കരിപ്പോടി തിരൂർ മുച്ചിലോട്ട് പെരുങ്കാളിയാട്ടം: കൂട്ടയോട്ടം നടത്തി

പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രചാരണാർഥം ജില്ലാതല കൂട്ടയോട്ട മത്സരം നടത്തി. ഉദുമയിൽ ബേക്കൽ പോലീസ് എസ്.എച്ച്.ഒ. റോഷിത് ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ ബാര അധ്യക്ഷനായി.

ക്ഷേത്രഭരണസമിതി, ആഘോഷ കമ്മിറ്റി, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, സബ് ഇൻസ്‌പെക്ടർ പ്രിൻസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു. ഉദുമയിൽനിന്നും 11.5 കിലോമീറ്റർ താണ്ടി കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തിൽ സമാപിച്ചു.

ഇന്ത്യൻ ആർമി താരമായ പാലാവയലിലെ അമൽ ലിൻസൺ ഒന്നാമനായി. കാടകത്തെ പ്രജീഷ് രണ്ടും പരപ്പയിലെ അഭിഷേക് ബാബു മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ദുമോൾ (നീലേശ്വരം), ദേവജ് (പൊയിനാച്ചി), ദേവാങ് (ആറാട്ടുകടവ്) എന്നിവർക്കാണ് പ്രോത്സാഹന സമ്മാനങ്ങൾ. പങ്കെടുത്ത മുഴുവൻ പേർക്കും പെരുങ്കളിയാട്ട കമ്മിറ്റിവക ഉപഹാരവും നൽകി.