നടപ്പാക്കുന്നത് ഹ്രസ്വ, ദീർഘകാല പദ്ധതികൾ; മൂന്നാംകടവിനെ അപകടമുക്തമാക്കാൻ നടപടി

തീരുമാനം എം.പി.യും എം.എൽ.എ.യും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ
പെരിയ : മൂന്നാംകടവ് റോഡ് ശാശ്വതമായി അപകടരഹിതമാക്കാനുള്ള പദ്ധതികൾ നടപ്പാക്കാൻ തീരുമാനം. ഇതിനായി പുതിയ ഡിസൈൻ തയ്യാറാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും വരെ താത്കാലിക സുരക്ഷാക്രമീകരണങ്ങളേർപ്പെടുത്താനും ധാരണയായി.
ശനിയാഴ്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി., കെ. നീലകണ്ഠൻ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ പൊതുമരാമത്തുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കർമസമിതി ഭാരവാഹികളുമുൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
മൂന്നാംകടവ് റോഡിലെ നിലയ്ക്കാത്ത അപകടങ്ങളെക്കുറിച്ചും പ്രശ്നപരിഹാരത്തിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും മാതൃഭൂമി തുടർച്ചയായി വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെ കെ. നീലകണ്ഠൻ എം.എൽ.എ. ഇടപെട്ടതിനെത്തുടർന്നാണിപ്പോൾ നടപടിയുണ്ടായത്. മൂന്നാംകടവിൽ എത്തിയ എം.പി.യും എം.എൽ.എ.യും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നാട്ടുകാരുമായി പ്രശ്നം ചർച്ചചെയ്തു. സ്ഥലം വിട്ടുനൽകിയിട്ടും അലൈൻമെന്റ് മാറിയ വിഷയം ഭൂവുടമകൾ ഉന്നയിച്ചു. തുടർച്ചയായി നടക്കുന്ന അപകടങ്ങളുടെ നേർചിത്രം കർമസമിതി കൺവീനർ ഫസൽ മൂന്നാം കടവ് യോഗത്തിൽ വിവരിച്ചു.
പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ ഷാജി തയ്യിൽ റോഡിന്റെയും പാലത്തിന്റെയും നിലവിലുള്ള അവസ്ഥ വിശദീകരിച്ചു. അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ 2024-ൽ പൊതുമരാമത്ത് വിഭാഗം ഇതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
നിലവിലുള്ള റോഡിന് സുരക്ഷാനടപടികൾ ഒരുക്കുന്നതുകൊണ്ട് അപകടങ്ങൾ പൂർണമായി ഒഴിവാകില്ലെന്ന് റിപ്പോർട്ടിലുണ്ട്. പുതിയ റോഡ് നിർമിക്കുകയാണ് ശാശ്വതമായ പരിഹാരമെന്നും ഇതിലുള്ളതായി അദ്ദേഹം പറഞ്ഞു.
മൂന്നാംകടവിലെത്തിയ എം.പി., എം.എൽ.എ. എന്നിവരെ കണ്ട് സങ്കടങ്ങളും പരാതികളും പറയാൻ നാട്ടുകാരുമെത്തിയിരുന്നു. നാട് ദുരന്തഭൂമിയാക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് അവർ ഒന്നടങ്കം ജനപ്രതികളോടാവശ്യപ്പെട്ടു. മൂന്നാംകടവ് പാലത്തിനു സമീപം ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, പഞ്ചായത്തംഗം കാർത്ത്യായനി, കർമസമിതി കൺവീനർ ഫസൽ മൂന്നാംകടവ് എന്നിവർ സംസാരിച്ചു. തുടർന്ന് എം.പി.യും എം.എൽ.എ.യും അപകടം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. നേതാക്കളായ ഗോവിന്ദൻ നായർ, സി. രാജൻ പെരിയ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.ആർ. കാർത്തികേയൻ, മുസ്തഫ പാറപ്പള്ളി, രാജൻ അരീക്കര, പഞ്ചായത്ത് അംഗം രതീഷ് കാട്ടുമാടം, ഭാസ്കരൻ ചാലിങ്കാൽ എന്നിവരും കൂടെയുണ്ടായിരുന്നു.