അപകടകെണിയായി ഉജങ്കോട് റോഡ്

വിദ്യാനഗർ : നിരവധി ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന വിദ്യാനഗർ-എരുതുംകടവ്-കല്ലക്കട്ട റോഡിൽ അപകടക്കെണിയായി ഉജങ്കോട് വളവ്. റോഡിന് ആവശ്യമായ വീതിയില്ലാത്തതും സുരക്ഷാ വേലിയുടെ അഭാവവുമാണ് വളവിലെ അപകടസാധ്യത വർധിപ്പിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച എതിർദിശയിൽ നിന്ന് വന്ന സ്കൂൾ ബസിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടയിൽ പാതയോരത്തെ കുഴിയിലേക്ക് ഇറങ്ങിയ ബസ് താഴേക്ക് മറിയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. കുടിവെളള പൈപ്പിടാനെടുത്ത കുഴിയിലാണ് നിറയെ യാത്രക്കാരെ കയറ്റിവന്ന ബസ് ടയറുകൾ കുടുങ്ങി ചരിഞ്ഞത്. മണ്ണുമാന്തി യന്ത്രത്തിന്റെയും ക്രെയിനിന്റെയും സഹായത്തോടെയാണ് ബസ് ഉയർത്തിയത്. ഇതിന് മുമ്പും പലതവണ സമാനമായ അപകടം നടന്നിട്ടുണ്ട്. വളവിൽ അപകടം ഒഴിവാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ഉജങ്കോട് കയറ്റവും വളവുമുള്ള ഭാഗത്ത് രണ്ട് ദിശകളിൽ നിന്നും ഒരുമിച്ച് എത്തുന്ന വാഹനത്തിന് സുരക്ഷിതമായി കടന്നുപോകാൻ മതിയായ വീതിയില്ലാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിലായതിനാൽ വാഹനങ്ങൾ റോഡിന്റെ അരികിലേക്ക് മാറുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

റോഡിന്റെ ഇരുഭാഗവും ആഴമേറിയ പ്രദേശമാണ്. ആവശ്യമായ സുരക്ഷാഭിത്തിയോ സംരക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരും ഭീതിയിലാണ്. ഉജങ്കോട് വളവിന് സമീപം റോഡിന്റെ ഇരുവശത്തും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശവും പൊട്ടക്കിണറും സ്ഥിതിചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ്. ജല ജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള പൈപ്പിടുന്നതിനായി എടുത്ത കുഴികൾ മഴവെള്ളം കുത്തിയൊലിച്ച് വലിയ ചാലുകൾ രൂപപ്പെട്ട നിലയിലാണുള്ളത്. പരിചയമില്ലാത്ത ഡ്രൈവർമാർക്ക് വളവിലെ അപകടാവസ്ഥ പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല.

റോഡിന്റെ വീതി കൂട്ടുക, ഇടിഞ്ഞ ഭാഗങ്ങൾ പുനർനിർമിച്ച് സുരക്ഷാഭിത്തിയൊരുക്കുക, റോഡിനോട് ചേർന്നുള്ള പൊട്ടക്കിണർ ഉൾപ്പെടെയുള്ള അപകടഭീഷണിയുള്ള ഭാഗങ്ങൾ സുരക്ഷിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണെന്നാണ് നാട്ടുകാരുടെ പക്ഷം. അപകടത്തിന് കാത്തു നിൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരും പറയുന്നത്.