നാട്ടുകാർ റോഡ് നന്നാക്കി; ബസ് ഗതാഗതം പുനഃസ്ഥാപിച്ചു

ബഡൂർ : റോഡ് തകർച്ചയെത്തുടർന്ന് ഓട്ടം നിർത്തിവച്ച ബസ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ഓട്ടം പുനരാരംഭിച്ചു. കാക്കടവ് -ബഡൂർ -കമ്പല്ലൂർ റൂട്ടിലോടികൊണ്ടിരുന്ന സ്വകാര്യ ബസാണ് ചൊവ്വാഴ്ച ഓട്ടം പുനരാരംഭിച്ചത്. നാട്ടുകാർ രംഗത്തിറങ്ങി റോഡ് നന്നാക്കിയതോടെയാണ് ബസ് റൂട്ട് പുനഃസ്ഥാപിച്ചത്.
വെസ്റ്റ് എളേരി പഞ്ചായത്തിലെ കാക്കടവ് ബഡൂർ റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ 45 ലക്ഷം രൂപ അനുവദിക്കുകയും കരാർ നൽകുകയും ചെയ്തിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല. റോഡിൽ ഗതാഗതം ബുദ്ധിമുട്ടായതിനെത്തുടർന്നാണ് സ്വകാര്യ ബസ് ഓട്ടം നിർത്തിയത്. ലോറിയിൽ മണ്ണിറക്കി നാട്ടുകാരാണ് ചൊവ്വാഴ്ച അറ്റകുറ്റപ്പണികൾ നടത്തിയത്.