റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സിന് പുതുമുഖം

രാജപുരം : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സിൽ സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവിൽ നടപ്പാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികൾ പൂർത്തിയായി. നവീകരിച്ച ടൂറിസ്റ്റ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. അധ്യക്ഷത വഹിക്കും.

വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താമസസൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ആകെ 1,93,20,986 രൂപയുടെ രണ്ട് പദ്ധതികളാണ് റാണിപുരത്ത് നടപ്പാക്കിയത്. സിൽക്ക് മുഖേന 96,67,129 രൂപ ചെലവിലാണ് സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ആംഫി തിയേറ്റർ, നീന്തൽക്കുളം, സ്റ്റീൽ പാലം, സംരക്ഷണഭിത്തി, ശൗചാലയം ബ്ലോക്ക്, കുഴൽക്കിണർ എന്നിവയുടെ നിർമാണവും പ്രവേശനകവാടം, ലൈബ്രറി കെട്ടിടം എന്നിവയുടെ സൗന്ദര്യവത്കരണവും പൂർത്തീകരിച്ചു. കൂടാതെ ലാൻഡ്‌സ്‌കേപ്പിങ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവ സജ്ജമാക്കി.

കെൽ മുഖേന 96,53,857 രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. കോട്ടേജുകൾ, ഗസ്റ്റ് ഹൗസ്, മീറ്റിങ് ഹാൾ, പവലിയൻ എന്നിവ ഇതിന്റെ ഭാഗമായി നവീകരിച്ചു. പുതിയ നടത്തിപ്പുകാരന്റെ നേതൃത്വത്തിൽ നാല് കോട്ടേജുകൾ ആവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെ സജ്ജീകരിക്കുകയും എട്ട് മുറികൾ കൂടി സന്ദർശകർക്കായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.