‘കോഴി ലോറി’ മറിഞ്ഞ് രണ്ട് വൈദ്യുതത്തൂണുകൾ തകർന്നു

ബേക്കൽ : ഗതാഗതം വഴിതിരിച്ചുവിട്ട പള്ളിക്കര മൗവ്വലിൽ വീണ്ടും വാഹനാപകടം. മണിക്കൂറുകളോളം വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. ബേക്കൽ താഴെമൗവ്വലിലെ വളവ് തിരിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ മൂന്നോടെ നിയന്ത്രണംവിട്ട കോഴി ലോറി മറിഞ്ഞതിനെത്തുടർന്ന്‌ രണ്ട് വൈദ്യുതത്തൂണുകൾ തകർന്നു. മറിഞ്ഞ വാഹനമിടിച്ച് ഒരു തൂൺ റോഡിലേക്ക് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു.

കമ്പികൾ വലിഞ്ഞുമുറുകി മറ്റൊരു തൂൺ ചെരിയുകയുംചെയ്തു. തുടർന്ന് പുലർച്ചെ മൂന്നിന് മുടങ്ങിയ വൈദ്യുതിവിതരണം ഉച്ചയ്ക്ക് രണ്ടോടെയാണ് പുനഃസ്ഥാപിച്ചത്. ഈമാസം ഒന്നിന് മൗവ്വലിൽ വാഹനത്തിന് തീപിടിച്ചിരുന്നു. നീലേശ്വരത്ത് കോഴികളെ ഇറക്കിയശേഷം മേൽപ്പറമ്പിലേക്ക്‌ പോകുംവഴിയാണ് പിക് അപ് വാൻ മറിഞ്ഞത്. ഡ്രൈവറടക്കം വഹനത്തിലുണ്ടായിരുന്ന മൂന്നുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടത്തെത്തുടർന്ന് ചെറിയ വാഹനങ്ങൾ ബിലാൽനഗർ വഴി കടത്തിവിട്ടു. തകർന്നുവീണ തൂൺ മാറ്റിയശേഷമാണ് വലിയ വാഹനങ്ങൾ കടന്നുപോയത്. സെപ്തംബർ ഒന്നുമുതലാണ് ഗതാഗതം മൗവ്വൽവഴി തിരിച്ചുവിട്ടത്. അന്ന് രാവിലെ തന്നെ കോഴിക്കോട്ടുനിന്ന് ഉഡുപ്പിയിലേക്ക് ഫ്രിഡ്ജുകളും ഫ്രീസറുകളും കയറ്റിവന്ന കൺടെയ്നർ ലോറി വൈദ്യുതക്കമ്പികളിൽ മുട്ടി വാഹനത്തിന് തീപിടിച്ചിരുന്നു. അന്ന് 30-ഓളം വലിയ ഫ്രിഡ്ജുകൾ പൂർണമായും കത്തിനശിക്കുകയുണ്ടായി.