പ്രതിഷേധത്തിനുപിന്നിൽ അജൻഡകൾ -ഗവർണർ

കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ

കാസർകോട് : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടന സമ്മേളനത്തിനിടെയുണ്ടായ പ്രതിഷേധത്തിനുപിന്നിൽ വ്യക്തമായ അജൻഡകളുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ദേശീയ സെമിനാറിന്റെ സമാപനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വന്ദേമാതരത്തെ എതിർക്കാൻ താത്പര്യമുള്ളവരുണ്ട്. ഇവർ ആരാണെന്നും ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്താണെന്നും മനസ്സിലാക്കണം. ഉദ്ഘാടന സമ്മേളനത്തിനിടെ സർവകലാശാലയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. അതിനു മറ്റുപല സംവിധാനങ്ങളുമായും പരിപാടികളുമായും ബന്ധമുണ്ട്. വിദ്യാർഥികൾ വന്ദേമാതരത്തിനെതിരേ അണിനിരക്കുന്നതിനെ, അത്രമാത്രമായി കരുതാൻ കഴിയില്ല.

വന്ദേമാതരം ദേശീയബോധത്തിന്റെ പ്രതീകവും ഭാരതത്തിന്റെ അഭിമാനവുമാണ്. സ്വാതന്ത്ര്യസമരത്തിൽ ദേശസ്നേഹവും ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുന്നതിൽ വന്ദേമാതരം പ്രധാന പങ്കുവഹിച്ചു. വന്ദേമാതരം സംബന്ധിച്ച ചർച്ചാസെമിനാർ ഹാളിന്റെയോ ലൈബ്രറിയുടെയോ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങരുത്. രാജ്യത്തിന്റെ സ്ഥാപനങ്ങളെയും പാരമ്പര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണം -അദ്ദേഹം പറഞ്ഞു.

അഖിലഭാരതീയ സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പവൻപുത്ര ബാദൽ അധ്യക്ഷനായി. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി കൺവീനർ കെ.പി.രാമനുണ്ണി സമാപനസന്ദേശം നൽകി.

കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രൊഫ. സുനൈന സിങ്, കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി.അൽഗുർ, കേന്ദ്ര സാഹിത്യ അക്കാദമി ഇംഗ്ലീഷ് വിഭാഗം എഡിറ്റർ സ്നേഹ ചൗധരി തുടങ്ങിയവർ സംസാരിച്ചു. രണ്ട് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവും നടന്നു.