ദേശീയ ചൂണ്ടയിടൽ മത്സരം; കൗസർ അഹമ്മദ് വിജയി

കുമ്പള : വിവിധ സംസ്ഥാനങ്ങളിൽനിന്നായി 71 പേർ പങ്കെടുത്ത ദേശീയ ചൂണ്ടയിടൽ മത്സരത്തിൽ കൗസർ അഹമ്മദ് മൊഗ്രാൽ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് നിസാർ ആരിക്കാടി, അഫ്സൽ നെല്ലിക്കുന്ന് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. കുമ്പള ആരിക്കാടി ഷിറിയ പുഴത്തീരത്ത് ആവേശകരമായ മൂന്നുമണിക്കൂറോളം നീണ്ട മത്സരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. എ.കെ.എം. അഷ്റഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത്, കുമ്പള ഗ്രാമപ്പഞ്ചായത്ത്, ഇന്ത്യ ടൂറിസം എന്നിവയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഇതാദ്യമായാണ് ജില്ലയിൽ ദേശീയ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നത്.
സമ്മാനവിതരണം കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ്, അഷറഫ് കർള, കാഞ്ഞങ്ങാട് എസ്.ഐ. സൈഫുദ്ദീൻ, കുമ്പള പോലീസ് സ്റ്റേഷൻ എസ്.ഐ. അനൂപ്, മുനീറുദ്ദീൻ, ഹക്കീം, നിഷാൻ കാനാനി മംഗളൂരു എന്നിവർ സംസാരിച്ചു.