മരംവീണ് മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന് സഹായധനം കൈമാറി

അംഗടിമൊഗർ : ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ മരം വീണ് മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിനുള്ള സഹായധനം അനുവദിച്ചു. ആയിഷ മിൻഹയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. മൂന്നരവർഷത്തിന് ശേഷമാണ് സഹായധനം കൈമാറിയത്. എ.കെ.എം. അഷ്‌റഫ് എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന് എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നടപടി. അനുവദിച്ച തുകയുടെ ചെക്ക് എം.എൽ.എ. അംഗടിമൊഗർ പർളാടത്തുള്ള വീട്ടിലെത്തി മിൻഹയുടെ പിതാവിന് കൈമാറി.

2023-ൽ അപകടം നടന്ന ഉടൻ തന്നെ കുടുംബത്തിന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും അർഹമായ സമാശ്വാസ സഹായധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. അന്നത്തെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകിയിരുന്നു. തുടർന്ന് നിയമസഭയിലും തിരുവനന്തപുരത്ത് നേരിട്ടെത്തിയും പലതവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, സാധാരണ മഴക്കാലക്കെടുതികളിൽ മരണപ്പെടുന്നവർക്ക് ദുരന്തനിവാരണ വകുപ്പിൽ നിന്നും നൽകുന്ന നാലുലക്ഷം രൂപ അല്ലാതെ മറ്റൊരു സമാശ്വാസ സഹായവും അന്നത്തെ സർക്കാർ അനുവദിച്ചില്ല. അതേ വർഷം തെക്കൻ കേരളത്തിലെ ഒരു മാനേജ്‌മെന്റ് സ്‌കൂളിൽ അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് വിപുലമായ ആശ്വാസ പാക്കേജ് നൽകിയപ്പോൾ കാസർകോട് നടന്ന അപകടത്തിലെ നിർധന കുടുംബത്തോട് വലിയ അവഗണനയാണ് കാണിച്ചത്.

ഈ വിവേചനവും കുടുംബത്തിന്റെ നിലവിലെ ദയനീയ സാഹചര്യവുമാണ് എം.എൽ.എ. നിവേദനത്തിലൂടെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ധരിപ്പിച്ചത്.

സംഭവം നടന്ന് മൂന്നര വർഷം പിന്നിട്ടെങ്കിലും കുടുംബത്തിന്റെ വേദന മനസ്സിലാക്കി ചേർത്തുപിടിച്ചതിലൂടെ പുതിയ യു.ഡി.എഫ്. സർക്കാർ തങ്ങളുടെ ജനകീയതയാണ് തെളിയിച്ചിരിക്കുന്നതെന്നും, മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നതായും എ.കെ.എം. അഷ്‌റഫ് എം.എൽ.എ പറഞ്ഞു.

സഹായം കൈമാറുന്ന ചടങ്ങിൽ പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് ഫിദ, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, അനിത, ബാലകൃഷ്ണ റൈ ഗുത്തു, അബ്ദുള്ള കണ്ടത്തിൽ, സുലൈമാൻ ഊജംപദവ്, അസീസ് കൊട്ടൂടൽ, റഫീഖ് കണ്ണൂർ, ഹസൻ പാറ, സവാദ് അംഗടിമൊഗർ തുടങ്ങിയവർ സംബന്ധിച്ചു.