സംഘപരിവാർ കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമത്തിൽ -പിണറായി വിജയൻ

ചെറുവത്തൂർ : മാനവീകാലയമായ കേരളത്തെ സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയമാക്കാനുള്ള ബോധപൂർവശ്രമത്തിലാണ് സംഘപരിവാർ ശക്തികളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സമത്വിക’: സാമൂഹിക നീതിക്കായി സ്ത്രീ ശക്തി വനിതാ കൂട്ടായ്മ ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തിവരുന്നത്. ഇതിൽ വ്യത്യസ്തമായി പഴയകാല ദുരവസ്ഥയാണ് നിലനിൽക്കേണ്ടതെന്ന് ആഗ്രഹിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ബി.ജെ.പി. മറ്റ് രാഷ്ട്രീയ പാർട്ടികളെപോലെയല്ല. സ്വാതന്ത്ര സമരത്തെ പിന്നിൽനിന്ന് കുത്തിയ ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണിവർ. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും പോകേണ്ടന്നാണ് ആർ.എസ്.എസ്. ആഗ്രഹിച്ചത്. സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായ യുവാക്കളോട് ആരോഗ്യം കളയേണ്ട എന്നായിരുന്നു ഉപദേശം. നമ്മുടെ രാജ്യത്ത് ജനാധിപത്യം പൂർണമായി നിഷേധിക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
ടി.കെ. ചന്ദ്രമ്മ അധ്യക്ഷത വഹിച്ചു. ന്യൂഡൽഹിയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കെ.സി. പ്രീതയെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.കെ. സൈനബ, സി.പി.എം. ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, പി. ജനാർദനൻ, മഹിളാ അസോസിയേഷൻ സംസ്ഥാന, ജില്ലാ നേതാക്കളായ ഇ. പദ്മാവതി, എം. സുമതി, ബേബി ബാലകൃഷ്ണൻ, പി.സി. സുബൈദ, ഓമന രാമചന്ദ്രൻ, പി. പദ്മിനി എന്നിവർ സംസാരിച്ചു.