പാവത്താനായ ജമ്പുവാനയുടെ കഥ വായിച്ചാലോ?

ഒരു പാവത്താനായിരുന്നു ജമ്പു ആന. കാട്ടിലെ മാനും മുയലും കുരങ്ങനുമെല്ലാമാണ് അവന്റെ കൂട്ടുകാർ. എന്നാൽ എല്ലാവരും ജമ്പുവിനെ തടിയനെന്ന് വിളിച്ച് കളിയാക്കും. അതുകൊണ്ട് ജമ്പു കൂട്ടുകാരോടൊപ്പം കളിക്കാൻ പോകാറേയില്ല.
ഒരു ദിവസം കൂട്ടുകാർ ജമ്പുവിനെ കളിക്കാൻ വിളിച്ചു. എന്നാൽ അവൻ പോയില്ല. ''ഹ!ഹ! തോൽക്കുമെന്ന് പേടിച്ചിട്ടല്ലേ?'', അവർ അവനെ കളിയാക്കി. എന്നിട്ട് കളി തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ഒരു നിലവിളി. ജമ്പു ഓടിച്ചെന്നു. നോക്കുമ്പോൾ ഒരു പുലി എല്ലാവരേയും പേടിപ്പിച്ച് ഓടിക്കുകയാണ്.
ജമ്പു വേഗം പുലിയുടെ മുമ്പിൽചെന്ന് ഉറക്കെ ചിന്നം വിളിച്ചു. ജമ്പുവിനെ കണ്ടതും പുലി ചെറുതായി ഒന്നു ഞെട്ടി. 'ങേ ആനയോ? തത്കാലം പോയേക്കാം!', പുലി വേഗം സ്ഥലംവിട്ടു. അതുകണ്ട് ജമ്പുവിന്റെ കൂട്ടുകാർക്കെല്ലാം സന്തോഷമായി. ''ഹൊ, ഇവൻ ആളൊരു മിടുക്കൻ തന്നെ!'', എല്ലാവരും ജമ്പുവിനോട് നന്ദി പറഞ്ഞു. പിന്നീട് ആരും അവനെ കളിയാക്കിയിട്ടേയില്ല.
Content Highlights: Jambu the elephant is teased by his friends for being big