ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെട്ടു

പെരിയ : ഗതാഗതക്കുരുക്കുമൂലം ബുദ്ധിമുട്ട് നേരിടുന്ന പെരിയയിൽ നിലവിലുള്ള ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരിയയുടെ സർവീസ് റോഡിൽനിന്ന്‌ മീറ്ററുകൾക്ക് അകലെ പെരിയ ഒടയംചാൽ റോഡ് ആരംഭിക്കുന്നിനിടത്താണ് ട്രാൻസ്ഫോർമർ ഉള്ളത്. ഈ ട്രാൻസ്ഫോർമറിന് ചുറ്റും എട്ടോളം വൈദ്യുതത്തൂണുകളും നിലവിലുണ്ട്. ഇവിടെ വാഹനങ്ങൾക്ക് പാർക്കിങ്‌ സൗകര്യം ഒരുക്കുന്നതിനും ട്രാൻസ്ഫോർമർ തടസ്സം സൃഷ്ടിക്കുന്നു. പെരിയയിലെ പൊതുപ്രവർത്തകരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് പെരിയയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ട്രാൻസ്ഫോർമറിന് സമീപത്ത് ഒത്തുകൂടി ഒപ്പുശേഖരണം നടത്തി. അടിയന്തരനടപടി ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ കെ.എസ്.ഇ.ബി. പെരിയ ഇലക്‌ട്രിക്കൽ സെക്ഷൻ അധികൃതർക്ക് നിവേദനം നൽകി. വോയ്സ് ഓഫ് പെരിയ പ്രസിഡൻറ്‌ വി.കെ. അരവിന്ദൻ, സെക്രട്ടറി മധു പൊന്നാരട്ട, അരവിന്ദാക്ഷൻ കായക്കുളം, ടി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. അസി. എൻജിനീയർ സന്ദീപ് സുധീറും സബ് എൻജിനീയർ എം. മോഹനനും സ്ഥലത്തെത്തി ട്രാൻസ്ഫോർമറിന്റെ നിലവിലുള്ള അവസ്ഥ പരിശോധിച്ചു. പെരിയ ടൗണിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലേക്ക് വൈദ്യുതി എത്തുന്നത് ഈ ട്രാൻസ്ഫോർമർ വഴിയാണെന്നും അതിനാൽ വളരെ അകലേക്കു മാറ്റിസ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും അസി. എൻജിനീയർ സന്ദീപ് സുധീർ പറഞ്ഞു. നിലവിലുള്ള തൂണുകളുടെ എണ്ണം കുറച്ച് പാർക്കിങ്ങിനു കൂടുതൽ സ്ഥലം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.