ബേഡഡുക്കയിൽ അനധികൃത ചെങ്കൽ ക്വാറിയിൽ വിജിലൻസ് പരിശോധന

മുന്നാട് : ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി ബെദിര നെല്ലിയടുക്കത്ത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പത്തേക്കറോളം വിസ്തൃതിയിൽ അനധികൃത ചെങ്കൽ ഖനനം പ്രവർത്തിക്കുന്നതായി കണ്ടെത്തി. മൂന്ന് കല്ലുകൊത്തിയന്ത്രങ്ങളും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്നു പരിശോധന.

ചെങ്കൽ ഖനനത്തിനെതിരേ ബേഡഡുക്ക വില്ലേജ് ഓഫീസർ മുൻപ് കാസർകോട് ആർ.ഡി.ഒ., താലൂക്ക് ഓഫീസർ, മൈനിങ് ആൻഡ് ജിയോളജിവകുപ്പ്, ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടും ഖനനം നിർത്താനുള്ള നടപടി സ്വീകരിച്ചില്ലെന്നതിനാലാണ് വിജിലൻസ് പരിശോധന നടത്തിയത്.

വിജിലൻസ് ഇൻസ്പെക്ടർ എം.വി. ശ്രീദാസൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.വി. രമേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി. ജയൻ, പി.വി. ലിജിൻ, കെ. പ്രമോദ്‌കുമാർ, റീസർവേ സൂപ്രണ്ട് എസ്. ശ്രീകുമാർ എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.