മടക്കര ശുചിത്വ തുറമുഖത്തിലേക്ക്

വാർഫും ലേലപ്പുരയും പരിസരവും ശുചിയാക്കി

ചെറുവത്തൂർ : മീൻപിടിത്ത തുറമുഖത്ത് മീനിന്റെ മണമല്ലാതെ അത്തറ് മണക്കുമോയെന്ന് കളിയാക്കിയവർക്ക് വാർഫും ലേലപ്പുരയും പരിസരവും ശുചിയാക്കി മറുപടി നൽകി. വെള്ളിയാഴ്ച രാവിലെ ആർ.ഡി.ഒ. പി. സുധീപും വിവിധ വകുപ്പ് മേധാവികളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റു ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമെത്തി തുറമുഖം നല്ലനിലയിൽ പ്രവർത്തിക്കുന്നതിന് 10-ഓളം നിർദേശങ്ങൾ നൽകിയിരുന്നു.

അധികൃതരുടെ നിർദേശങ്ങൾ പൂർണമനസ്സോടെയാണ് മത്സ്യക്കച്ചവടക്കാരും ബോട്ട്, വള്ളം ഉടമകളും തൊഴിലാളികളും കൊട്ടവില്പന തൊഴിലാളികളും അനുബന്ധ തൊഴിലാളികളും സ്വീകരിച്ചത്. നിർദേശങ്ങൾ ശനിയാഴ്ചമുതൽ പ്രാബല്യത്തിലാക്കാനാണ് അധികൃതർ നിർദേശിച്ചത്. വെള്ളിയാഴ്ച രാത്രിതന്നെ വാർഫും ലേലപ്പുരുയും പരിസരവും ശുചിയാക്കി. പലയിടങ്ങളിലായി നിരത്തിയിട്ട മീൻപെട്ടികളെല്ലാം മിറ്റിടങ്ങളിലേക്ക് മാറ്റിവെച്ചു.

മീൻ നിലത്തിട്ട് ലേലംവിളിക്കന്ന ശീലം മാറ്റി കൂട്ടകളിലാക്കി. ലേലംവിളി ലേലപ്പരുയിലാക്കി. വാർഫിലും ലേലപ്പരുയിലും ചീഞ്ഞളിഞ്ഞ മത്സ്യാവശിഷ്ടങ്ങളോ മലിനജലമോ എവിടെയും കാണാനില്ല. കഴിഞ്ഞദിവസംവരെ ദുർഗന്ധംപരന്ന് മൂക്ക് പൊത്തേണ്ടിവന്ന ഇടങ്ങളിൽവെച്ച് ശനിയാഴ്ച ഭക്ഷണം കഴിക്കുന്നതിന് പ്രയാസമില്ലാത്തവിധം തുറമുഖത്തെ അന്തരീക്ഷം മാറി.

തുടങ്ങിവെച്ചത് തുടർന്നുപോകണം

:നേരത്തെയുള്ള ചില ശീലങ്ങൾ മാറ്റാൻ ചിലർക്ക് പെട്ടെന്ന് കഴിഞ്ഞെന്നുവരില്ല. അത്തരക്കാരെ ബോധവത്കരിക്കാൻ തുറമുഖമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ തൊഴിലാളി സംഘടനകളും ബോട്ട്, വള്ളം ഉടമകളും ഫിഷ് മർച്ചന്റ്‌സ് അസോസിയേഷനും മുൻകൈയെടുക്കണം.

തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനം വിലയിരുത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വിഭാഗം മേധാവികളും പ്രത്യേകം താത്‌പര്യമെടുക്കണം. ലേലപ്പുരയോടുചേർന്ന് നിർത്തിയിട്ട വലിയ വാഹനങ്ങൾ മാറ്റിയാൽ ശുചീകരണം കൂറെക്കൂടി അർഥപൂർണമാകും.

അധികൃതരുടെ നിർദേശങ്ങൾ എല്ലാവരിലുമെത്തിക്കണം

:വെള്ളിയാഴ്ച രാത്രി ശ്രമകരമായ പ്രവൃത്തിയിലൂടെ ശുചിയാക്കിയ തുറമുഖത്തേക്ക് ശനിയാഴ്ച രാവിലെ അഴുകിയ മീനുമായി ഒരു ബോട്ടെത്തിയത് തുറമുഖത്തുണ്ടായിരുന്ന മുഴുവനാളുകളുടെയും അപ്രീതിക്കിടയാക്കി. ബോട്ട് തുറമുഖത്തേക്ക് അടുക്കുമ്പോൾ ദുർഗന്ധം പരന്നു. വളംനിർമാണ കമ്പനികളിലേക്ക് കയറ്റിയയക്കാനാണ് മീനെത്തിച്ചത്. മത്സ്യക്കച്ചവടക്കാരും തൊഴിലാളികളും ഇത് ആവർത്തിക്കരുതെന്നറിയിച്ചു. ആളൊഴിഞ്ഞ നേരത്ത് മാത്രമെ ഇത്തരം മീൻ കൊണ്ടുവരാവൂ എന്നും മുന്നറിയിപ്പ് നൽകി.