'വിജ്ഞാനദായിനി'; നാട്ടിൽ ജ്വലിച്ചുനിൽക്കുന്ന വിളക്ക്

മാണിയാട്ട്: 'എ.കെ.ജി.യും ഇ.എം.എസും സന്ദർശിച്ചിട്ടുള്ള ചരിത്രമുറങ്ങുന്ന ഈ വായനശാലയിൽ വരാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമായി ഞാൻ കരുതുന്നു. ഈ പ്രദേശത്തിന്റെ ജ്വലിച്ചുനിൽക്കുന്ന വിളക്കാണിത്. ഈ വിളക്ക് ഇനിയും നാട്ടുകാർക്ക് വെളിച്ചം നൽകട്ടെ.' മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിലെ സന്ദർശക ഡയറിയിൽ എഴുത്തുകാരൻ എം. മുകുന്ദൻ എഴുതിയിട്ട വാക്കുകളാണിവ. ശതാബ്ദി ആഘോഷ നിറവിലാണ് മാണിയാട്ടെ ഈ അക്ഷരവെളിച്ചമിന്ന്.
1927 കാലത്ത് മാണിയാട്ട് പ്രദേശത്തെ ചെറുപ്പക്കാരെ സംഘടിപ്പിച്ച വിദ്വാൻ പി. കേളു നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച മാണിയാട്ട് വിജ്ഞാനദായിനി വായനശാല ജില്ലയിലെ ആദ്യത്തെ ഗ്രന്ഥാലയമാണ്. നാടക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഗ്രന്ഥാലയം ആരംഭിക്കുന്നത്.
1957 മാർച്ച് 27-ന് എം.പി.യായിരുന്ന എ.കെ.ജി. ഗ്രന്ഥാലയം സന്ദർശിച്ച് 10 രൂപയുടെ പുസ്തകങ്ങൾ സംഭാവന നൽകി. മാസങ്ങൾക്കിപ്പുറത്ത് 1957 മേയ് ഒന്നിന് വായനശാല സന്ദർശിച്ച ഇ.എം.എസ്. ഇങ്ങനെയെഴുതി 'വായനശാല ഈ പ്രദേശത്തെ സാംസ്കാരികപ്രവർത്തന കേന്ദ്രമായി മാറട്ടെ'. 1957-ൽ സ്വാമി രാമനന്ദതീർഥ വായനശാല സന്ദർശിച്ച് 10 രൂപയുടെ പുസ്തകം സംഭാവന ചെയ്തിരുന്നു.
1927 -ൽ വിദ്വാൻ പി. കേളുനായർ മാണിയാട്ടെ ചെറുപ്പക്കാരുമായിച്ചേർന്ന് 'വിവേകോദയം' നാടകം അഭിനയിക്കുകയും മാണിയാട്ടെ കൊവ്വൽ പുതിയ വീട് തറവാട് അങ്കണത്തിൽ അവതരിപ്പിക്കുകയും ചെയ്തു. നാടകാവതരണത്തിനായി കേളു നായർക്കൊപ്പം മാണിയാട്ടെ കിഴക്കേ വീട്ടിൽ ചിണ്ടൻ, എം. അമ്പു പണിക്കർ, സി.എം. കുഞ്ഞിക്കണ്ണൻ നായർ, പി. ചാത്തു നായർ, സി. ഉക്കാരൻ നമ്പ്യാർ, പാക്കത്ത് വളപ്പിൽ കൃഷ്ണൻ നായർ എന്നിവരും അഭിനയിച്ചു. നാടകം കാണാനായി മഹാകവി കുട്ടമത്ത്, ടി.എസ്. തിരുമുമ്പ്, ചന്തേര പട്ടേലർ കുഞ്ഞാമദ് സാഹിബ് തുടങ്ങിയവർ എത്തിയതായി പറയുന്നു.
മാണിയാട്ട് അന്ന് ഉണ്ടായിരുന്ന ഒരു പീടികയുടെ മുകളിലെ ഒരു മുറിയിലാണ് ആദ്യം വായനശാല പ്രവർത്തനം തുടങ്ങിയത്. 1946 കാലത്ത് കോൺഗ്രസ് നേതാവായിരുന്ന മാണിയാട്ടെ കല്ലത്ത് കൃഷ്ണൻ മാസ്റ്റർ സംഭാവന ചെയ്ത നാല് സെന്റിലാണ് ഓടുമേഞ്ഞ കെട്ടിടം പണിതത്. പിന്നീട് ഗ്രന്ഥശാല സംഘത്തിൽ അഫിലിയേറ്റ് ചെയ്തു. 'മാണിയാട്ട് സാംസ്കാരികസമിതി' എന്ന നാടകസംഘവും പ്രവർത്തിച്ചു.
ഈ നാടകങ്ങളിൽ അഭിനയിച്ച എം. അമ്മിണി എന്ന ചെറിയ മാണിയാട്ടെ ആദ്യ നാടക നടിയായിരുന്നു. വായനശാലയോട് ചേർന്ന് ഫ്രൻഡ്സ് ആർട്സ് ബ്യൂറോ എന്ന നാടകസംഘവും പ്രവർത്തിച്ചിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിൽ പി. കുമാരൻ നായർ എഴുതി അഭിനയിച്ച തീപ്പൊരി നാടകത്തിന് 1968-ൽ പി.കെ. വിക്രമൻ നായർ ട്രോഫി നാടക മത്സരത്തിൽ മികച്ച രചനയ്ക്കും അവതരണത്തിനും സമ്മാനം ലഭിച്ചിരുന്നു. 1993-ലാണ് രണ്ട് നിലകളുള്ള പുതിയ കെട്ടിടം പണിതത്.