കാട്ടിലകപ്പെട്ട അമ്മിണിക്കുഞ്ഞാടിന് എന്തുപറ്റിയെന്ന് അറിയണ്ടേ?

അമ്മിണിക്കുഞ്ഞാടിന് വലിയ വികൃതിയായിരുന്നു. ഒരു ദിവസം അമ്മയോടൊപ്പം കാടിനടുത്തുള്ള പുൽമേട്ടിൽ മേയുകയായിരുന്നു അമ്മിണി.

''അമ്മിണീ, ദൂരേക്കൊന്നും പോകരുതേ. എന്റെ കൂടെത്തന്നെ നിന്നോണം!'', അമ്മയാട് പറഞ്ഞു. എന്നാൽ അമ്മിണി അതൊന്നും കേട്ടില്ല. അവൾ അമ്മ കാണാതെ കാട്ടിലേക്ക് ഓടി.

കാട്ടിലെത്തിയതും പല മൃഗങ്ങളുടെയും ശബ്ദങ്ങൾ അമ്മിണി കേട്ടു. അവൾക്ക് പേടിയായി. എന്നാൽ തിരിച്ചുപോകാനുള്ള വഴിയും അമ്മിണി മറന്നു. ''ങീ ങീ'' എന്തുചെയ്യണമെന്ന് അറിയാതെ അമ്മിണിയാട് കരഞ്ഞുകൊണ്ടുനിന്നു. കാട്ടിലെ ഒരു കുഞ്ഞിക്കുരുവി അതുകണ്ടു. ''എന്തിനാ നീ കരയുന്നത്?'', കുരുവി ചോദിച്ചു. അമ്മിണി നടന്നതു മുഴുവൻ പറഞ്ഞു. പാവം തോന്നിയ കുഞ്ഞിക്കുരുവി അമ്മിണിയാടിനെ അമ്മയാടിന്റെ അടുത്ത് എത്തിച്ചു. പിന്നീട് ഒരിക്കലും അമ്മിണിയാട് അനുസരണക്കേട് കാട്ടിയിട്ടില്ല.

Content Highlights: Teaches the importance of listening to parents