ബ്രെയിൽ ലിപിയിലൂടെ അക്ഷരവെളിച്ചം നേടി 15 പേർ

കാസർകോട് : കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായി സാക്ഷരതാമിഷൻ നടപ്പാക്കിയ ദീപ്തി ബ്രെയിൽ ലിറ്ററസി പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരീക്ഷയെഴുതിയ 15 പേരും വിജയിച്ചു. ജില്ലാപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ജില്ലയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ 47 പഠിതാക്കളിൽ 20 പേർ ക്ലാസുകളിൽ പങ്കെടുത്തു. ഇതിൽ 15 പേരാണ് പരീക്ഷയെഴുതി വിജയിച്ചത്. വിജയികൾക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സർട്ടിഫിക്കറ്റ് നൽകി.
സംസ്ഥാന സാക്ഷരതാമിഷൻ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 1.32 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പഠിതാക്കളുടെ യാത്രപ്പടി, ഭക്ഷണം എന്നിവയ്ക്കാണ് തുക വിനിയോഗിച്ചത്. പദ്ധതി തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.കെ.സോയ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ, അംഗങ്ങളായ കെ.സബീഷ്, ടി.വി.രാധിക, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കെ.എഫ്.ബി. ജില്ലാ സെക്രട്ടറി സി.എച്ച്.നാരായണൻ, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം പ്രതിനിധികളായ സതീശൻ, ഉമേശൻ, ബ്രെയിൽ അധ്യാപകൻ പി.എൻ.തമ്പാൻ, ജില്ലാ സാക്ഷരതാമിഷൻ കോഡിനേറ്റർ കെ.വി.രതീഷ് എന്നിവർ സംസാരിച്ചു.