായില്ല. " പിന്നെ ഡിങ്കു, ചിമ്പനെ ഓടിച്ചതെന്തിനാ?", പോണിക്കുരങ്ങൻ ചോദിച്ചു. "അത് ഞങ്ങൾ ഓടിപ്പിടിത്തം കളിച്ചതല്ലേ?", ഇതുകേട്ട് എല്ലാവരും മൂക്കത്ത് വിരൽ വച്ചു. ഇല്ലാക്കഥ പറഞ്ഞ് ഈ വഴക്കെല്ലാം ഉണ്ടാക്കിയത് കിണ്ടനണ്ണാനാ!', അവർ കിണ്ടന്റെ നേരെ തിരിഞ്ഞു. എന്തായാലും ആ ഒറ്റ ദിവസം കൊണ്ട് അവന്‍റെ ഏഷണിപ്പണിയും നുണ പറച്ചിലും നിന്നു.
Content Highlights: Kindan spreads a rumor about a fight, leading to chaos in the forest.