രാവണന്റെ സാമ്രാജ്യമായ ലങ്കയുണ്ടായ കഥ കൂട്ടുകാർക്കറിയാമോ?

ഒരിക്കൽ സർപ്പങ്ങളുടെ രാജാവായ വാസുകിയും വായുദേവനും തമ്മിൽ വലിയ വഴക്കുണ്ടായി. ആരാണ് കൂടുതൽ ശക്തൻ എന്നതായിരുന്നു അവരുടെ തർക്കം. വാസുകി പറഞ്ഞു; ''ഞാൻ മഹാമേരു പർവ്വതത്തെ ചുറ്റിപ്പിടിക്കാം. താങ്കൾക്ക് അതൊന്നു കാറ്റടിച്ച് പറപ്പിക്കാൻ കഴിയുമോ?''
''ഓ, ഞാൻ മനസ്സുവെച്ചാൽ പറപ്പിക്കാൻ കഴിയാത്തതൊന്നും ഈ ഭൂമിയിൽ ഇല്ല'', വായുദേവൻ അഹങ്കാരത്തോടെ പറഞ്ഞു. എന്നിട്ട് ശക്തിയായി കാറ്റടിപ്പിക്കാൻ തുടങ്ങി. വാസുകി ചുറ്റിപ്പിടിച്ച മഹാമേരു പർവ്വതമാകട്ടെ അനങ്ങിയതുമില്ല. ഈ മത്സരം ദിവസങ്ങൾ നീണ്ടു. വാസുകി തൊട്ടടുത്തു കിടക്കുന്ന ചെറിയ പർവ്വതങ്ങൾ പോലും അനങ്ങാൻ വിടായെ ചുറ്റിപ്പിടിച്ചു.
ഇതൊക്കെക്കണ്ട് പേടിച്ച ദേവന്മാർ വേഗം മഹാവിഷ്ണുവിന്റെ അടുത്തെത്തി. എന്നിട്ടു പറഞ്ഞു: ''പ്രഭോ, ഈ മത്സരം അവസാനിപ്പിക്കാൻ വേഗം അങ്ങ് ഇടപെടണം. അല്ലെങ്കിൽ ഈ ലോകം നശിക്കും.'' മഹാവിഷ്ണു പെട്ടെന്ന് തന്നെ അവർക്കരികിലെത്തി. മത്സരം അവസാനിപ്പിക്കാൻ രണ്ടുപേരോടും ആവശ്യപ്പെട്ടു. അപ്പോൾ വാസുകി ഒരു ചെറിയ പർവ്വതമായ ത്രികൂട പർവ്വതത്തിന്റെ ചുറ്റ് പതുക്കെയൊന്നഴിച്ചു. ഇതാണ് അവസരമെന്നു മനസ്സിലാക്കിയ വായുദേവൻ പെട്ടെന്ന് ആഞ്ഞുവീശി. ഫലമോ, ത്രികൂട പർവ്വതം കടലിലേക്ക് വലിയ ശബ്ദത്തോടെ തെറിച്ചുവീണു. മഹാവിഷ്ണു വായുദേവനെ ശാസിച്ചതോടെ മത്സരം അവസാനിപ്പിച്ച് രണ്ടുപേരും അവരവരുടെ വഴിക്കുപോയി.
കടലിൽ വീണ ആ ത്രികൂടപർവ്വതമാണത്രെ പിന്നീട് രാവണന്റെ ലങ്കയായിത്തീർന്നത്.
Content Highlights: A legendary power contest between serpent king Vasuki and Vayu., Vasuki wrapped around Mount Mahameru while Vayu tried to blow it away.