അനിശ്ചിതത്വം നീങ്ങി: തിരുനെല്ലി അങ്കണവാടിക്കെട്ടിടം പണി തുടങ്ങി

മാണിയാട്ട് : ഒടുവിൽ തിരുനെല്ലി മാതൃകാ അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിലെ അനിശ്ചിതത്വം നീങ്ങി. നിർമിതികേന്ദ്ര പ്രവൃത്തി തുടങ്ങി. വെള്ളക്കെട്ട് ഭീഷണിയിലായ സ്ഥാപനത്തിന് പുതിയ കെട്ടിടം വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് എട്ട് വർഷമായി. കാസർകോട് വികസന പാക്കേജിൽനിന്ന്‌ 34 ലക്ഷവും പിലിക്കോട് പഞ്ചായത്ത് അഞ്ച് ലക്ഷവും ഉൾപ്പെടെ 39 ലക്ഷം രൂപ കെട്ടിടം പണിയാൻ അനുവദിച്ചിട്ടും പലവിധ കാരണങ്ങളാൽ കെട്ടിടം പണി അനന്തമായി നീണ്ടു.

ഇക്കാലയളവിൽ അങ്കണവാടിയുടെ പ്രവർത്തനം തറവാട് ഹാളിലും വ്യക്തികളുടെ കെട്ടിടങ്ങളിലുമായി. സംസ്ഥാനതലത്തിൽ മാതൃകാ അങ്കണവാടിക്കുള്ള പുരസ്‌കാരം ലഭിച്ച സ്ഥാപനത്തിന് കെട്ടിടമില്ലാതെ ജീവനക്കാരുടെയും കുട്ടികളുടെയും ദുരവസ്ഥ മാതൃഭൂമി ഒട്ടേറെ തവണ അധികൃതർക്ക് മുന്നിലെത്തിച്ചു.

2025 നവംബർ അഞ്ചിന് അന്നത്തെ എം.എൽ.എ. എം. രാജഗോപാലൻ അങ്കണവാടി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി 10 മാസം പിന്നിട്ടിട്ടും നിർമാണം തുടങ്ങിയിരുന്നില്ല. പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ ശിശുക്ഷേമ വികസന ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നുവരെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി എന്നിവർ മുന്നറിയിപ്പ് നൽകി.

താത്കാലികമായി പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടു. കുട്ടികളുമായി ഇനിയെങ്ങോട്ട് പോകുമെന്നറിയാതെ പ്രയാസപ്പെടുന്ന അങ്കണവാടി ജീവനക്കാരുടെയും രക്ഷിതാക്കളുടെയും ദൈന്യാവസ്ഥ വീണ്ടും മാതൃഭൂമി അധികൃതർക്ക് മുന്നിലെത്തിച്ചു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം പണിതുടങ്ങിയത്. നിർമാണം പൂർത്തിയാക്കാൻ ഒരുവർഷ കാലപരിധിയുണ്ടെങ്കിലും ആറ് മാസത്തിനകം കെട്ടിടം ഒരുക്കുമെന്ന് നിർമിതികേന്ദ്ര ജനറൽ മാനേജർ ഇ.പി. രാജ്‌മോഹനൻ പറഞ്ഞു. പുതിയ അങ്കണവാടി കെട്ടിടത്തിന് അകത്തും പുറത്തും കുട്ടികൾക്ക് കളിക്കാനിടമുണ്ടാകും. അടുക്കള, സ്റ്റോർ റും, ശൗചാലയം തുടങ്ങി സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് പണിയുന്നത്.