ചോണനുറുമ്പിന്റെ ചങ്ങാടയാത്ര! ഇക്കഥ വായിക്കാതിരിക്കല്ലേ...

ചോലമലയിലായിരുന്നു ചോണനുറുമ്പിന്റെ താമസം! ഒരുദിവസം ചോണനുറുമ്പ് പുഴയ്ക്കരികിലെത്തി. പുഴയിലെ വെള്ളം കണ്ടപ്പോൾ ചോണനുറുമ്പിന് വലിയ സന്തോഷമായി. 'പുഴയിൽ നല്ല ഒഴുക്കും ഓളവുമുണ്ട്! ഈ ഓളത്തിൽ തത്തിക്കളിക്കാൻ എന്തു രസമായിരിക്കും!', ചോണനുറുമ്പാലോചിച്ചു. അപ്പോഴാണ് പുഴവക്കിലൂടെ ഒരു ചെറിയ തടിക്കഷണം ഒഴുകിവരുന്നത് ചോണനുറുമ്പ് കണ്ടത്. വേഗംതന്നെ ചോണനുറുമ്പ് ഒരുവിധത്തിൽ തത്തിപ്പിടിച്ച് ആ തടിക്കഷണത്തിനു മുകളിൽ കയറിക്കൂടി. ''ഹായ് എന്തുരസം! എനിക്ക് ചങ്ങാടം കിട്ടിയേ!'', ചോണനുറുമ്പ് വിളിച്ചുകൂവി. ഓളങ്ങളിൽ തത്തിക്കളിച്ച് ചങ്ങാടം മെല്ലെ പുഴയിലൂടെ ഒഴുകിത്തുടങ്ങി.
ചോണനുറുമ്പിന്റെ ചങ്ങാടയാത്ര കണ്ട്, പുഴവക്കത്ത് വെയിലുകാഞ്ഞിരുന്ന പൊന്നനാമ ചോദിച്ചു:
''ചോണനുറുമ്പേ ചങ്ങാതീ!
എവിടേയ്ക്കാണീ സഞ്ചാരം?
ചങ്ങാടത്തിൽ തത്തിത്തുള്ളി
എങ്ങോട്ടാണീ സഞ്ചാരം?''
ചോണനുറുമ്പ് ഇതുകേട്ട് പൊന്നനാമയോട് പറഞ്ഞു: ''പൊന്നനാമേ പൊന്നനാമേ എന്റെ കൂടെ പോരൂ! നമുക്കൊരുമിച്ച് പുഴയിലെ ഓളങ്ങളിൽ തത്തിക്കളിച്ചുരസിക്കാം.''
പൊന്നനാമ വേഗം പുഴയിൽ നീന്തി ചോണനുറുമ്പിന്റെ സമീപത്തെത്തി. ചോണനുറുമ്പ് ചങ്ങാടത്തിലും പൊന്നനാമ പുഴയിലുമായി നീന്തിക്കളിച്ചുരസിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ഒഴുക്കിന് ശക്തികൂടി. ചോണനുറുമ്പിന് ചങ്ങാടത്തിൽ പിടിച്ചിരിക്കാൻ നന്നേ പണിപ്പെടേണ്ടിവന്നു. പൊന്നനാമ ഇതുകണ്ട് ചോണനുറുമ്പിനോട് പറഞ്ഞു: ''ചോണാ ചോണാ വേഗം നീ ചങ്ങാടം വിട്ട് എന്റെ പുറത്തുകയറി അള്ളിപ്പിടിച്ച് ഇരുന്നോളൂ!''
ചോണനുറുമ്പ് വേഗം ചങ്ങാടത്തിൽനിന്നും പിടിവിട്ട് പൊന്നനാമയുടെ പുറത്തുകയറി അള്ളിപ്പിടിച്ചിരുന്നു. പൊന്നനാമ ചോണനുറുമ്പിനെ സുരക്ഷിതമായി കരയിലെത്തിച്ചു.
''നിനക്ക് ഒരായിരം നന്ദി!'', ചോണനുറുമ്പ് കരയ്‌ക്കെത്തിയപ്പോൾ ആശ്വാസത്തോടെ പറഞ്ഞു. ഇതുകേട്ട് പൊന്നനാമ സന്തോഷത്തോടെ പറഞ്ഞു:
''ചോണനുറുമ്പേ ചങ്ങാതീ!
എടുത്തുചാട്ടം കാട്ടല്ലേ
എടുത്തുചാട്ടം കൊണ്ടല്ലേ
അബദ്ധമായത് ചങ്ങാതീ?''
പിന്നീടൊരിക്കലും ചോണനുറുമ്പ് എടുത്തുചാട്ടം കാട്ടിയിട്ടില്ല! പൊന്നനാമയും ചോണനുറുമ്പും നല്ല ചങ്ങാതിമാരായി കഴിയുകയും ചെയ്തു. നല്ല ചങ്ങാതിമാർ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. അല്ലേ കൂട്ടുകാരേ?
Content Highlights: A story about an ant's adventurous raft journey on a river