കരാർ നൽകിയിട്ട് രണ്ടുവർഷം; റോഡുപണി എപ്പോൾ തുടങ്ങും

ബഡൂർ : കരാർ നൽകിയിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധം. പൊട്ടിപ്പൊളിഞ്ഞ് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഭീഷണിയായ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാക്കടവ് -ബഡൂർ റോഡ് നിർമാണമാണ് വൈകുന്നത്.
മൂന്നുഭാഗവും ആക്കച്ചേരി വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ബഡൂർ. ഈ ഗ്രാമത്തിലെ ഏക ഗതാഗതമാർഗമാണ് കാക്കടവ്-ബഡൂർ കമ്പല്ലൂർ റോഡ്. ആറ് കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്. കാക്കടവ് മുതൽ ബഡൂർ വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് വെസ്റ്റ് എളേരി പഞ്ചായത്തിലെ 17, 18 വാർഡുകളിലുടെ കടന്നുപോകുന്നു. വർഷങ്ങൾക്ക് മുമ്പ് ടാറിട്ട റോഡ് ഇന്ന് പൂർണമായും തകർന്ന അവസ്ഥയിലാണ്.
തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 2024-2025 സാമ്പത്തികവർഷം 6.1 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ഉൾപ്പെടുത്തിയാണ് 45 ലക്ഷം രൂപ കാക്കടവ് ബഡൂർ റോഡ് നിർമാണത്തിന് അനുവദിച്ചത്. 2025 മാർച്ചിന് മുമ്പ് റോഡ് നിർമാണത്തിന് കരാറും നൽകി. രണ്ടുവർഷം കഴിഞ്ഞിട്ടും റോഡ് പണി ആരംഭിച്ചിട്ടില്ല.
റോഡ് നിർമാണം വൈകുന്നതിൽ കരാറുകാരനോട് വിശദീകരണം തേടുമെന്ന് പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം മൂന്ന് മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നുവെങ്കിലും പണി ആരംഭിക്കാൻ കരാറുകാരൻ തയ്യറായിട്ടില്ല.