വോട്ട് കട്ടവരുണ്ടെങ്കിൽ രാജിവെച്ച് പുറത്ത് പോകണം- ജിഫ്രി തങ്ങൾ

കാസർകോട് : രാജ്യത്തെ പൗരൻമാരുടെ വോട്ടുകൾ കട്ടവർ ഉണ്ടെങ്കിൽ അതിന് കാരണക്കാരായവർ രാജി വെച്ച് പുറത്ത് പോകണമെന്നു സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ലക്ഷ്യം വെച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. ഈ കാര്യം സമസ്ത മുശാവറയിൽ പ്രമേയം പാസാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യമാണ് വലുത്. ഇന്ത്യയിൽ ജനാധിപത്യവും മതസൗഹാർദ്ദവും കാത്തു സൂക്ഷിക്കണം. മതസൗഹാർദ്ദവും മനുഷ്യസ്നേഹവും ഐക്യവും എന്നെന്നും നിലനിൽക്കണം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്‌റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, എൻ.എ. നെല്ലിക്കുന്ന്, സമസ്ത ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങൾ മദനി, അബ്ദുൾ മജീദ് ബാഖവി, അബ്ബാസ് ഫൈസി, സത്താർ പന്തലൂർ, ഒ.പി.എം. അഷ്‌റഫ്, താജുദ്ദീൻ ദാരിമി, ഇർഷാദ് ഹുദവി, സഈദ് അസ്അദി, സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥി-യുവജന റാലി നടത്തി. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പി.വി. അബ്ദുൾ സലാം ദാരിമി പതാക കൈമാറി. അബ്ദുള്ള ഫൈസി പ്രാർഥന നടത്തി.