നിർമാണത്തിലെ അപാകം: എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രം പ്രവേശനകവാടത്തിൽ മരുന്നുവണ്ടി കുരുങ്ങി

എണ്ണപ്പാറ : സർക്കാർ ആസ്പത്രിയിലേക്ക് മരുന്നുമായെത്തിയ വാഹനം കവാടത്തിൽ കുരുങ്ങി അകത്തുകടക്കാൻ പറ്റാതായി. കോടോം-ബേളൂർ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മരുന്നുമായെത്തിയ വാനാണ് കുരുങ്ങിയത്. ഒടുവിൽ കവാടത്തിന്റെ അടിഭാഗം പൊളിച്ചുനീക്കിയാണ് വണ്ടി അകത്തുകയറിയത്. നവീകരണത്തിന്റെ ഭാഗമായാണ് അടുത്തിടെ ഇവിടെ പ്രവേശനകവാടം നിർമിച്ചത്.

നിർമാണവേളയിൽതന്നെ നാട്ടുകാർ കവാടത്തിന്റെ വലുപ്പക്കുറവും ഉയരക്കുറവും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാതെയാണ് അധികൃതർ കോൺക്രീറ്റിലുള്ള കവാടനിർമാണം പൂർത്തീകരിച്ചത്. ഉയരം അടക്കമുള്ള വലുപ്പക്കുറവ് കാരണം ഇടത്തരം വാഹനങ്ങൾക്കുപോലും ആസ്പത്രിവളപ്പിൽ പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മരുന്നുവണ്ടി കവാടത്തിൽ കുരുങ്ങിയത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി.

എൻജിനിയർമാരുടെയും തദ്ദേശജനപ്രതിനികളുടെയും പിടിപ്പുകേടായാണ് നാട്ടുകാർ ഇതിനെ നോക്കിക്കാണുന്നത്. മൂന്നുവർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഇരുനിലകെട്ടിടം പണിപൂർത്തിയാക്കി ഏതാനും മാസം മുൻപാണ് തുറന്നുകൊടുത്തത്. വൈദ്യുതിയടക്കമുള്ള സൗകര്യം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് തുറുന്നുകൊടുക്കൽ വൈകിച്ചത്. റോഡരിനോട് ചേർന്ന കെട്ടിടത്തിന്റെ പിറകിലായാണ് പുതിയ കെട്ടിടം നിർമിക്കപ്പെട്ടത്.

റോഡരികിനോട് ചേർന്നുതന്നെ ഇഷ്ടംപോല സ്ഥലസൗകര്യമുണ്ടായിട്ടും കെട്ടിടം പിറകിലേക്ക് മാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതായും കരാറുകാരന്റെ ബില്ല് തടഞ്ഞുവെച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ പറഞ്ഞു.