വരയൻ ചിലന്തിയെ ദ്രോഹിച്ച കരിങ്കണ്ണൻ വവ്വാലിന് പറ്റിയ പറ്റ്! കഥ വായിക്കാം

#എം.ആര്‍. കൊറ്റാളി

പുന്നാരിക്കാട്ടിലെ പൊട്ടക്കിണറ്റിലായിരുന്നു കരിങ്കണ്ണൻ എന്നുപേരുള്ള വവ്വാൽ താമസിച്ചിരുന്നത്. മഹാദുഷ്ടനായിരുന്നു കരിങ്കണ്ണൻ. തക്കം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ ദ്രോഹിക്കുന്നതാണ് അവനിഷ്ടം. കരിങ്കണ്ണൻവവ്വാലിന്റെ അയൽവാസിയായിരുന്നു പാവത്താനായ വരയൻചിലന്തി. ഏറെ പ്രയാസപ്പെട്ട് വല നെയ്തുണ്ടാക്കി അതിൽ വീഴുന്ന ചെറുപ്രാണികളെ തിന്നാണ് വരയൻചിലന്തി ജീവിച്ചിരുന്നത്.

ഭക്ഷണംതേടി കദളിത്തോട്ടത്തിലേക്ക് പറന്നുപോകുന്നതിനിടയിൽ വരയന്റെ ചിലന്തിവല തകർക്കുക എന്നത് കരിങ്കണ്ണൻവവ്വാലിന്റെ ഇഷ്ടവിനോദമായിരുന്നു. ഇതുകാരണം പല ദിവസങ്ങളിലും വരയൻചിലന്തി പട്ടിണിയിലായി.

''വരയൻ എന്ന ചിലന്തി

വലകൾ കെട്ടി ഇരിക്കും

സൂത്രക്കാരൻ വവ്വാൽ

വലയോ തകർത്തുരസിക്കും!''

ഒരുദിവസം അതുവഴിവന്ന കുനിയനുറുമ്പ് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് കരയുന്ന വരയൻചിലന്തിയെ കാണുകയുണ്ടായി. കുനിയനുറുമ്പ് വരയൻചിലന്തിയോട് ചോദിച്ചു:

''വരയാ, വരയാ എന്തിനാ നീയിങ്ങനെ കരയുന്നത്?'', ഇതുകേട്ട് വരയൻചിലന്തി വിക്കിവിക്കി പറഞ്ഞു: ''എന്റ ചിലന്തിവല കരിങ്കണ്ണൻവവ്വാൽ മനഃപൂർവം തകർത്തുകളയുന്നു. അതിനാൽ എനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല!''

വരയൻചിലന്തിയുടെ സങ്കടംകണ്ട് ദയതോന്നിയ കുനിയനുറുമ്പ് തന്റെ മറ്റു ചങ്ങാതിമാരെയൊക്കെ ഈ കാര്യം അറിയിച്ചു. അങ്ങനെ അവരെല്ലാവരും ഒരു തീരുമാനമെടുത്തു.

പിറ്റേദിവസം സന്ധ്യയായപ്പോൾ പതിവുപോലെ കരിങ്കണ്ണൻവവ്വാൽ ആർത്തുല്ലസിച്ച് കദളിത്തോട്ടത്തിലെത്തി. മൂത്തുപഴുത്ത പഴം തിന്നാനൊരുങ്ങിയതും കുനിയനുറുമ്പും കൂട്ടുകാരും പതിയിരുന്നാക്രമിച്ചു. കരിങ്കണ്ണന്റെ തലയിലും കണ്ണിലും മറ്റുമായി തുരു തുരാ കടികൊടുത്തു.

പൊടുന്നനെയുണ്ടായ ഈ ആക്രമണത്തിൽ കരിങ്കണ്ണൻ ഭയന്നുപോയി. വേദനകൊണ്ടു പുളഞ്ഞ അവൻ മറ്റുവഴിയില്ലാത്തതിനാൽ പുന്നാരിക്കാട് വിട്ട് മറ്റെവിടേക്കോ പറന്നുപോയി. അങ്ങനെ അന്യരെ ദ്രോഹിച്ച കരിങ്കണ്ണൻവവ്വാൽ ഒരു പാഠം പഠിച്ചു. തനിക്ക് ഉപകാരംചെയ്ത കുനിയനുറുമ്പിനോട് വരയൻചിലന്തി നന്ദിയും പറഞ്ഞു.

Content Highlights: The story illustrates the consequences of bullying and cruelty., Highlights the importance of unity and helping those in need.