കോട്ടപ്പുറം പുരവഞ്ചി ടെർമിനലിൽ കളക്ടറുടെ മിന്നൽസന്ദർശനം

നീലേശ്വരം : കോട്ടപ്പുറത്തെ പുരവഞ്ചി ടെർമിനലിൽ കളക്ടർ ശ്രീധന്യ സുരേഷ് മിന്നൽ സന്ദർശനം നടത്തി. ബുധനാഴ്ച വൈകിട്ടാണ് കളക്ടർ ഇവിടെയെത്തിയത്. ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് കളക്ടർ ടെർമിനൽ സന്ദർശിക്കുന്നത്. നിലവിൽ ബി.ആർ.ഡി.സി.ക്ക് കൈമാറിയിരിക്കുന്ന ടെർമിനൽ മാറാല പിടിച്ച് മലിനമായി കിടക്കുന്ന കാര്യം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് കളക്ടറെത്തിയത്. സന്ദർശന വിവരം അറിഞ്ഞ് ബി.ആർ.ഡി.സി. ജനറൽ മാനേജർ കെ.എം. രവീന്ദ്രൻ, മാനേജർ എം. രജിത എന്നിവരും സ്ഥലത്തെത്തിയിരുന്നു. ടെർമിനൽ കുറ്റമറ്റ രീതിയിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കളക്ടർ ഇരുവരോടും ഊന്നിപ്പറഞ്ഞു. ഉള്ള സൗകര്യങ്ങൾ ഭംഗിയായി പരിപാലിച്ചും ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ടെർമിനലിലെ പൂർണ തോതിൽ ഉപയോഗപ്പെടുത്തുന്നതിലേക്കും കളക്ടർ വിരൽചൂണ്ടി. നടത്തിപ്പ് ടെൻഡർ നൽകുന്നതിൽ കടുത്ത ഉപാധികൾവെക്കുന്നതിലെ അനൗചിത്യം കളക്ടർ ചൂണ്ടിക്കാട്ടി. ഇത് ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷരായ ഷമീന മുഹമ്മദ്, ഇ. ചന്ദ്രമതി, വാർഡ് കൗൺസിലർ സൗദ അഞ്ചില്ലത്ത്, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി മുൻ അധ്യക്ഷൻ ഷംസുദ്ദീൻ അരിഞ്ചിറ, ചെറുവത്തൂർ പഞ്ചായത്ത് മുൻ അംഗം വിനോദ് അച്ചാംതുരുത്തി എന്നിവരും സ്ഥലത്തെത്തി.