ഉപ്പുവെള്ളം കയറി കൃഷിനശിച്ച് നാഗച്ചേരി പാടശേഖരം

നീലേശ്വരം : നീലേശ്വരത്തിന്റെ നെല്ലറകളിലൊന്നായിരുന്ന നാഗച്ചേരി പാടശേഖരം ഉപ്പുവെള്ളം കയറി നശിക്കുന്നു.
ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ശാശ്വതപരിഹാരമില്ലാതായതോടെ ഇവിടെ നെൽക്കൃഷി അന്യംനിൽക്കുന്ന സ്ഥിതിയാണ്. 100 ഏക്കർ വിസ്തൃതിയുണ്ടായിരുന്ന പാടശേഖരത്തിൽ ഇപ്പോൾ കഷ്ടിച്ച് അഞ്ചേക്കറിൽ മാത്രമാണ് നെൽക്കൃഷിയുള്ളത്. പ്രകൃതിദത്തമായ, ഉറവവറ്റാത്ത നാലുകുളങ്ങൾ പാടത്തുണ്ട്. ഇതിൽ മോട്ടോർസ്ഥാപിച്ചാണ് വേനൽക്കാലത്ത് വിശാലമായ പാടശേഖരം നനച്ചിരുന്നത്. ഫലഭൂയിഷ്ടമായ മണ്ണാണ് ഇവിടെ.
മുൻപ് പാടശേഖരത്തിന്റെ പകുതിയോളം സ്ഥലത്ത് മൂന്നുവിളയും ശേഷിക്കുന്ന ഭാഗത്ത് രണ്ടുവിളയും കൃഷിയിറക്കിയിരുന്നു. ഉപ്പുവെള്ളപ്രശ്നം തുടങ്ങിയതോടെ പരിഹാരത്തിനായി കാത്ത പലരും പതിയെ തെങ്ങുകൃഷിയിലേക്ക് നീങ്ങി.
നീലേശ്വരം പുഴ അതിരിടുന്ന പാടശേഖരത്തിൽ ആറുമുതൽ എട്ടുവർഷത്തോളമായാണ് രൂക്ഷമായി ഉപ്പുവെള്ളം കയറുന്നത്. ഇതോടെ ഒരു കൃഷിയും സാധ്യമല്ലെന്ന നിലയാണിവിടെ. തെങ്ങുകളിൽ കായ്ഫലം കുറഞ്ഞു. ചിലതെല്ലാം കരിഞ്ഞുണങ്ങി. ദീപാവലി വാവ് തുടങ്ങി മഴക്കാലംവരെയും വേലിയേറ്റസമയത്ത് പുഴയിൽനിന്ന് വയലിലേക്ക് വൻതോതിൽ ഉപ്പുവെള്ളം കയറും. പുഴകരകവിഞ്ഞ് ഉപ്പുവെള്ളം പ്രവഹിക്കുന്ന ഭാഗത്ത് പുഴഭിത്തി കെട്ടി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നത് കാലങ്ങളായി കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
ഗ്രാമസഭകളിലും നഗരസഭയായി ഉയർന്നശേഷം വാർഡ് സഭകളിലുമെല്ലാം നിരവധിതവണ വിഷയം ഉന്നയിക്കപ്പെട്ടു. മുൻപ് പ്രൊഫ. കെ.പി. ജയരാജൻ ഇടപെട്ട് ഇപ്പോഴത്തെ നഗരസഭാ ഓഫീസിന്റെ ഭാഗത്ത് കൾവർട്ട് പോലെ പണിതിരുന്നു. ഇത് 60 മീറ്റർ നീട്ടി പണിതിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നു. തുടർന്ന് നഗരസഭയും ജലസേചനവകുപ്പ് അധികൃതരും സ്ഥലസന്ദർശനം നടത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പരിഹാരമായില്ല.
ഉപ്പുവെള്ളം കിണറുകളിലേക്കും
നാലു പതിറ്റാണ്ട് മുൻപും ജലസേചനവകുപ്പ് ഏർപ്പെടുത്തിയ ചെറിയൊരു ക്രോസ്ബാറാണ് ഏറെക്കാലം ഉപ്പുവെള്ളത്തെ നിയന്ത്രിച്ചത്.
പ്രശ്നം രൂക്ഷമായതോടെ സമീപത്തെ പത്തോളം വീട്ടുകിണറുകളിലും ഉപ്പുവെള്ളമെത്തുന്ന സ്ഥിതിയാണ്. പ്രദേശത്തെ ഭൂരിഭാഗം കൃഷിക്കാരുടെ തെങ്ങുകളും ഉത്പാദനം കുറഞ്ഞ് വളർച്ച മുരടിച്ച നിലയിലാണ്. എം. കുഞ്ഞമ്പുവിന്റെ 50 സെന്റിലെ തെങ്ങുകളും കെ. നാരായണന്റെ ഒരേക്കറിലെ തെങ്ങുകളും ഭാഗികമായി നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ ഭൂരിഭാഗം കൃഷിക്കാരുടെ തെങ്ങുകളും ഉത്പാദനം കുറഞ്ഞ് വളർച്ച മുരടിച്ചനിലയാണ്. നഗരസഭയും ജലസേചനവകുപ്പും മുൻകൈയെടുത്ത് എത്രയും വേഗം ഉപ്പുവെള്ളപ്രശ്നം പരിഹരിച്ച് പാടശേഖരം കൃഷിയോഗ്യമാക്കണമെന്ന് പാടശേഖരസമിതി ഭാരവാഹികൾ അഭ്യർഥിച്ചു.