ചെർക്കള ബസ് സ്റ്റാൻഡ് റോഡ് നവീകരണം തുടങ്ങി

ചെർക്കള : പൂർണമായും തകർന്നതിനെ തുടർന്ന് ബസുകൾ കൈയൊഴിഞ്ഞ ചെർക്കള ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് നവീകരണം തുടങ്ങി. പത്ത് മീറ്റർ വീതിയിലും 15 സെന്റീമീറ്റർ കനത്തിൽ കോൺക്രീറ്റ് മിശ്രിതമിട്ട് ബലപ്പെടുത്തി 15 സെന്റീമിറ്റർ കനത്തിലുമാണ് കോൺക്രീറ്റ് ചെയ്യുന്നത്.
നവീകരണ പ്രവൃത്തി ഒന്നര മാസത്തിനകം പൂർത്തിയാകും. ചെർക്കള ടൗണിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള 170 മീറ്റർ റോഡാണ് നവീകരിക്കുന്നത്. ബസ് സ്റ്റാൻഡ് ഉടമയാണ് റോഡ് നവീകരിക്കുന്നത്. ബസ് സ്റ്റാൻഡിൽനിന്ന് ബോവിക്കാനം, ബദിയഡുക്ക ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇറങ്ങിപ്പോകുന്ന ഭാഗത്തേക്കുള്ള റോഡും ഭാഗീകമായി തകർന്നുകിടക്കുന്ന നിലയിലാണ്. പൊതുമരാമത്ത് വകുപ്പാണ് ഇത് നവീകരിക്കേണ്ടത്.
നാടിന്റെ വികസനവും യാത്രക്കാരുടെ സൗകര്യവും ലക്ഷ്യമിട്ട് പണിത ചെർക്കള ബസ് സ്റ്റാന്റ് നോക്കുകുത്തിയായി തുടരുമ്പോഴും അധികൃതർ കണ്ണടക്കുകയായിരുന്നു.ഇത് സംബന്ധിച്ച് മാതൃഭൂമി പലതവണ വാർത്ത നൽകിയിട്ടുണ്ട്.
ബസുകൾ സ്റ്റാൻഡിൽ കയറാതെവന്നതോടെ ബദിയഡുക്ക, കുറ്റിക്കോൽ,മുള്ളേരിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെ സമയം ബസ് കാത്ത് റോഡരികിൽ നിൽക്കേണ്ടി വന്നിരുന്നു. ശുചിമുറികൾ പോലുമില്ലാത്തിടത്ത് ഏറെ സമയം കാത്തുനിൽക്കേണ്ടിവരുന്നത് യാത്രക്കാരിൽ കടുത്ത പ്രയാസവും പ്രതിഷേധവുമുണ്ടാക്കിയിരുന്നു.
ചെർക്കളം അബ്ദുള്ള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കെ 2007ലാണ് ബി.ഒ.ടി. അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തന്നെ ആദ്യമായി എല്ലാവിധ സൗകര്യങ്ങളോടും കൂടി ചെർക്കളയിൽ ബസ് സ്റ്റാൻഡ് പണിതത്. ബസ് സ്റ്റാൻഡിൽ മാത്രം മുപ്പതോളം കടമുറികളുണ്ട്. കടമുറികൾക്ക് ഭീമമായ വാടകയാണ് നൽകിവരുന്നത്. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഇവിടെ വ്യാപാരം നടത്തുന്നത്. ബസുകൾ സ്റ്റാന്റിൽ കയറാതെ വന്നതൊടെ വ്യാപാരവും പൂർണമായും നിലച്ച നിലയിലാണ്. വാടക നൽകാൻ പോലും വ്യാപാരികൾക്ക് കഴിഞ്ഞിരുന്നില്ല.
ചെർക്കള മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്റ്റാന്റിലേക്ക് കയറാത്ത ബസുകൾ പലതവണ തടഞ്ഞിരുന്നു. കളക്ടർക്കും ബന്ധപ്പെട്ടവർക്കും ഇതുസംബന്ധിച്ച് വ്യാപാരികൾ നിവേദനം നൽകിയിരുന്നു. സ്റ്റാൻഡിൽ കയറാതെ സർവ്വീസ് നടത്തുന്ന ബസുകൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ. ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയിരുന്നു. എന്നാൽ റോഡ് ഗതാഗത യോഗ്യമാക്കിയാൽ മാത്രമേ ബസുകൾ കയറ്റാൻ കഴിയുവെന്ന നിലപാടിലായിരുന്നു ബസ് ഉടമകളും തൊഴിലാളികളും.