മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്കുകൾ

ഉപ്പള : മത്സ്യവിപണനരംഗത്ത് തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ പുതുതായി നടപ്പാക്കിയ മൊബൈൽ ഫിഷ് വെൻഡിങ് കിയോസ് പദ്ധതി. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങളാണ് സർക്കാർ നൽകിയത്. വർഷങ്ങളായി കാസർകോട്, ഉപ്പള മാർക്കറ്റുകളിൽ മത്സ്യവിപണനം നടത്തുന്ന തൊഴിലാളികളായ തങ്ങൾക്ക് ഈ പദ്ധതിവഴി കച്ചവടം മെച്ചപ്പെടുത്താനും വരുമാനം വർധിപ്പിക്കാനും കഴിഞ്ഞതായി ഗുണഭോക്താവായ എസ്. യോഗിനിയും സഹപ്രവർത്തകരും പറഞ്ഞു.
മാർക്കറ്റിലെ കച്ചവടത്തിന് ശേഷം ബാക്കിവരുന്ന മീനുകൾ ഗ്രാമപ്രദേശങ്ങളിൽ കൊണ്ടുപോയി വിൽക്കാനും ഉപകാരപ്പെടുന്നുണ്ട്. മത്സ്യവിൽപനയ്ക്കായുള്ള യാത്ര ആവശ്യങ്ങൾക്കുവേണ്ടിയാണ് ഈ വാഹനം ഏറെ പ്രയോജനകമായിരിക്കുന്നത്. അതിരാവിലെ സ്വന്തമായി മംഗളൂരു മാർക്കറ്റിൽ പോയി കുറഞ്ഞവിലക്ക് മീൻ ശേഖരിക്കാനും വാഹനത്തിന്റെ സൗകര്യത്തോടുകൂടി അവ കേടുവരാത്തരീതിയിൽ സൂക്ഷിച്ചുവെക്കാനും കിയോസ്ക് വാഹനം ഉപകാരപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
സ്ത്രീ മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്നതിനാൽ അവരുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കും ഈ പദ്ധതി സഹായകമാണ്. കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് കിയോസ്ക് വാഹനങ്ങൾ വിതരണംചെയ്തത്. സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളിലെ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി അഞ്ച് സ്ത്രീ മത്സ്യത്തൊഴിലാളികൾക്ക് ഒരു കിയോസ്ക് എന്ന കണക്കിൽ 10 കിയോസ്കുകളുടെ താക്കോൽദാനവും ഫ്ളാഗ് ഓഫ് കർമവും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചിരുന്നു.