പൂന്തോട്ടത്തിലെ കൂട്ടുകാരുടെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും കഥ

ആ കൊച്ചു വീടിനു മുന്നിലെ ചെറിയ പൂന്തോട്ടത്തിനു നടുവിൽ വിടരാത്ത മൊട്ടുകളുമായി ആ ചെടി വാടിത്തളർന്നു നിന്നു. ''എനിക്കു ദാഹിക്കുന്നു, മഴയെന്താ വരാത്തത്?'', ആ ചെടി വിലപിച്ചു.
''ചൂട് കൂടുന്നു. എന്നിട്ടും മഴ വരുന്നില്ലല്ലോ!'', ചെടിയുടെ കൂട്ടുകാരനായ തേനീച്ച പറഞ്ഞു.
''പറക്കുമ്പോൾ ഞാൻ കരിഞ്ഞു പോവുന്നതു പോലെ തോന്നുകയാണ്.'', അവരുടെ കൂട്ടുകാരനായ തുമ്പി പറഞ്ഞു.
''വെയിലത്ത് പറന്ന് എന്റെ ചിറകുകൾ ആകെ തളർന്നിരിക്കുന്നു.'', പൂമ്പാറ്റയും പറഞ്ഞു.
അപ്പോഴാണ് ആരും ശ്രദ്ധിക്കാതെ ചെടിയുടെ തണ്ടിൽ പറ്റിയിരുന്ന ഒരു ഒച്ച് തന്റെ സങ്കടം പറഞ്ഞത്: ''എന്റെ ശരീരത്തിലെ ജലാംശമാകെ വറ്റി, ഞാൻ ഉണങ്ങിയതുപോലെയായി. എന്റെ മരണം അടുത്തു.''
''മഴ വേണ്ടപ്പോൾ മഴ വന്നില്ലെങ്കിൽ വെള്ളമില്ലാതെ നാമെല്ലാവരും മരിച്ചു പോകും.'', എല്ലാ കൂട്ടുകാരും ഒരുമിച്ച് പറഞ്ഞു.
അപ്പോൾ ആറോ ഏഴോ വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിവന്നു. അവൾ ചെടിയെ നോക്കിയിട്ട് തിരികെ പോയി. പിന്നെ പൈപ്പ് എടുത്തുകൊണ്ടു വന്നു. അത് ടാപ്പുമായി ഘടിപ്പിച്ച് ടാപ്പ് തിരിച്ചപ്പോൾ പൈപ്പിന്റെ അറ്റത്തു കൂടി വെള്ളം പ്രവഹിക്കാൻ തുടങ്ങി. ആ പൈപ്പ് ഉയർത്തിപ്പിടിച്ച് അവൾ തോട്ടത്തിലെ ചെടികളുടെ മുകളിലേക്ക് വെള്ളം ചീറ്റിച്ചു. ഒരു മഴ പെയ്യുന്നതു പോലെതന്നെ!
വാടിയ പൂച്ചെടി അപ്പോൾ സന്തോഷം കൊണ്ട് ഒരു പൂ വിടർത്തി. പൂത്തുമ്പി പുഞ്ചിരിച്ചു. പൂമ്പാറ്റ ആഹ്ലാദത്താൽ നൃത്തം ചെയ്തു. ഒച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു: ''എനിക്ക് മേലെല്ലാം ഇക്കിളിയാവുന്നു.''
കൂട്ടുകാർ ഒരുമിച്ച് ആ പെൺകുട്ടിക്ക് നന്ദി പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു; ''മഴയില്ലാതെ ചൂട് വളരെ കൂടി. നിങ്ങളുടെ സങ്കടം കണ്ടാണ് ഞാൻ വെള്ളം തന്നത്. ചൂട് കൂടുമ്പോൾ ഞാൻ ഇനിയും നിങ്ങൾക്കു വേണ്ടി ഇതുപോലെ മഴ പെയ്യിക്കാം.''
കുട്ടി ടാപ്പടച്ചിട്ട് അവളുടെ വീട്ടിലേക്ക് പോയി. അപ്പോഴാണ് കൂട്ടുകാർ അത് ശ്രദ്ധിച്ചത്. തേനീച്ചയ്ക്ക് മാത്രം സന്തോഷം വന്നിട്ടില്ല.
''എന്താ തേനീച്ചേ നിനക്കിനിയും വിഷമം?'', പൂമ്പാറ്റ ചോദിച്ചു.
തേനീച്ചയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ദിവസവും തേൻ തേടി ഈ നാടു മുഴുവൻ ചുറ്റുന്നവനാണ് ഞാൻ. ഇപ്പോൾ തൽക്കാലത്തേക്ക് നമ്മുടെ ചൂടും ദാഹവും മാറിക്കിട്ടി. എന്നാൽ ഈ ചെറിയ വളപ്പിന് പുറത്തുള്ള ചെടികൾക്കും മരങ്ങൾക്കും ആര് വെള്ളം കൊടുക്കും?''
പെട്ടെന്ന് ഒരു ഇടി മുഴങ്ങി. ആകാശത്തുനിന്നും മഴത്തുള്ളികൾ ധാരയായി പെയ്യാൻ തുടങ്ങി. പൂമ്പാറ്റ പറന്നുചെന്ന് ഇലയുടെ അടിയിലൊളിച്ചു. എന്നിട്ട് ആർത്തുവിളിച്ചു: ''മഴ വന്നേ... മഴ വന്നേ...'' സന്തോഷത്തോടെ എല്ലാവരും പുതുമഴ നനഞ്ഞ് ആനന്ദനൃത്തമാടാൻ തുടങ്ങി. ആ പെൺകുട്ടിയും ഇതുകണ്ട് അവരുടെ അടുത്തേക്ക് ഓടിയെത്തി.
Content Highlights: A story illustrating the interconnectedness of garden life